യാത്ര പോകാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ ഒട്ടനവധി പേരുണ്ട്. അതിൽ ചിലർക്കു മാത്രമേ ആ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. പലപ്പോഴും യാത്ര ചെയ്യാൻ വിചാരിച്ചാലും സുരക്ഷയെക്കുറിച്ച് ആലോചിക്കുന്പോൾ പലരും വേണ്ടെന്നവയ്ക്കും. എന്നാൽ ഇനി സുരക്ഷയെക്കുറിച്ചോർത്ത് യാത്ര ഉപേക്ഷിക്കേണ്ട. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി എസ്‌കേപ്’ എന്ന പേരില്‍ യാത്രകള്‍ ഒരുക്കുന്ന കൊച്ചിക്കാരിയായ ഇന്ദു.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് ‘എസ്‌കേപ്’ എന്ന സംരംഭത്തിലേക്ക് ഇന്ദു എത്തിയത്. കേരളത്തിൽ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സഹയാത്രികയാവുകയാണ് ഇന്ദു.

escape, travel

‘പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നല്ല യാത്രകൾ ഒരുക്കി കൊടുക്കുകയാണ് ലക്ഷ്യം. യാത്രകള്‍ ഓരോന്നും ഓരോ അനുഭവങ്ങളാണ്. എല്ലാ വിഷമങ്ങളും മറക്കാന്‍ അവ സഹായിക്കും. ഒരു വര്‍ഷമായി പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഇതിനോടകം പത്തോളം യാത്രകള്‍ പൂര്‍ത്തിയാക്കി’ -ഇന്ദു പറഞ്ഞു.

2015 സെപ്റ്റംബറിലായിരുന്നു എസ്‌കേപ്പിന്റെ തുടക്കം. മാാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ വെബ്‌സൈറ്റ് ആരംഭിച്ചു. പിന്നീട് ഫെയ്സ്ബുക്ക് പേജും തുടങ്ങി. ഇതിനുശേഷം യാത്രകള്‍ക്ക് കൂടുതല്‍ പേരെത്തിയെന്ന് ഇന്ദു പറയുന്നു. കേരളത്തില്‍ മാത്രമാണ് ഇതുവരെ യാത്രകള്‍ നടത്തിയത്. യാത്ര പോകുന്നവരുടെ സുരക്ഷ മുന്‍കരുതി യാത്രയ്ക്ക് മുന്‍പ് തന്നെ ആ സ്ഥലത്ത് പോയി എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തും. അധികം അറിയപ്പെടാത്ത കേരളത്തിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളിലേക്കാണ് എല്ലായ്‌പ്പോഴും യാത്ര പോകുന്നത്.

escape, travel

ഇടുക്കിയിലേക്കുള്ള യാത്രയില്‍ പങ്കെടുത്ത പെരിന്തല്‍മണ്ണ സ്വദേശിനി ലക്ഷ്മിയ്ക്ക് സ്ത്രീകള്‍ മാത്രമായുള്ള യാത്ര ആദ്യത്തെ അനുഭവമായിരുന്നു. ‘ഇതുവരെയുണ്ടായിരുന്ന എല്ലാ യാത്രകളും പുരുഷന്മാരാണ് പ്ലാന്‍ ചെയ്യാറ്. അതിനൊപ്പം പോവുക, ആസ്വദിക്കുക, തിരിച്ചുവരിക ഇതു മാത്രമായിരുന്നു ജോലി. സ്‌കൂളില്‍ നിന്നും കുടുംബത്തോടൊപ്പവുമെല്ലാം യാത്ര പോകുമ്പോള്‍ പല കാര്യങ്ങളും ചെയ്യരുതെന്ന വിലക്കുകള്‍ ഉണ്ടാവാറുണ്ട്. ഈ യാത്രയില്‍ ഇത്തരം വിലക്കുകള്‍ ഉണ്ടായില്ല. പുതിയൊരു കൂട്ടത്തില്‍ ചെന്നപ്പോൾ പെട്ടെന്ന് അതിലൊരാളായി മാറാന്‍ കഴിഞ്ഞത് വളരെയധികം സന്തോഷമുണ്ടാക്കി.’ ലക്ഷ്മി പറഞ്ഞു.
escape, travel

