മുടിയുടെ പരിപാലനത്തിനായി ക്ഷമയും സമയവും ആവശ്യമാണ്. ഒരൊറ്റ ദിവസം കൊണ്ട് മുടിയുടെ കേടുപാടുകൾ പരിഹരിച്ച് തിളക്കമുള്ളതാക്കാം എന്ന തോന്നലുണ്ടെങ്കിൽ തെറ്റാണ്. ശരിയായ ദിനചര്യയിലൂടെ മാത്രമേ മുടി സംരക്ഷണം സാധ്യമാകൂ. കാലാവസ്ഥ മാറ്റം പലപ്പോഴും മുടി കൊഴിച്ചിലിനും കേടുപാടുകൾക്കും ഇടയാക്കും. പ്രത്യേകിച്ച്, ശൈത്യകാലത്ത് വരണ്ടതാകാനും കേടുപാടുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ്.
ഈ സാഹചര്യങ്ങളിൽ മുടിയുടെ സംരക്ഷണത്തിനുള്ള പ്രതിവിധി ഹെയർമാസ്കുകളാണ്. നമ്മുടെയൊക്കെ അടുക്കളയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ ഹെയർമാസ്ക് തയ്യാറാക്കാം. എന്നാൽ ഏതൊക്കെ ചേരുവകളാണ് അനുയോജ്യമെന്നത് അറിഞ്ഞിരിക്കണം.
വീട്ടിൽ തയ്യാറാക്കുന്ന ഹെയർമാസ്കുകൾ മികച്ച ഫലം നൽകുമെന്ന് ആസ്തറ്റിക് ഫിസീഷ്യനും കോസ്മറ്റോളജിസ്റ്റുമായ ഡോ.ക്ഷിതിജ റാവു പറഞ്ഞു. ഹെയർമാസ്ക് തയ്യാറാക്കുന്നതിനു മുൻപായി നിങ്ങളുടെ മുടിയുടെ തരം ഏതെന്ന് അറിഞ്ഞിരിക്കണം. മുടിയുടെ തരത്തിന് അനുയോജ്യമായ ചേരുവകളാണ് ഹെയർമാസ്കുകലിൽ ചേർക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. രണ്ടു വ്യത്യസ്ത തരത്തിലുള്ള മുടിക്ക് ചേരുന്ന ചേരുവകളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.
വരണ്ടതും കേടായതുമായ മുടിക്ക്: അവോക്കാഡോ, ഏത്തപ്പഴം, ഒലിവ് ഓയിൽ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ചേരുവകൾ ഉപയോഗിക്കുക.
വഴുവഴുപ്പുള്ള മുടിക്ക്: മുട്ടയുടെ വെള്ള, ഗ്രീൻ ടീ, നാരങ്ങ എന്നിവയുടെ കോമ്പിനേഷൻ ഉപയോഗിക്കുക.
ഈ ചേരുവകൾ നന്നായി പേസ്റ്റ് രൂപത്തിലാക്കിയശേഷമാണ് മുടിയിൽ പുരട്ടേണ്ടതെന്ന് അവർ നിർദേശിച്ചു.
വീട്ടിലുണ്ടാക്കുന്ന ഹെയർ മാസ്‌കുകളിൽ പലരും തേൻ, കറുവപ്പട്ട, ആപ്പിൾ സിഡർ വിനഗർ എന്നിവ ചേർക്കാറുണ്ട്. ”ഒന്നിലധികം ചേരുവകളുള്ള ഹെയർ മാസ്‌ക് തയ്യാറാക്കുമ്പോൾ തേൻ ഒരു ബൈൻഡറായി പ്രവർത്തിക്കുന്നു. മുടിക്ക് തിളക്കം നൽകാനും ഇത് സഹായകമാണ്,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. ആന്റി-മൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ കറുവാപ്പട്ടയും അവർ ശുപാർശ ചെയ്തു.
ആപ്പിൾ സിഡർ വിനഗർ മുടിയുടെ മുകളിലെ പാളിയെ മിനുസപ്പെടുത്തുന്നു. വിനാഗിരിയുടെ ആന്റിമൈക്രോബയൽ പ്രവർത്തനം തലയോട്ടിയിലെ ഫംഗസ് വളർച്ച കുറയ്ക്കുന്നുവെന്നും അവർ പറഞ്ഞു. എണ്ണമയമുള്ള തലയോട്ടി ഉള്ളവർ കറ്റാർ വാഴ ഉപയോഗിക്കാമെന്നും വരണ്ട തലയോട്ടി ഉള്ളവർ നിർബന്ധമായും ഒലിവ് ഓയിൽ ഉപയോഗിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.