scorecardresearch

Easter 2019, What is Maundy Thursday: അന്ത്യ അത്താഴത്തിന്‍റെ സ്മരണകളില്‍ നാളെ പെസഹാ വ്യാഴം

What is Maundy Thursday in Malayalam: യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു

Maundy Thursday 2019, Holy Thursday 2019
Easter 2019 Maundy Thursday

Maundy Thursday, Importance of Jesus Last Supper: ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ നാളെ പെസഹാ വ്യാഴം ആചരിക്കുന്നു. ഈസ്റ്ററിലേക്ക് എത്തുന്ന വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

പെസഹാ: പഴയ നിയമത്തിലും പുതിയ നിയമത്തിലും

‘കടന്നു പോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിനര്‍ത്ഥം. ബൈബിളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും പെസഹാ ആചരിക്കുന്നുണ്ട്.

ഈജിപ്ത് അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനതയെ മോചിപ്പിച്ചതാണ് പഴയ നിയമത്തിലെ പെസഹാ. നൂറ്റാണ്ടുകളായി ഈജിപ്തുകാരുടെ അടിമകളായിരുന്ന ഇസ്രായേല്‍ ജനതയെ മോചിപ്പിക്കാന്‍ ദൈവം പ്രവാചകന്‍ വഴി ഫറവോയോട് ആവശ്യപ്പെട്ടെങ്കിലും ഫറവോ തയ്യാറായില്ല. ഒന്നിന് പുറകെ ഒന്നായി ശിക്ഷകള്‍ നല്‍കിയിട്ടും തീരുമാനം മാറ്റിയില്ല. ഒടുവില്‍ ഈജിപ്തുകാരുടെ കടിഞ്ഞൂല്‍ പുത്രന്‍മാരെ വധിക്കാന്‍ ദൈവം ദൂതനെ അയയ്ക്കുന്നു. ഇസ്രായേല്‍ ഭവനങ്ങളെ ഈ ശിക്ഷയില്‍ നിന്നൊഴിവാക്കിയിരുന്നു. ഒരു വയസ്സ് പ്രായമുളള കുഞ്ഞാടുകളെ കൊന്ന് പെസഹാ ഭക്ഷിക്കാനായിരുന്നു ദൈവം നിര്‍ദേശിച്ചത്. കുഞ്ഞാടിന്‍റെ രക്തം കട്ടിളക്കാലുകളിലും മേല്‍പ്പടിയിലും തളിക്കണമെന്നും പറഞ്ഞിരുന്നു. ഇസ്രായേല്‍ ഭവനങ്ങളെ ദൈവദൂതന് തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സംഭവത്തിന് ശേഷം ഇസ്രായേലുകാരെ ഫറവോ മോചിപ്പിച്ച് വിട്ടയച്ചു. ഇതാണ് പഴയ നിയമത്തിലെ പെസഹാ.

 

അന്ത്യഅത്താഴവും കാല്‍കഴുകല്‍ ശുശ്രൂഷയും

Easter 2019, Maundy Thursday: പഴയ നിയമത്തിലെ പെസഹായുടെ ഓര്‍മ പുതുക്കലാണ് പുതിയ നിയമത്തിലെ പെസഹാ. എന്നാല്‍ ക്രിസ്തു തന്‍റെ ശിഷ്യന്‍മാരോടൊത്ത് ഭക്ഷിച്ച അന്ത്യ അത്താഴമായി പുതിയ നിയമത്തില്‍ പെസഹാ. അന്ത്യഅത്താഴത്തിന് മുന്‍പ് യേശു തന്‍റെ പന്ത്രണ്ട് ശിഷ്യന്‍മാരുടെയും കാലുകള്‍ കഴുകി തുടച്ച് ചുംബിച്ചു. യേശു പറഞ്ഞു “നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ചെയ്തത് പോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു” (യോഹന്നാന്‍ 13:14,15). പിന്നീട് അപ്പവും വീഞ്ഞും തന്‍റെ ശരീരരക്തങ്ങളാക്കി വാഴ്ത്തി വിഭജിച്ച് നല്‍കി. പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം കൂടിയായിരുന്നു ക്രിസതുവിന്‍റെ അന്ത്യഅത്താഴം. തന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നവനും തളളിപ്പറയുന്നവനും ശിഷ്യരുടെ കൂട്ടത്തിലുണ്ടെന്ന് മനസ്സിലാക്കിയിട്ട് തന്നെയാണ് ദൈവപുത്രന്‍ പെസഹാ ഒരുക്കിയത്.

പുതിയ നിയമത്തിലെ പെസഹായുടെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ ക്രൈസ്തവരുടെ പെസഹാ ആചരണം. ശിഷ്യന്‍മാരുടെ കാല്‍ കഴുകി ലോകത്തിന് മുഴുവന്‍ ക്രിസ്തു എളിമയുടെ സന്ദേശം നല്‍കിയതിന്‍റെ ഓര്‍മപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാല്‍കഴുകല്‍ ശുശ്രൂഷ. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകളാണ് പുരോഹിതന്‍ കഴുകി തുടച്ച് ചുംബിക്കുക. അന്ത്യ അത്താഴത്തിന്‍റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക.

