ദിവസവും ബദാം കഴിക്കുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ മുഖത്തെ ചുളിവുകൾ കുറയ്ക്കുമെന്നും ചർമ്മത്തിന് തിളക്കം കൂട്ടുമെന്നും പഠനം. അണ്ടിപ്പരിപ്പ് പോലുളള മറ്റു നട്സുകളെക്കാൾ ബദാം ദിവസവും കഴിക്കുന്നതിലൂടെ ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളുടെ മുഖത്തെ ചുളിവുകൾ കുറയുന്നുവെന്ന് 2019 ലെ ഒരു സർവ്വേയെ സ്ഥിരീകരിച്ച് കൊണ്ട് ന്യൂട്രിയന്റ്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.
ആർത്തവ വിരാമം സംഭവിച്ച 49 സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു യുഎസിലെ ഡേവിസ് ഓഫ് കാലിഫോർണിയ സർവകലാശാലയിലെ (യുസി) ഗവേഷകർ പഠനം നടത്തിയത്. ഗവേഷണത്തിൽ പങ്കെടുത്ത സ്ത്രീകളിലെ ഒരു വിഭാഗം ദിവസവും ബദാം ലഘുഭക്ഷണമായി കഴിച്ചു, ഇത് അവരുടെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 20 ശതമാനം അല്ലെങ്കിൽ പ്രതിദിനം ശരാശരി 340 കലോറി (ഏകദേശം 60 ഗ്രാം) ആയിരുന്നു.
പഠനം നടത്താൻ ഉൾപ്പെടുത്തിയവർ ലഘു ഭക്ഷണത്തിനു പുറമെ അവരുടെ പതിവ് ഭക്ഷണക്രമം കഴിക്കുകയും പരിപ്പ് അല്ലെങ്കിൽ നട്ട് അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും ചെയ്തു. പഠനത്തിന്റെ തുടക്കത്തിൽ തന്നെ ഇവരുടെ ചർമ്മത്തെക്കുറിച്ച് വിലയിരുത്തലുകൾ നടത്തി, പിന്നീട് എട്ട് ആഴ്ച, 16 ആഴ്ച, 24 ആഴ്ച ആവർത്തിച്ചു. ഓരോ തവണയും മുഖത്തെ ചുളിവുകളും ചർമ്മത്തിന്റെ തിളക്കവും ചർമ്മത്തിലെ ജലാംശവും വിലയിരുത്തി.
Read More: വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ
ബദാം കഴിക്കുന്ന ഗ്രൂപ്പിലെ സ്ത്രീകളുടെ മുഖത്തെ ചുളിവുകൾ ഗണ്യമായി കുറയുന്നതായി ഗവേഷകർ കണ്ടെത്തി, 16 ആഴ്ചയിൽ 15 ശതമാനവും 24 ആഴ്ചയിൽ 16 ശതമാനവും കുറവുണ്ടായതായി കണ്ടെത്തി. ഇവരുടെ മുഖത്തിന്റെ നിറത്തിലും വലിയ വ്യത്യാസമുണ്ടായി. 16 ആഴ്ചയിൽ 20 ശതമാനം കുറവുണ്ടായി, 24 ആഴ്ചയിലും അത് തുടർന്നു. രണ്ടു ഗ്രൂപ്പിലുളളവരുടെയും വരെ ശരീരഭാരം 24 ആഴ്ച സ്ഥിരമായി തുടർന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
അതേസമയം, 24 ആഴ്ച മാത്രം കൊണ്ടുളള പഠനങ്ങൾ ദീർഘകാലം ബദാം കഴിക്കുന്നതിന്റെ ഫലങ്ങളെക്കുറിച്ച് വ്യക്തമായ വിവരം നൽകില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. കൂടുതൽ പേരിൽ ബദാമിന്റെ ഉപയോഗം മൂലമുളള ഫലങ്ങൾ മനസ്സിലാക്കണമെങ്കിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് ടീം അഭിപ്രായപ്പെട്ടു.