സ്വവര്‍ഗ പ്രണയം തുറന്നു പറഞ്ഞ ഇന്ത്യന്‍ അത്‍ലറ്റ്‍ ദ്യുതി ചന്ദിനെ പ്രശംസിച്ച് ലോകപ്രശസ്‍തയായ അമേരിക്കന്‍ ടെലിവിഷന്‍ താരം എലന്‍ ഡിജെനറസ്. “നൂറ് മീറ്ററില്‍ ഒരു റെക്കോഡ് ജേതാവാണ് ഇവര്‍, ഇന്ത്യയിലെ കായികതാരങ്ങള്‍ക്ക് ഇടയിലെ ആദ്യത്തെ ഗേ താരവും ദ്യുതിയാണ്. ആദ്യത്തെയാള്‍ എന്നതിനെക്കുറിച്ച് അവള്‍ക്ക് അറിയാം എന്ന് ഞാന്‍ കരുതുന്നു. അവളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്” എലന്‍ ട്വീറ്റ് ചെയ്‍തു.

അമേരിക്കന്‍ ടെലിവിഷനിലെ പ്രശസ്‍തമായ ടോക് ഷോ അവതാരകയും കൊമേഡിയനും ആണ് എലന്‍. 1997ല്‍ താന്‍ സ്വവര്‍ഗ അനുരാഗിയാണെന്ന് വെളിപ്പെടുത്തി ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് വന്ന എലന്‍ പിന്നീട് വിവാഹവും കഴിച്ചു. തുല്യതയ്‍ക്ക് വേണ്ടിയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എലന്‍ ഉണ്ട്. 2008 ഓഗസ്റ്റ് 16-ന് അഭിനേത്രിയും മോഡലുമായ പോർഷ്യ ഡി റോസിയെ വിവാഹം ചെയ്തു. ലോസ് ആഞ്ചലസിലെ ബെവർലി ഹിൽസിൽ താമസിക്കുന്നു.

സമുഹത്തിന്റെ പല കോണില്‍ നിന്നും ദ്യുതിയുടെ തുറന്നു പറച്ചിലിന് അഭിനന്ദവും പിന്തുണയും ലഭിക്കുമ്പോള്‍ ഭീഷണിയുയരുന്നത് സ്വന്തം വീട്ടില്‍ നിന്നുമാണ്. ദ്യുതിയുടെ മൂത്ത സഹോദരിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

തന്നെ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ജയിലിലടയ്ക്കുമെന്നും സഹോദരി ഭീഷണിപ്പെടുത്തിയതായി ദ്യുതി വെളിപ്പെടുത്തി.”എന്റെ വീട്ടിലെ അധികാരം മൂത്ത ചേച്ചിയ്ക്കാണ്. ഭാര്യയെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന് സഹോദരനെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട് അവര്‍. എനിക്കും അതു തന്നെ സംഭവിക്കുമെന്നാണ് ഭീഷണി. പക്ഷെ എനിക്ക് എന്റെ വ്യക്തി സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് എന്റെ തീരുമാനവുമായി മുന്നോട്ട് പോകാനും ലോകത്തോട് വിളിച്ചു പറയാനും തീരുമാനിക്കുകയുമായിരുന്നു” ദ്യുതി പറയുന്നു.

”എന്റെ പങ്കാളിയുടെ നോട്ടം എന്റെ സ്വത്തിലാണെന്നാണ് സഹോദരി കരുതുന്നത്. ഈ ബന്ധം തുടര്‍ന്നാല്‍ എന്നെ ജയിലിലടയ്ക്കുമെന്ന് വരെ പറഞ്ഞിട്ടുണ്ട്” താരം കൂട്ടിച്ചേര്‍ത്തു. 100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതി ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് അവര്‍ വെളിപ്പെടുത്തിയത്. ആരാണ് പെണ്‍കുട്ടിയെന്ന് 23കാരിയായ ദ്യുതി വെളിപ്പെടുത്തിയില്ല.

എല്ലാവരുടേയും ശ്രദ്ധ അനാവശ്യമായി അവരുടെ നേരെ തിരിയാതിരിക്കാനാണ് താന്‍ പേര് വെളിപ്പെടുത്താത്തതെന്ന് ദ്യുതി വ്യക്തമാക്കി. ഒറീസ സ്വദേശിനിയായ ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്.
‘എന്റെ ആത്മസഖിയെ ഞാന്‍ കണ്ടെത്തി. എല്ലാവര്‍ക്കും അവര്‍ തീരുമാനിക്കുന്നവര്‍ക്കൊപ്പം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സ്വവര്‍ഗപ്രണയമുളളവരുടെ അവകാശങ്ങളെ ഞാനെന്നും പിന്തുണച്ചിട്ടുണ്ട്. അത് ഓരോരുത്തരുടേയും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിക്കും,’ ദ്യുതി വെളിപ്പെടുത്തി.

‘സ്വവര്‍ഗ പ്രണയം തന്റെ തെരഞ്ഞെടുപ്പാണെന്നും ആര്‍ക്കും അത് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും ദ്യുതി പറഞ്ഞു. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവര്‍ക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അധികാരമുണ്ട്. പ്രണയത്തേക്കാള്‍ വലിയൊരു വൈകാരിക അനുഭവമില്ല. ഇത് തുറന്നു പറയുന്നതിനും തനിക്ക് മടിയില്ല. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധിയാണ് തനിക്ക് ഇത് തുറന്ന് പറയാന്‍ ധൈര്യം നല്‍കിയതെന്നും എല്ലാവരും അവരുടെ ഇഷ്ടത്തിനായി നില കൊളളണമെന്നും ദ്യുതി വ്യക്തമാക്കി.

ഏകദേശം 25 ഓളം വിദേശ രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായ ട്രാന്‍സ്ജന്‍ഡറുകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പെടെയുള്ള ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ലിംഗമോ ലൈംഗിക പ്രത്യേകതയോ ഒരു തടസ്സമാകാതെ നിയമപരമായി ഇഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യാവുന്നതാണ്. ഇതിനെ ‘വിവാഹസമത്വം ‘എന്ന് വിളിക്കുന്നു. ഇവരില്‍ ചിലര്‍ കുട്ടികളെ ദത്തെടുക്കുകയും മറ്റു ചിലര്‍ വാടക ഗര്‍ഭപാത്രം വഴി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തു സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. നെതര്‍ലാന്‍ഡ് ആണ് ജനങ്ങള്‍ കൂടുതല്‍ സന്തോഷകരമായി ജീവിക്കുന്നതിനു ആദ്യമായി വിവാഹസമത്വം അനുവദിച്ചത്. പല പുകഴ്പെറ്റ മുന്‍നിര വികസിത രാഷ്ട്രങ്ങളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ഇഷ്ടപ്രകാരം ഇണകളെ തിരഞ്ഞെടുക്കാന്‍ നിയമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ചില ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് വിവാഹസമത്വം അനുവദിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook