ഡിഡാം: 65 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ദയാവധത്തിലൂടെ നിക്കും ട്രീസും ഒരുമിച്ച് യാത്രയായി. ഒരാളുടെ മരണത്തിനു ശേഷം തനിച്ചുജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഈ ദമ്പതികള്‍ ദയാവധം തെരഞ്ഞെടുത്തത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് 91വയസുള്ള ഇവർ ദയാവധം അനുവദിക്കാന്‍ അപേക്ഷിച്ചത്. നിക്കിന് പക്ഷാഘാതവും ട്രീസിന് ഡിമന്‍ഷ്യയും ബാധിച്ചിരുന്നു.
കിഴക്കന്‍ നെതര്‍ലന്‍ഡിലെ ഡിഡാം നഗരത്തിലായിരുന്നു നിക്കിന്റെയും ട്രീസിന്റെയും താമസം. 2012 ല്‍ നിക്കിന് പക്ഷാഘാതം വന്നിരുന്നു. ട്രീസിന് ഡിമന്‍ഷ്യയും അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇരട്ടദയാവധം നിയമാനുസൃതമായ രാജ്യമായതിനാല്‍ ഇവരുടെ ആഗ്രഹം അംഗീകരിക്കപ്പെട്ടു.
നിക്കും ട്രീസും പരസ്പരം ചുംബിച്ച ശേഷം ശാന്തമായ മനസ്സോടെ മരണത്തെ പുല്‍കി. ‘ഒരുമിച്ചു മരിക്കുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം’- നിക്കിന്റെയും ട്രീസിന്റെയും മകള്‍ പറയുന്നു. ദയാവധം നിയമാനുസൃതമാക്കിയ ആദ്യ രാജ്യം കൂടിയാണ് നെതര്‍ലന്‍ഡ്.