Eid-Ul-Fitr 2023 Moon Sighting Time: ഒരു മാസം നീണ്ടുനിന്ന വ്രതമനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇസ്‌ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസത്തിന്റെ പേരാണ് റമസാന്‍ അഥവ റമദാന്‍. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്‌ലിങ്ങള്‍ ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്ർ ആഘോഷിക്കുന്നത്.
റമദാന്‍ മാസത്തില്‍ 28, 29 തീയതികളില്‍ ചന്ദ്രനെ എപ്പോൾ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തീയതി തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ പെരുന്നാള്‍ ആഘോഷിക്കുന്ന തീയതിയും സമയവും എല്ലാ രാജ്യങ്ങളിലും വ്യത്യസ്തമാണ്. റമദാ൯ 29 ന് ചന്ദ്ര൯ പ്രത്യക്ഷപ്പെട്ടാൽ അടുത്ത ദിവസം ശവ്വാൽ ഒന്നാം തീയതിയായി പ്രഖ്യാപിക്കുകയും അതേ ദിവസം പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം റമദാ൯ മുപ്പത് ദിവസം പൂർത്തീകരിച്ച് തൊട്ടടുത്ത ദിവസമാണ് വിശേഷ ദിവസമായി ആചരിക്കുക.
ഇത്തവണ കേരളത്തിൽ ഏപ്രിൽ 21 നാണ് ഈദുൽ ഫിത്‌ർ അവധിയായി നൽകിയിട്ടുള്ളത്. എന്നാൽ, മാസപ്പിറവി കാണുന്നതിന് അനുസരിച്ച് തീയതിയിൽ മാറ്റം വരാം. കശ്മീരിൽ ഏപ്രിൽ 22 നാണ് ഈദുൽ ഫിത്‌ർ ആഘോഷം. അതേസമയം, പെരുന്നാൾ (ഈദുൽ ഫിത്ർ) ഇൗ മാസം 22ന് ആകാൻ സാധ്യതയെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചത്.
ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നതിന് മതപരമായി വിലക്കുണ്ട്. അന്ന് ആഘോഷത്തിന്റെ ദിനമാണ്. ഫിത്ർ സകാത്ത് (റമദാൻ വ്രതം കഴിഞ്ഞാൽ വിശ്വാസികളിൽ നിർബന്ധമാക്കപ്പെട്ട ദാനം) ഇല്ലാത്തവന് ഭക്ഷണത്തിനുള്ള ധാന്യമാണ് സകാത്തായി നൽകേണ്ടത്. ഫിത്ർ സക്കാത്തിന്റെ അവകാശികൾ ആരൊക്കെയെന്നും കൃത്യമായി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. അർഹരിലെത്തിയാലേ സകാത് സ്വീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്
പെരുന്നാളിന്റെ മറ്റൊരു പ്രധാന ആഘോഷവും ആരാധനയുമാണ് പെരുന്നാൾ നമസ്കാരം. ഫജർ നമസ്കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും.നമസ്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി. അതിഥികളെ സ്വീകരിക്കാൻ ആതിഥേയർ മധുരവും ഭക്ഷണവുമൊരുക്കി കാത്ത് നിൽക്കുന്നതും പതിവ് കാഴ്‌ചയാണ്.