സോഷ്യൽ മീഡിയ രസകരമായ ഹാക്കുകളും നുറുങ്ങുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ചും ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന്റെ കാര്യത്തിൽ. എന്നാൽ എന്ത് ഹാക്ക് പരീക്ഷിക്കുന്നതിനു മുൻപും ഒരു പാച്ച് ടെസ്റ്റ് നടത്തി നോക്കുക. ആവശ്യമെങ്കിൽ ഒരു വിദഗ്ധനെ സമീപിക്കുക.
രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയിൽ രണ്ട് നുള്ള് ഉപ്പ് കലർത്തി അതിൽ വിരൽത്തുമ്പ് മുക്കി 15 മിനിറ്റ് നേരം വയ്ക്കുന്നത് നഖം വേഗത്തിലും ആരോഗ്യകരവും ശക്തവുമായ വളരാൻ സഹായിക്കുന്നതായി ബി നാച്ചുറൽ 302 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് കണ്ടത്. ഈ ഹാക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് വിദഗ്ധർ പറയുന്നു.
“നിങ്ങളുടെ വിരൽത്തുമ്പുകൾ 15 മിനിറ്റ് ഈ മിശ്രിതത്തിൽ മുക്കിവയ്ക്കുക. എന്നിട്ട് ചൂടുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇത് നഖങ്ങൾ രണ്ട് മടങ്ങ് വേഗത്തിലും, ആരോഗ്യകരമായും, കരുത്തുള്ളതായും വളരാൻ സഹായിക്കുന്നു” പോസ്‌റ്റിൽ പറയുന്നു.
പ്രായം, പോഷകാഹാരം, ഹോർമോണുകൾ, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങി നഖങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് ഖാർ, നാനാവതി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ. വന്ദന പഞ്ചാബി പറയുന്നു.
“ചെറുപ്പക്കാർക്ക് പ്രായമായവരേക്കാൾ വേഗത്തിൽ നഖങ്ങൾ വളരുന്നു. കൂടാതെ പുരുഷന്മാരിലും ഗർഭിണികളിലും മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തിൽ നഖങ്ങളുടെ വളർച്ച ഉണ്ടാകും. നഖങ്ങളുടെ വളർച്ചയുടെ ശരാശരി നിരക്ക് പ്രതിമാസം 3.77 മില്ലിമീറ്ററാണ്, നിങ്ങൾക്ക് ഒരു നഖം നഷ്ടപ്പെട്ടാൽ, അത് തിരികെ വളരാൻ ഏകദേശം ആറ് മാസമെടുത്തേക്കാം,” ഡോ. വന്ദന പറഞ്ഞു.
ഹൃദയം, കരൾ, വൃക്ക, തൈറോയ്ഡ് രോഗങ്ങൾ, സോറിയാസിസ്, ഫംഗസ് അണുബാധകൾ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ നഖങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നും അവയുടെ ആകൃതിയെയും മൊത്തത്തിലുള്ള രൂപത്തെയും ബാധിക്കുമെന്നും വിദഗ്ധ പറഞ്ഞു. “ചില പോഷകാഹാര കുറവുകളും ചില മരുന്നുകളും നഖങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാം,” ഡോ.വന്ദന പറഞ്ഞു.
അപ്പോൾ, ഹാക്ക് പ്രവർത്തിക്കുമോ?
