ചുട്ടുപൊള്ളുകയാണ് നാട്. താപനില ഉര്‍ന്നുപോകുന്നു. വേനല്‍ക്കാലമാകുമ്പോള്‍ നാം ആദ്യം കേള്‍ക്കുന്ന നിര്‍ദ്ദേശം ധാരാളം വെള്ളം കുടിക്കുക, ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നതാണ്. വേനല്‍ ശരീരത്തിലെ താപം വര്‍ധിപ്പിക്കുകയും നിര്‍ജ്ജലീകരണത്തിന് കാരണമാകുകയും അതുവഴി അസുഖങ്ങള്‍ വരികയും ചെയ്യും.

പഴം ജ്യൂസുകള്‍ ധാരാളം കുടിക്കുക എന്നത് തന്നെയാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം. തണ്ണമത്തന്‍ ജ്യൂസ്, നാരങ്ങാ വെള്ളം, ലിച്ചി ജ്യൂസ്, ഹെര്‍ബല്‍ ടീ തുടങ്ങി വേനല്‍ക്കാലത്ത് നിര്‍ജലീകരണത്തെ തടയാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവ ശരീരത്തിന് ആവശ്യമായ ധാതുക്കളും കാത്സ്യവും ആന്‍ിഓക്‌സിഡന്റുകളും നല്‍കുന്നു.

കൈയ്യില്‍ എപ്പോഴും ഒരുകുപ്പി വെള്ളം കരുതുക. വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതിനെക്കാള്‍ നല്ലതായി ഒന്നുമില്ല.

കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുക. പകരം സര്‍ബത്തുകള്‍, ലസ്സി എന്നിവ ശീലമാക്കുക. ഇവ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല, പ്രധാന പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കുകയും ചെയ്യും.

ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ശരീരത്തില്‍ നിര്‍ജലീകരണത്തിന് കാരണമാകുന്നു.

വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ പരമാവധി ഒഴിവാക്കുക. അവ നിങ്ങളില്‍ കൂടുതല്‍ ദാഹം ഉണ്ടാക്കുകയും അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു.

ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഇളനീര്‍ ജീവന്‍ രക്ഷയ്ക്ക് ഏറ്റവും നല്ലത്. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഇളനീര്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ കടകളില്‍ ലഭ്യമാകുന്ന പാക്ക് ചെയ്ത തേങ്ങ വെള്ളം ഒഴിവാക്കുക. അതില്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook