ടോപ് ഗിയർ ഇന്ത്യ മാഗസിന്റെ കവർ മോഡലായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മാഗസിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള ലക്കത്തിലാണ് കവറിൽ ദുൽഖർ ഇടം പിടിച്ചത്. ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയറിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യൻ താരവും രണ്ടാമത്തെ ഇന്ത്യൻ നടനുമാണ് ദുൽഖർ സൽമാൻ. ഓഡി ആർ എസ് ഇ-ട്രോൺ ജിറ്റി കാറിന് ഒപ്പം ദുൽഖർ നിൽക്കുന്നതാണ് കവർ ചിത്രം.
ഫോട്ടോഷൂട്ടിൽ ദുൽഖർ അണിഞ്ഞ ജാക്കറ്റാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. ഹ്യൂമൻ ബ്രാൻഡിന്റെ ഡൈവേർസിറ്റ് ജിടി 1.1 റെഡ് പഫർ ജാക്കറ്റാണ് ദുൽഖർ അണിഞ്ഞിരിക്കുന്നത്. 24,000 രൂപയാണ് ഈ ജാക്കറ്റിന്റെ വില.

ദുബായിൽ വെച്ചായിരുന്നു കവർ പേജിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് ദുൽഖർ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം ഞാൻ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ദുൽഖർ സൽമാൻ കുറിച്ചതിങ്ങനെ.
പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ പുതിയ ചിത്രം. ചിത്രീകരണം പൂർത്തിയായ ചിത്രം അധികം വൈകാതെ തിയേറ്ററിലെത്തും. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ളൊരു ചിത്രവും ദുൽഖറിന്റേതായി അനൗൺസ് ചെയ്തിട്ടുണ്ട്.