മുൻപെല്ലാം നീണ്ട കറുത്ത തലമുടിയായിരുന്നു പെൺകുട്ടികളുടെ സൗന്ദര്യം. എന്നാൽ കാലം മാറിയപ്പോൾ പാറിപ്പറന്നു കിടക്കുന്ന നീളം കുറഞ്ഞ മുടിയായി ഫാഷൻ. ഇങ്ങനെ പറപ്പിച്ച് നടന്ന് വൈകുന്നേരമാകുമ്പോഴേക്ക് മുടി ഒരു പരുവമാകും. പിന്നെ ഇത് പരിചരിക്കാനും നോക്കാനും സമയവുമില്ല. മിക്ക പെൺകുട്ടികളുടെയും പ്രശ്‌നമാണിത്.

പലപ്പോഴും മുടി ഡ്രൈ ആയി മുടി പിളരുന്നത് മിക്കവർക്കും പതിവാണ്. ഇതിന് മുടി വെട്ടിയാണ് പലരും പരിഹാരം കാണുന്നത് എന്നതാണ് വാസ്‌തവം. എന്നാൽ ഇതിനെല്ലാം എളുപ്പം പരിഹാരം കാണാൻ കഴിയും. മുട്ട, തേൻ എന്നിവ മുടി പിളരുന്നതിൽ നിന്നും രക്ഷിക്കാൻ ഉത്തമമാണ്.

തലമുടിയിൽ മുട്ടയുടെ വെളള തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ പോഷകം വർധിപ്പിക്കുകയും ആവശ്യമായ ഫാറ്റി ആസിഡുകൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് മുടിയുടെ വേരുകൾക്ക് ശക്തി നൽകുകയും അഗ്രം പിളരുന്നതിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. തലയിൽ തൈര് തേക്കുന്നത് മുടി മൃദുവാകാനും സഹായിക്കും.

തേനും തൈരും യോജിപ്പിച്ച് മുടിയുടെ അഗ്രത്തിൽ തേച്ചുപിടിപ്പിക്കുന്നത് അറ്റം പിളരുന്നതിൽ നിന്ന് മുക്തി നേടാൻ ഉത്തമമാണ്. മുടിയിൽ കണ്ടീഷണർ ഉപയോഗിച്ച ശേഷം പല്ല് അകന്ന ചീപ്പ് ഉപയോഗിച്ചു മാത്രം മുടി ചീകുക. ഇത് മുടി കെട്ടുപിണയാതിരിക്കാനും അതുമൂലം പൊട്ടുന്നതും ഒഴിവാക്കും.

മുടി കഴുകി തോർത്തുമ്പോൾ അറ്റം അടിച്ച് ഉണക്കരുത്. ഇത് മുടിയുടെ അഗ്രം പിളരുന്നതിന് ഇടയാക്കും. മുടി കളർ ചെയ്യുന്നതും സ്ട്രെയിറ്റൻ ചെയ്യുന്നതുമെല്ലാം മുടി പിളരാൻ ഇടയാക്കും. ഇതിന്റെ എണ്ണം കുറയ്ക്കുന്നതും ഇതിനൊരു പരിഹാരമാകും. മുടി ഇടയ്‌ക്കിടെ അറ്റം വെട്ടിക്കൊടുക്കുന്നത് അഗ്രം പിളരുന്ന പ്രശ്‌നത്തിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook