ഹോ എന്തൊരു ചൂട്….! ഈ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാക്കാണിത്. ചൂടിൽ നിന്നൊരാശ്വാസം കിട്ടാൻ തണുത്ത പാനീയങ്ങളെയാണ് നമ്മളോരോരുത്തരും പ്രധാനമായ് ആശ്രയിക്കുന്നത്. പക്ഷേ പുറത്തെ കടകളിൽനിന്നും പാനീയങ്ങൾ കുടിക്കാൻ ഭയപ്പെടുന്നവരും ഉണ്ട്. ഇനി ആ പേടി ഒട്ടും വേണ്ട. ഇതാ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ചില പാനീയങ്ങൾ.

* മോര് വെള്ളം

വേനൽക്കാല പാനീയങ്ങളിൽ ഒന്നാമൻ ഇവൻതന്നെ എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല. നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ പാനീയത്തിന് കേരളത്തിലും തമിഴ്നാട്ടിലും ആവശ്യക്കാർ ഏറെയാണ്.

തയ്യാറാക്കുന്ന വിധം: ഇഞ്ചി, കറിവേപ്പില, കാന്താരി, വെളുത്തുള്ളി, എന്നിവ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം രണ്ടുകപ്പ് തൈരും ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക. രുചികരമായ സംഭാരം തയ്യാർ.

* നാരങ്ങാ വെള്ളം

കേരളീയർക്ക് വളരെ സുപരിചിതമായ ഒന്നാണിത്. ദാഹശമനത്തിന് വളരെ ഉത്തമമായ ഈ പാനീയം, നമ്മുടെ വീട്ടുവളപ്പിൽ നിന്ന് ലഭിക്കുന്ന നാരങ്ങ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും.

തയ്യാറാക്കുന്ന വിധം: ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് ഉപ്പും പഞ്ചസാരയും യോജിപ്പിച്ചു കുടിക്കുക.

* നന്നാറി സർബ്ബത്

ഇന്ത്യയിലും സമീപ രാജ്യങ്ങളിലും കണ്ടുവരുന്ന ഒരു സസ്യമാണ് നന്നാറി. വളരെയേറെ ഔഷധ ഗുണമുള്ള ഈ സസ്യം ശരീരത്തിന് തണുപ്പേകുന്നു. സുഗന്ധി എന്നും നന്നാറി അറിയപ്പെടുന്നു.

തയ്യാറാക്കുന്ന വിധം: മൂന്നു കപ്പ് വെള്ളത്തിൽ പഞ്ചസാരയിട്ട് തിളപ്പിക്കുക. നന്നാറി വേര് നന്നായി ചതച്ചു പഞ്ചസാര ലായനിയിൽ ഇട്ട് തിളപ്പിക്കുക. നന്നായി കുറുകിയ ശേഷം തണുപ്പിച്ചു വെള്ളം ചേർത്ത് കുടിക്കുക.

*ലസ്സി

പഞ്ചാബിൽ ഉത്ഭവിച്ച ഈ പാനീയം ഇന്ന് ഉത്തരേന്ത്യയിൽ ചൂട് കാലങ്ങളിൽ വ്യാപകമായി ലഭിക്കുന്നു. നന്നായി തണുപ്പിച്ചു കുടിക്കുന്ന ഈ പാനീയത്തിൽ അൽപം മഞ്ഞൾ പൊടി ചേർക്കുന്നത് വയറിനു നല്ലതാണ്.

തയ്യാറാക്കുന്ന വിധം: നന്നായി തണുത്ത ഒരു ഗ്ലാസ് കട്ട തൈര് എടുക്കുക. അതിൽ ആവശ്യത്തിന് പഞ്ചസാരയിട്ട് അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക. അതിൽ ഒരു നുള്ള് ഏലക്ക പൊടി ഇട്ടു കുടിക്കുക. ദാഹശമനത്തിന് ഉത്തമം.

*കരിമ്പിൻ ജ്യൂസ്

ദാഹശമനവും അതോടൊപ്പം ഊർജവും നൽകുന്ന പാനീയമാണിത്.

തയ്യാറാക്കുന്ന വിധം: കരിമ്പിന്റെ പുറംഭാഗം നന്നായി നീക്കം ചെയ്തു ചെറുതായി മുറിച്ചെടുക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം നന്നായി അരിച്ചെടുത്തു അൽപം ഏലക്ക പൊടിയും ചേർത്ത് തണുപ്പിച്ചു കുടിക്കുക.

* ശിഖൻജി

ഔഷധ ചെടിയായ തുളസികൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ പാനീയം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ ഉത്തമമാണ്.

തയ്യാറാക്കുന്ന വിധം: മിക്സിയിൽ ഇഞ്ചി, തുളസി, കാൽകപ്പ് വെള്ളം എന്നിവ ചേർത്ത് അരയ്ക്കുക. നന്നായി അരിച്ച് അതിന്റെ നീരിലേക്കു നാരങ്ങാ നീരും, വറുത്ത ജീരകവും, ആവശ്യത്തിന് ഉപ്പും മധുരവും, 2 കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ശിഖൻജി തയ്യാർ.

*തണ്ണിമത്തൻ ജ്യൂസ്

വേനൽകാലമായാൽ ഏറ്റവും ചിലവുള്ള പഴമാണ് തണ്ണിമത്തൻ. വഴിയോരങ്ങളിൽ സുലഭമായ ഈ പഴം ദാഹമകറ്റാൻ ഉത്തമമാണ്.

തയ്യാറാക്കുന്ന വിധം:- തണ്ണിമത്തൻ ചെറുതായി മുറിക്കുക. ആവശ്യത്തിന് മധുരവും വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അരിച്ചെടുത്തതിന് ശേഷം വേണമെങ്കിൽ അൽപം ഏലക്ക പൊടി ചേർത്ത് കുടിക്കാം.

* ബദാം മിൽക്ക്

ഇന്ന് ഒരു ഷേക്ക് കുടിക്കണമെങ്കിൽ കുറഞ്ഞത് 60 രൂപയെങ്കിലും കൊടുക്കണം. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം: ചുടുവെള്ളത്തിൽ അഞ്ചു മിനിറ്റ് കുതിർത്ത ബദാം നന്നായി അടിച്ചു പേസ്റ്റ് ആക്കുക. അതിലേക്ക് പാലും ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് ഇളക്കിയെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