ഡാർക് ചോക്ലേറ്റിനോട് നിങ്ങൾക്ക് അടങ്ങാത്ത ആർത്തിയാണോ? എന്നാലിതാ ഒരു അതി സന്തോഷവാർത്ത. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കൊയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഡയബറ്റിസിനെ നിയന്ത്രിക്കുമെന്ന് പഠനത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു.

കൊക്കോയിൽ അടങ്ങിയിരിക്കുന്ന എപികാറ്റെകിൻ മോനുമെന്റാണ് ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദനത്തെ പരിപോഷിപ്പിക്കുന്നത്. ഡയബറ്റിസ് ഉള്ളവരുടെ ശരീരത്തിലെ ബീറ്റ സെല്ലുകൾക്കുണ്ടാകുന്ന തകരാർ മൂലം രക്തത്തിനകത്തെ അന്നജം വേർതിരിക്കാനാകാതെ വരും. ഇതോടെ ഇൻസുലിൽ ഉൽപ്പാദനം കുറയും.

എപികാറ്റെകിൻ മോനുമെന്റ് ബീറ്റ സെല്ലുകളെ ഉത്തേജിപ്പിക്കുകയും രക്തത്തിൽ നിന്ന് അന്നജം വേർതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടുപിടിച്ചിട്ടുള്ളത്. ബ്രിഗാം യംഗ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ജെഫെറി ടെസ്സെമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.

“ഈ എപികാറ്റെകിൻ മോനുമെറുകൾ ബീറ്റ കോശങ്ങൾക്കകത്തുള്ള മൈറ്റോകോൺഡ്രിയകളെ ശക്തിപ്പെടുത്തുകയും ഇൻസുലിൻ ഉൽപ്പാദനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു”, ജെഫെറി ടെസ്സെം പറഞ്ഞു. മൃഗങ്ങളിലാണ് ഇത് സംബന്ധിച്ച പരീക്ഷണം ആദ്യം നടത്തിയതെന്ന് ന്യൂട്രീഷണൽ ബയോകെമിസ്ട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