വൈക്കം സ്വദേശിനിയും സിബിഎസ്ഇ സ്‌കൂള്‍ അധ്യാപികയുമായ സുനിത ഒന്നിലധികം തവണ എസ്‌കേപ്പിന്റെ യാത്രകളില്‍ പങ്കെടുത്തിട്ടുണ്ട്. ‘സ്ത്രീകള്‍ മാത്രമായി യാത്ര പോയത് ആദ്യത്തെ അനുഭവമായിരുന്നു. അവധിക്കാലങ്ങളില്‍ കുടുംബത്തോടൊപ്പം യാത്ര പോകുമ്പോള്‍ കുട്ടികളെയായിരിക്കും എപ്പോഴും ശ്രദ്ധിക്കുക. യാത്ര ആസ്വദിക്കാൻ കഴിയാറില്ല. എന്നാല്‍ എസ്‌കേപ്പിന്റെ യാത്രകള്‍ പരമാവധി ആസ്വദിക്കാനായി. ഇലവീഴാ പൂഞ്ചിറയില്‍ പോയപ്പോള്‍ രാത്രി പാറപ്പുറത്ത് ആകാശം നോക്കി കിടന്നത് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് സുനിത പറഞ്ഞു.
escape, travel
യാത്രയുടെ സ്വഭാവം അനുസരിച്ചാണ് ഓരോ തവണയും നിരക്ക് നിശ്ചയിക്കുന്നത്. മിക്കപ്പോഴും ഭക്ഷണം കഴിക്കാന്‍ നല്ല ഇടങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നല്ലാതെ ഭക്ഷണത്തിന്റെ തുക യാത്രയുടെ നിരക്കില്‍ ഉള്‍പ്പെടുത്താറില്ല. താമസം, യാത്ര, ഗൈഡ് തുടങ്ങിയവയാണ് യാത്രയുടെ നിരക്കില്‍ ഉള്‍ക്കൊള്ളിക്കുന്നത്. കണ്ണൂര്‍, വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്കാണ് ഇതുവരെ യാത്രകള്‍ പോയിട്ടുള്ളത്. എസ്‌കേപ്പിന്റെ മാത്രമായ ചില സീക്രട്ട് സ്ഥലങ്ങളിലേക്കും യാത്രയില്‍ എത്തിക്കുമെന്ന് പറയുമ്പോള്‍ ഇന്ദുവിന്റെ മുഖത്ത് കള്ളച്ചിരി.

ഒരു മാസം രണ്ട് യാത്രകള്‍ വരെ പോകാറുണ്ട്. വളരെ കുറച്ച് ആള്‍ക്കാര്‍, തമ്മില്‍ പരിചയമില്ലാത്തവര്‍ എല്ലാം യാത്രയുടെ ഇമ്പം കൂട്ടുന്നുവെന്ന് ഇന്ദു പറയുന്നു. ഓരോ യാത്ര പോകുമ്പോഴും മുന്‍പ് വന്നവരെയെല്ലാം അറിയിക്കും. നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരാണ് ഇതുവരെ യാത്രയില്‍ പങ്കാളികളായത്. ഓരോ യാത്രയുടെയും അവസാനം വാങ്ങിക്കുന്ന ഫീഡ്ബാക്ക് ഫോമില്‍ പോകാനാഗ്രഹിക്കുന്ന സ്ഥലം ഏതെന്ന് ചോദിക്കാറുണ്ട്. ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത് ഗോവയാണ്. കേരളത്തിന് പുറത്ത ആദ്യ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ‘എസ്‌കേപ്’.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