ഉപ്പ്, വെളിച്ചെണ്ണ മിശ്രിതത്തിൽ നഖങ്ങൾ മുക്കിവയ്ക്കുന്നത് അവയുടെ വളർച്ചയെ ബാധിക്കുമെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. “വാസ്തവത്തിൽ, ഇത് ചില ആളുകളിൽ നഖത്തിന്റെ അണുബാധകൾക്ക് കാരണമായേക്കാം. നഖങ്ങൾ വേഗത്തിൽ വളരാൻ സഹായിക്കുന്ന ഒരു തൽക്ഷണ പ്രതിവിധി ഇല്ലെന്ന കാര്യം ശ്രദ്ധിക്കുക,”ഡോ. വന്ദന ഇന്ത്യൻ എക്സപ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
സാധാരണ ഉപ്പിനെക്കാൾ, കടൽ ഉപ്പ് “ശരീരത്തെയും ചർമ്മത്തെയും സന്തുലിതമാക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും അതേ സാന്ദ്രതയാണ് കടൽ വെള്ളത്തിനുള്ളത്,” ഫരീദാബാദിലെ റിവൈവ് സ്കിൻ, ഹെയർ ആൻഡ് നെയിൽ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റും മെഡിക്കൽ ഡയറക്ടറുമായ ഡോ. സന്ദീപ് ബബ്ബാർ വിശദീകരിക്കുന്നു.
“മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം എന്നിവ കടൽ ഉപ്പിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ചില ധാതുക്കളാണ്. അവ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും സെല്ലുലാർ ആശയവിനിമയത്തിനും പ്രധാനമാണ്. പുറംതൊലി, ചർമ്മം, നഖങ്ങൾ എന്നിവയെ ഉപ്പ് മൃദുവാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങയും ബേക്കിങ് സോഡയും നഖങ്ങളിലെ കറയും നിറവ്യത്യാസവും കുറയ്ക്കാൻ സഹായിക്കുകയും നഖങ്ങൾക്ക് തിളക്കമുള്ളതും ആരോഗ്യകരവുമായ രൂപം നൽകുന്നു,” ഡോ.സന്ദീപ് പറഞ്ഞു. ചെറുചൂടുള്ള വെള്ളത്തിൽ കടൽ ഉപ്പ് കലക്കിയശേഷം, നഖങ്ങൾ മുക്കിവയ്ക്കണമെന്ന് ഡോ.സന്ദീപ് പറയുന്നു.
ആരോഗ്യകരമായ നഖ വളർച്ച ഉറപ്പാക്കാൻ ചില പ്രകൃതിദത്ത വഴികൾ ഡോ. വന്ദന നിർദ്ദേശിക്കുന്നു.
- ആരോഗ്യകരവും ശക്തവുമായ നഖങ്ങൾക്ക് ശരിയായ പോഷകാഹാരമാണ് ഏറ്റവും പ്രധാനം. അതിനാൽ, പഴങ്ങളും പച്ചക്കറികളും, പ്രോട്ടീനുകൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നിറഞ്ഞ സമീകൃതാഹാരം കഴിക്കുക.
- ബയോട്ടിൻ അടങ്ങിയ മൾട്ടിവിറ്റമിൻ സപ്ലിമെന്റ് എടുക്കുക. ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളായ വാഴപ്പഴം, അവോക്കാഡോ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- ജെൽ, അക്രിലിക് നഖങ്ങൾ ഒഴിവാക്കുക.
- നഖം കടിക്കുന്നത് ഒഴിവാക്കുക.
- ക്യുട്ടിക്കിൾ ട്രിം ചെയ്യുന്നത് ഒഴിവാക്കുക.
- നഖങ്ങൾ ഡ്രൈയായും വൃത്തിയായും സൂക്ഷിക്കുക.
- കഠിനമായ സോപ്പുകളും ക്ലെൻസറുകളും ഒഴിവാക്കുക.
- ഹാൻഡ് ക്രീം, ലോഷൻ ഉപയോഗിച്ച് കൈകൾ ആവർത്തിച്ച് നനയ്ക്കുക. ഇത് നഖങ്ങളിൽ പുരട്ടുക. പ്രത്യേകിച്ച് ക്യുട്ടിക്കിൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത്.
- നഖങ്ങൾ പൊട്ടുകയോ പൊട്ടാൻ സാധ്യതയുള്ളതോ നിരത്തിൽ മാറ്റങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ഒരു ഡെർമറ്റോളജിസ്റ്റിനെ ഉടൻ സമീപിക്കുക, ഡോ. വന്ദന പറഞ്ഞു.