Read More: Easter Recipes: ഈസ്റ്റര്‍ രുചികള്‍, ഇന്രി അപ്പവും പാലും

കാല്‍കഴുകല്‍ ശുശ്രൂഷ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലഘട്ടത്തില്‍

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലെ മുഖ്യകാര്‍മികന്‍ മാര്‍പാപ്പയായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യത്തില്‍ ലോകം ഉറ്റു നോക്കുന്നത് മറ്റൊരു കാര്യമാണ്. ഇത്തവണ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് എവിടമാണ് മാര്‍പാപ്പ തിരഞ്ഞെടുക്കുകയെന്നതാണ്.

വത്തിക്കാനിലെ പരമ്പാരഗത ആചാരങ്ങളെ മറികടന്നായിരുന്നു, പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യപെസഹാ ദിനത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷ. കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം റോമിലെ കാസൽ മർമോ ദുർഗുണ പരിഹാര പാഠശാലയാണ് പാപ്പ തിരഞ്ഞെടുത്തത്. മാത്രമല്ല, തിരഞ്ഞെടുത്ത 12 പേരിൽ രണ്ടു വനിതകളെയും ഉള്‍‌പ്പെടുത്തിയിരുന്നു. പതിനാലിനും ഇരുപത്തിയൊന്നിനും മധ്യേ പ്രായമുള്ളവരുടെ കാലുകളാണ് പാപ്പ കഴുകുകയും ചുംബിക്കുകയും ചെയ്തത്. സ്ത്രീകളിൽ ഒരാൾ സെർബിയൻ മുസ്ലീം തടവുകാരിയും മറ്റൊരാൾ ഇറ്റാലിയൻ കത്തോലിക്കാ യുവതിയുമായിരുന്നു. റോമൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു 2013ലെ ഫ്രാന്‍സിസ് പാപ്പായുടെ കാല്‍കഴുകല്‍ ശുശ്രൂഷ. 2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്‍റര്‍ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും 2016ല്‍ ഹൈന്ദവ, മുസ്ലിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും പാദങ്ങളാണ് മാര്‍പാപ്പ കഴുകിയത്. 2017ല്‍ വത്തിക്കാനില്‍നിന്നും 50 കി.മി. അകലെയുള്ള പലിയാനോ ജയിലിലെ അന്തേവാസികളുടെ കാലുകളാണ് പാപ്പ കഴുകിയത്. 10 പേര്‍ ഇറ്റലിക്കാരും, ഒരാള്‍ അര്‍ജന്‍റീനിയക്കാരനും മറ്റൊരാള്‍ അല്‍ബേനിയന്‍ സ്വദേശിയുമായിരിന്നു. ഇതില്‍ രണ്ടുപേര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ്. 2018ല്‍ റോമിലെ റെജീന ചേര്‍ലി ജയിലാണ് പെസഹാ ശുശ്രൂഷയ്ക്കായി പാപ്പതിരഞ്ഞെടുത്തത്.

Easter 2019, Maundy Thursday: ഇത്തവണയും ഫ്രാന്‍സിസ് മാര്‍പാപ്പ പതിവ് തെറ്റിക്കുന്നില്ല. റോമിന്‍റെ കിഴക്കന്‍ പ്രദേശത്തുനിന്ന് 36 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രി കറക്ഷണല്‍ ഫെസിലിറ്റി’യിലെ തടവുകാരുടെ പാദങ്ങളാണ് മാര്‍പാപ്പ തിരഞ്ഞെടുത്തത്.

പെസഹാവ്യാഴം വരുന്നതിന് മുന്‍പ് തന്നെ ദക്ഷിണ സുഡാനിലെത്തി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും ഉള്‍പ്പെടെ നേതാക്കളുടെ കാലുകള്‍ ചുംബിച്ച്, 82കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ ഞെട്ടിച്ചിട്ട് അധികം ദിവസമായിട്ടില്ല. ശത്രുത അവസാനിപ്പിച്ച് സമാധാന നടപടികളുമായി മുന്നോട്ടു പോകാനുള്ള ആഹ്വാനവുമായിട്ടായിരുന്നു മാര്‍പാപ്പ നേതാക്കളുടെ കാലുകള്‍ ചുംബിച്ചത്.

ചുങ്കക്കാരുടെയും വേശ്യകളുടെയും ചങ്ങാതിയായിരുന്ന ദൈവപുത്രന്‍റെ പിന്തുടര്‍ച്ചക്കാരന്‍, കാലുകഴുകാന്‍ തടവുകാരെ തേടിയെത്തിയത് കാലത്തിന്‍റെ പൂര്‍ത്തീകരണമെന്ന് കരുതാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Easter 2019 what is maundy thursday jesus last supper