മേക്കപ്പ് നിങ്ങളുടെ മുഖത്തിനെ ആകര്‍ഷകമാക്കുമെന്നതിൽ സംശയമില്ല. എന്നാല്‍ ഉറങ്ങാൻ പോവും മുൻപ് ചര്‍മ്മത്തില്‍ നിന്ന് മേക്കപ്പ് പൂർണമായും നീക്കം ചെയ്യേണ്ടതുണ്ട്. മേക്കപ്പ് തുടച്ചുനീക്കാതെ രാത്രി കിടന്നുറങ്ങുന്നത് അത്ര നല്ല ശീലമല്ല. കാരണം, ചര്‍മ്മത്തിലെ മേക്കപ്പ് രാത്രിമുഴുവൻ തങ്ങിനിന്നാല്‍ അത് പല ചർമ്മപ്രശ്‌നങ്ങള്‍ക്കും വഴിവച്ചേക്കാം.
പ്രൈമർ, ഫൗണ്ടേഷൻ, കോംപാക്ട് പൗഡർ, കൺസീലർ, ലിപ്സ്റ്റിക്ക്, ഐ ലൈനർ, ഐ ഷാഡോ, മസ്കാര, ബ്ലഷ്, ലിപ് ലൈനർ എന്നിങ്ങനെ പലവിധ ഉൽപ്പന്നങ്ങൾ മേക്കപ്പിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും അഴുക്കും വിയർപ്പുമെല്ലാം ചർമ്മത്തിൽ അടിഞ്ഞ് കൂടുന്നത് ചർമ്മത്തിന്റെ സുഷിരങ്ങൾ അടയാൻ കാരണമാവും. ഇത് മുഖക്കുരു, വരണ്ട ചര്‍മ്മം തുടങ്ങി പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും.
ഉറങ്ങുമ്പോള്‍ ചര്‍മ്മത്തില്‍ മേക്കപ്പ് നിലനിന്നാല്‍ അവ സുഷിരങ്ങളില്‍ അടിയും.
രാത്രി ഉറങ്ങാന്‍ സമയത്ത് മേക്കപ്പ് ചര്‍മ്മത്തില്‍ നിന്നും നീക്കം ചെയ്യാതിരുന്നാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
- മുഖക്കുരു: മേക്കപ്പ് സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്നത് മുഖക്കുരു, വരണ്ട ചര്‍മ്മം എന്നിവയ്ക്ക് കാരണമാവുന്നു. ഉറങ്ങുന്നതിനു മുന്‍പ് മേക്കപ്പ് ചര്‍മ്മത്തില്‍ നിന്ന് തുടച്ചു നീക്കി ചര്‍മ്മത്തിന് കൃത്യമായ പരിപാലനം നല്‍കേണ്ടതുണ്ട്.
- ചര്‍മ്മത്തിലെ ചൊറിച്ചില്‍: ചര്‍മ്മത്തില്‍ മേക്കപ്പ് അധിക നേരം നിലനിന്നാല്‍ അത് ചര്‍മ്മത്തെ വരണ്ടതാക്കും. ഇത് ചെറിച്ചിലിനു കാരണമായേക്കാം. ചൊറിച്ചില്‍ മൂലം ചര്‍മ്മത്തില്‍ ചുവന്ന പാടുകളും പ്രത്യക്ഷപ്പെട്ടേക്കാം.
3.കണ്ണില്‍ അസ്വസ്ഥത ഉണ്ടാവുക: മേക്കപ്പ് മാറ്റാതെ കിടന്നുറങ്ങിയാല്‍ കണ്ണിന്റെ മൃദുവായ ഭാഗങ്ങളില്‍ ഇത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാല്‍ ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് തുടച്ചു മാറ്റേണ്ടത് അനിവാര്യമാണ്.
- വരണ്ട ചുണ്ടുകള്‍: ലിപ്സ്റ്റിക്ക് അണിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ദീര്‍ഘ നേരം ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഉണ്ടായാല്‍ അത് ചുണ്ട് വരണ്ടതാക്കുന്നു. ഉറങ്ങുന്നതിന് മുന്‍പ് ലിപ്‌സ്റ്റിക്കും തുടച്ചു മാറ്റേണ്ടതാണ്.
മേക്കപ്പ് നീക്കം ചെയ്യേണ്ടതെങ്ങനെ:
മുഖം നന്നായി തുടയ്ക്കുകയാണ് ആദ്യപടിയ ഫേഷ്യൽ വൈപ്പുകൾ ഇതിനായി ഉപയോഗിക്കാം. ഹെവി മേക്കപ്പ് ആണെങ്കിൽ അത് നീക്കം ചെയ്യാൻ മിസെല്ലാർ വാട്ടർ പോലുള്ള മേക്കപ്പ് റിമൂവർ ഉപയോഗിക്കാം. ശേഷം ഫെയ്സ് വാഷ് ഉപയോഗിച്ച് ശേഷിക്കുന്ന അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാം. രാത്രി കിടക്കും മുൻപ് ഡബ്ബിൾ ക്ലെൻസിംഗ് ചെയ്യുന്നത് നല്ലതാണ്. മുഖം നന്നായി വൃത്തിയാക്കി കഴിഞ്ഞാൽ ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ സംരക്ഷിക്കുന്ന നല്ലൊരു ടോണർ ഉപയോഗിക്കാം. അതിനു മുകളിൽ നല്ലൊരു മോയ്സചറൈസർ കൂടി പുരട്ടി വേണം ഉറങ്ങാൻ കിടക്കാൻ.