scorecardresearch
Latest News

വന്ധ്യതയ്ക്ക് കാരണമായി അടിവസ്ത്രങ്ങളും? ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പോളിസ്റ്റർ അടിവസ്ത്രങ്ങൾ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നുവോ? പഠനങ്ങൾ സൂചിപ്പിക്കുന്നത് എന്തെന്നറിയാം

വന്ധ്യതയ്ക്ക് കാരണമായി അടിവസ്ത്രങ്ങളും? ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

നമ്മൾ എന്താണ് കഴിക്കുന്നത് എന്നത് നമ്മളെ രൂപപ്പെടുത്തുന്നതുപ്പോലെ, നമ്മൾ ഏത് തരം തുണിത്തരങ്ങൾ ധരിക്കുന്നു എന്നത് ശരീരത്തിനെയും ബാധിക്കുന്നു. കൽക്കരി, എണ്ണ, വെള്ളം എന്നിവ സംയോജിപ്പിച്ച മനുഷ്യനിർമ്മിത ഫൈബർ മെറ്റീരിയലായ പോളിസ്റ്റർ ഫാബ്രിക് (അല്ലെങ്കിൽ പോളിയെത്തിലീൻ ടെറഫ്താലേറ്റ്) പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്ന്, ബയോഹാക്കർ ടിം ഗ്രേയുടെ വിശകലനത്തിൽ പറയുന്നു.

“ഇത് പുരുഷന്മാരിലും സ്ത്രീകളിലും ഗുരുതരമായ പ്രത്യുൽപാദന പ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭം അലസൽ, വന്ധ്യത, ലൈംഗികശേഷിയുടെ കുറവ് എന്നിവയെല്ലാം പോളിസ്റ്റർ വസ്ത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ”ഗ്രേ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.

പോളിസ്റ്റർ അടിവസ്ത്രങ്ങൾ ശ്വസനക്ഷമതയുടെ അഭാവവും പ്രത്യുൽപാദന പ്രവർത്തനത്തെ ബാധിക്കുന്നതും എങ്ങനെയെന്ന്, 1992 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് (എൻഐഎച്ച്) നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കി ഗ്രേ പറഞ്ഞു. പോളിസ്റ്ററിന്, പുരുഷന്മാർക്ക് 100 ​​ശതമാനം ഗർഭനിരോധന മാർഗ്ഗമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.

12 മാസത്തിനിടെ 14 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ, പോളിസ്റ്റർ സ്ലിങ് ധരിക്കുന്ന പുരുഷന്മാരിൽ എസോസ്പെർമിക് (ബീജത്തിൽ ശുക്ലം ഇല്ലാത്ത അവസ്ഥ) ഉണ്ടാകാമെന്ന് കണ്ടെത്തി. പുരുഷന്മാരിൽ ഇത് സുരക്ഷിതവും സ്വീകാര്യവും ചെലവുകുറഞ്ഞതുമായ ഗർഭനിരോധന മാർഗ്ഗമാണെന്നും പഠനത്തിൽ പറയുന്നു.

പോളിസ്റ്റർ സ്ലിംഗിന്റെ എസോസ്‌പെർമിക് അവസ്ഥ ഉണ്ടാകുന്നത് രണ്ട് കാരണങ്ങളാലാണ്:

  • വൃഷണത്തിന്റെ ഉള്ളിൽ ഒരു ഇലക്‌ട്രോസ്റ്റാറ്റിക് ഫീൽഡ് സൃഷ്ടിക്കുന്നു
  • ക്രമരഹിതമായ തെർമോ റഗുലേഷൻ (ശരീരത്തിന്റെ താപനില നിലനിർത്തുക)

24 നായ്ക്കളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് മറ്റൊരു പഠനം നടത്തിയിരുന്നു. ആദ്യത്തേത് നിയന്ത്രണ ഗ്രൂപ്പായി പ്രവർത്തിച്ചു, മറ്റേ ഗ്രൂപ്പിലുള്ള നായ്ക്കളെ പോളിസ്റ്റർ ഷോർട്ട്സ് ധരിപ്പിച്ചു. “24 മാസത്തിനുശേഷം, പോളിസ്റ്റർ ധരിച്ച നായ്ക്കൾക്ക് എസൂസ്‌പെർമിയ-ബീജത്തിൽ ശുക്ലം ഇല്ലാത്ത അവസ്ഥയുണ്ടായി-അവരുടെ ബീജസങ്കലനം തടസ്സപ്പെട്ടു. ബീജം ഉത്പാദിപ്പിക്കുന്ന സെമിനിഫറസ് ഗ്രന്ഥിയിലും മാറ്റങ്ങളുണ്ടായി,” ഗൈനക്കോളജിസ്റ്റും വന്ധ്യതാ വിദഗ്ധയുമായ ഡോ രുചി ഭണ്ഡാരി പറഞ്ഞു.

