കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൈ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഒരാളുടെ ജീവിതത്തിലെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. ഡിറ്റർജന്റ് അടിസ്ഥാനമാക്കിയുള്ള ക്ലീനർ പതിവായി ഉപയോഗിക്കുന്നത് കൈകൾ വരണ്ടതാകാനും ചൊറിച്ചിൽ അനുഭവപ്പെടാനും സാധ്യതയുണ്ട്. നിങ്ങളും ഇത് അനുഭവിക്കുന്നുണ്ടെങ്കിൽ, അനുയോജ്യമായ പരിഹാരങ്ങൾ പറഞ്ഞു തരാം.
ചർമ്മത്തിന് സംഭവിക്കുന്നതെന്ത്?
നമ്മുടെ ചർമ്മത്തിന്റെ മുകളിലെ പാളിയാണ് പ്രധാന സംരക്ഷണ പാളിയായി പ്രവർത്തിക്കുന്നത്. വെള്ളം, സോപ്പ്, ക്ലെൻസറുകൾ എന്നിവ ഉപയോഗിച്ച് കൈകൾ പലതവണ കഴുകുന്നത് പാളിയെ തടസ്സപ്പെടുത്തുകയും കാലക്രമേണ വരണ്ട ചർമ്മം, വീക്കം അല്ലെങ്കിൽ കടുത്ത അലർജിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.
Read More: ചർമ്മ സംരക്ഷണത്തിന് ഏത് മോയ്‌സ്ചുറൈസറുകളാണ് ഉപയോഗിക്കേണ്ടത്, എന്തുകൊണ്ട്?
എന്താണ് ചെയ്യേണ്ടത്?
ഇതിനുളള പരിഹാരമെന്തെന്ന് ആയുർവേദ ഡോക്ടർ അപർണ പത്മനാഭൻ ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചു. സാനിറ്റൈസറുകൾ പതിവായി ഉപയോഗിക്കുന്നതിലൂടെ ഡിറ്റർജന്റ് അലർജി ഉണ്ടാകുന്നത് ഇപ്പോൾ വളരെ സാധാരണമാണ്. ലളിതമായി തോന്നാമെങ്കിലും ഇത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് അനുഭവിക്കുന്നവർക്ക് അറിയാമെന്ന് അവർ പറഞ്ഞു. ഡിറ്റർജന്റ് അലർജിയുള്ളവരോട് അത് നോർമൽ ആകുന്നതുവരെ ബേബി സോപ്പ്, ഷാംപൂ, ബേബി ലോൺഡ്രി വാഷ് ലിക്വിഡ് എന്നിവ ഉപയോഗിക്കാൻ താൻ ആവശ്യപ്പെടാറുണ്ടെന്ന് അവർ വ്യക്തമാക്കി.
മറ്റു ചില പരിഹാരങ്ങൾ
പാത്രങ്ങളും വസ്ത്രങ്ങളും കഴുകിയ ശേഷം വെളിച്ചെണ്ണ, കറ്റാർ വാഴ ജെൽ എന്നിവ കൈകളിൽ തേയ്ക്കുക. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഒരു ആയുർവേദ ഡോക്ടറെ സമീപിച്ച് ശരിയായ മരുന്നുകൾ കഴിക്കണം.
ഹെർബൽ ഓപ്ഷനുകളിലേക്ക് മാറാൻ ശ്രമിക്കുക
പാത്രങ്ങൾ കഴുകുന്നതിന്, ചകിരിയോ, കരിക്കട്ട അല്ലെങ്കിൽ നേർപ്പിച്ച നല്ല നിലവാരമുള്ള ഡിഷ് വാഷ് എന്നിവ ഉപയോഗിക്കാം. വസ്ത്രങ്ങളും പാത്രങ്ങളും കഴുകുന്നതിനു മുമ്പ് റബ്ബർ കയ്യുറകൾ നല്ലതാണെന്ന് ഡോ.പത്മനാഭൻ പറഞ്ഞു. കുളിക്കാൻ സോപ്പ് അല്ലെങ്കിൽ ബോഡി വാഷിനുപകരം, നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയ ഹെർബൽ ബോഡി സ്‌ക്രബുകൾ ഉപയോഗിക്കാം.
ഹെർബൽ ബോഡി സ്‌ക്രബ് വീട്ടിൽ തയ്യാറാക്കുന്നതെങ്ങനെ?
- 100 ഗ്രാം- ചെറുപയർ
- 100 ഗ്രാം- അരി
- 10 ഗ്രാം- കറുവാപ്പട്ട
- 10 ഗ്രാം- മഞ്ഞൾപ്പൊടി
ഇവയെല്ലാം നന്നായി പൊടിക്കുക. നന്നായി യോജിപ്പിച്ചശഷം വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യമുളളപ്പോൾ കുറച്ചെടുത്ത് വെള്ളത്തിലോ പാലിലോ ചേർത്ത് സോപ്പിന് പകരം ബോഡി സ്‌ക്രബ് പോലെ പ്രയോഗിക്കുക.