ഫിറ്റായിരിക്കാൻ ആഗ്രഹിക്കാത്തവർ വിരളമാണ്. പക്ഷേ അതിനായി ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ മടിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ ആരോഗ്യ ജീവിതത്തിന് വ്യായാമം അത്യാവശ്യമാണ്. കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം, അർബുദം എന്നിവപോലുള്ള രോഗങ്ങളും കൂടുതൽ നേരം ഇരിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്നാണ് അമേരിക്കൻ ജേർണലായ എപ്പിഡമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അതിനാൽ തന്നെ ഏറെനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഒരിക്കലും വ്യായാമത്തെ അവഗണിക്കരുത്. വ്യായാമം ചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് മറ്റു ചില വഴികളിലൂടെയും ഫിറ്റായിരിക്കാം.

Read Also: ഇക്കിൾ മാറ്റാൻ എളുപ്പ വഴികൾ

വേഗത്തിലുളള നടത്തം

എത്ര വേഗത്തിൽ എത്ര പടികൾ നിങ്ങൾക്ക് കയറാൻ കഴിയുന്നുണ്ടോ അത്രയും നല്ലത്. നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ ഒരു നിശ്ചിത സമയം ചിട്ടപ്പെടുത്തുക. ദിവസവും അത്രയും സമയവും പടികൾ കയറി ഇറങ്ങിയുളള വ്യായാമം ചെയ്യുക. വീട്ടിലെ പടികൾ തന്നെ വേഗത്തിൽ കയറി ഇറങ്ങിയാൽ മതിയാകും. വേഗത്തിലുളള നടത്തമാണ് മറ്റൊരു വഴി. നിങ്ങൾ നടക്കാൻ ഇഷ്ടമുളള ഒരാളല്ലെങ്കിൽ ഇന്നു മുതൽ ശീലിച്ചു തുടങ്ങുക. വീട്ടിൽ നിന്നും പുറത്തിറങ്ങി നടന്നു തുടങ്ങുക. ഏതാനും ദിവസങ്ങൾക്കുളളിൽ നിങ്ങളുടെ ആരോഗ്യത്തിൽ അതുമൂലം ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാനാകും. ഈ വ്യായാമത്തിന്റെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത് പണമൊന്നും മുടക്കേണ്ട എന്നതാണ്.

ഡാൻസ്

ഡാൻസ് കളിക്കുന്നത് മനസിന് ഉന്മേഷവും ആരോഗ്യവും നൽകും. സംഗീതം ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അറിയാവുന്ന രീതിയിൽ അതിനൊപ്പം ഡാൻസ് കളിക്കുക. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയാൽ കുറച്ചുകൂടി രസകരമായി ചെയ്യാനാവും. ഇതിനായി നിങ്ങൾക്ക് ഡാൻസ് ചെയ്യാൻ ഇഷ്ടമുളള പാട്ട് തിരഞ്ഞെടുക്കുക.

ട്രെക്കിങ്

ഇടയ്ക്കിടെ യാത്രകൾ ചെയ്യുക. കാൽനടയായി സ്ഥലം സന്ദർശിക്കുന്നത് ശരീരത്തിലെ കലോറികൾ കുറയ്ക്കാൻ സഹായിക്കും. ഇതിനായി നിങ്ങൾക്ക് ഇഷ്ടമുളള സ്ഥലങ്ങളിലേക്ക് യാത്രകൾ പോവുക.

ജംപ് റോപ്

ഇത് നല്ലൊരു വ്യായാമ മുറയാണ്. കുട്ടിക്കാലത്ത് പലരും ജംപ് റോപ് ചെയ്തിട്ടുണ്ടാവും. നിങ്ങളുടെ എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിർത്താൻ ഈ വ്യായാമം സഹായിക്കും. ഈ വ്യായാമത്തിന് പ്രായ തടസമില്ല. ഒരു റോപ് കയ്യിലെടുത്ത് ഇപ്പോൾ തന്നെ സ്കിപ്പിങ് തുടങ്ങുക.

കിടക്കയിൽ കിടന്നുളള വ്യായാമങ്ങൾ

കിടക്കയിൽ കിടന്നുകൊണ്ട് ചെറിയ വ്യായാമങ്ങൾ ചെയ്യുക. ചെറിയ യോഗകൾ ചെയ്യുക. ഇതൊക്കെ നിങ്ങൾ രാവിലെ എഴുന്നേൽക്കുന്നതിനു മുൻപ് ചെയ്യണം.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് ഫിറ്റായിരിക്കാൻ സാധിക്കും. പക്ഷേ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ, ഈ രസകരമായ വർക്ക്ഔട്ട് സെഷനുകൾ നിങ്ങളുടെ ശരീരത്തിന് ഒരു ഗുണവും ചെയ്യില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook