Eid al-Adha Bakrid 2022 Date, history, importance, and significance: ലോകമാകമാനമുള്ള ഇസ്ലാം മത വിശ്വാസികളുടെ രണ്ടു പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ബക്രീദ് അഥവാ ബെലിപ്പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്. ഈ വർഷം ജൂലൈ 10 ന് ബലിപെരുന്നാൾ ആകാനാണ് സാധ്യത.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. ഈദുൽ അദ്ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്.
എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.
Eid al-Adha 2022: Date, history, importance, and significance
മൂന്ന് സെമിറ്റിക് മതങ്ങളും ആദരവോടെ കാണുന്ന അബ്രഹാം പ്രവാചകന്റെയും (ഇബ്രാഹിം നബി) മകൻ ഇസ്മായിലിന്റെയും ത്യാഗോജ്വല ജീവിതത്തിന്റെ ഓർമപുതുക്കിയാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ദൈവപ്രീതിക്കായി സ്വന്തം മകനെ പോലും ബലിനൽകാൻ തയാറായ ഇബ്രാഹിമും പിതാവിന്റെയും ദൈവത്തിന്റെയും ഇച്ഛയ്ക്ക് സർവാത്മനാ വഴങ്ങിയ ഇസ്മായിലും പ്രവാചകന്മാരുടെ ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ് രചിച്ചത്.
വിധി നിർണായക നിമിഷത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടായി. ആകാശത്ത് നിന്ന് മാലാഖ ബലിയറുക്കേണ്ട ആടുമായി പ്രത്യക്ഷപ്പെട്ടു. ആ ആടിനെ ബലിയറുത്ത് ഇബ്രാഹിം ദൈവത്തിന് മുന്നിൽ തന്റെ വിശ്വാസം പ്രഖ്യാപിച്ചു. ഈ വിശ്വാസ പ്രഖ്യാപനത്തിന്റെ ആവർത്തനമാണ് ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ഈ ദിനം.
ബക്രീദ് ആഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നൽകുക, പാവങ്ങൾക്ക് ദാനം നൽകുക എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലിപെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്കാരത്തിനായി പോവുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്.
ഈ ദിവസം ബലി കഴിച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനൽകിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നൽകുന്നു. ഈ ദിവസം പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ തയ്യാറാക്കുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്യും.