Eid Ul Fitr 2022 Date Kerala: കോഴിക്കോട്: റമദാൻ വ്രതം പൂർത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കും. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാൾ. ഞായറാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാക്കി ചൊവ്വാഴ്ച ശവ്വാൽ മാസം ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു.
അതേസമയം, ചെറിയ പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ ഏപ്രിൽ മൂന്ന് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്‌ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാൻ അഥവ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങൾ ചെറിയ പെരുന്നാൾ അഥവ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.
മുഖ്യമന്ത്രി ഈദ് ആശംസകൾ നേർന്നു
മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. “സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം. ഏവർക്കും ആഹ്ലാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു,” മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Also Read: Happy Eid-ul-Fitr 2022: Eid Mubarak wishes images, quotes, status, messages, photos, and greetings; പ്രിയപ്പെട്ടവർക്ക് റമദാൻ ആശംസകൾ കൈമാറാം