പോളിസ്റ്ററിലെ രാസവസ്തുക്കൾ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു, ഇതിനെ “എൻഡോക്രൈൻ തടസ്സപ്പെടുത്തുന്നവ” എന്നാണ് വിളിക്കുന്നതെന്ന് ഇന്റേണൽ മെഡിസിൻ വിഭാഗം ഡോ. ശ്രേയ് ശ്രീവാസ്തവ് പറഞ്ഞു. “പഠനമനുസരിച്ച്, ബീജങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിന് കാരണം പോളിസ്റ്റർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രോസ്റ്റാറ്റിക് ചാർജ്ജാണ്,” അദ്ദേഹം പറഞ്ഞു.

പോളിസ്റ്റർ പോലുള്ള സിന്തറ്റിക് തുണിത്തരങ്ങൾ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന കാരണങ്ങളെക്കുറിച്ച് ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രിക്‌സ് വിഭാഗം മേധാവിയുമായ ഡോ. അക്താ ബജാജ് വിശദീകരിക്കുകയും ചെയ്യുന്നു.

“ഏതാണ്ട് എല്ലായിടത്തും ലഭ്യമായ ഏറ്റവും പ്രചാരമുള്ള സിന്തറ്റിക് മെറ്റീരിയലാണ് പോളിസ്റ്റർ. ഇത് ചൂടിനെ അകത്തക്ക് എടുക്കുകയും മറ്റ് വസ്തുക്കളെ അപേക്ഷിച്ച് പോളിസ്റ്ററിൽ വായു സഞ്ചാരം കുറവാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അത്തരം വസ്തുക്കൾ കാരണം വൃഷണത്തിന്റെ താപനില ഉയരാം, ഇത് സ്ക്രോട്ടൽ ഹീറ്റ് സ്ട്രെസിന് കാരണമാകും,” ഡോ ബജാജ് പറഞ്ഞു.

സ്ത്രീകളിൽ, മറുപിള്ള (പ്ലാസെന്റാ) അഥവാ ഗര്‍ഭവേഷ്‌ടനത്തിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ടെന്ന് ബാംഗ്ലൂരിലെ ഐവിഎഫ്, റീപ്രൊഡക്റ്റീവ് മെഡിസിൻ കൺസൾട്ടന്റ് ഡോ. അരുണിമ ഹൽദാർ പറഞ്ഞു. “സ്ത്രീകളിൽ ഗർഭം അലസുന്നതിനും ഇംപ്ലാന്റേഷൻ പരാജയത്തിനും പോളിസ്റ്റർ കാരണമാകാം,” ഡോക്ടർ അരുണിമ പറഞ്ഞു.

അത്തരം വസ്തുക്കളുടെ തുടർച്ചയായ ഉപയോഗം ഉറക്കമില്ലായ്മ, വൃക്കകൾ, ചർമ്മം എന്നിവയുടെ രോഗങ്ങളിലേക്ക് നയിച്ചേക്കാമെന്നും അവർ സൂചിപ്പിച്ചു. “എല്ലായിടത്തും ലഭ്യമായ ഏറ്റവും പ്രചാരമുള്ള സിന്തറ്റിക് വസ്തുക്കളിൽ ഒന്നാണിത് എന്നതിൽ സംശയമില്ല, എന്നാൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, പോളിസ്റ്റർ നിങ്ങളുടെ ചർമ്മത്തിൽ സ്പർശിക്കാൻ പാടില്ല. കൂടാതെ, നിങ്ങൾ വിയർക്കുമ്പോൾ അത് വിയർപ്പിൽ ഭാഗികമായി അലിഞ്ഞുചേർന്ന് ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്ന ആന്റിമണി ഓക്സൈഡ് എന്ന രാസവസ്തുവിനെ പുറത്തുവിടുന്നു. ആന്റിമണി അർബുദത്തിന് കാരണമായെക്കാവുന്ന രാസവസ്തുവാണ്. ഇത് കരൾ, ഹൃദയം, വൃക്ക, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും, ”ഡോ ബജാജ് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു .

ഇത് വൃഷണസഞ്ചിയിലെ ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ, ചുവപ്പ്, ഡെർമറ്റൈറ്റിസ് കുമിളകൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. അരുണിമ പറഞ്ഞു. “പോളിസ്റ്റർ അടിസ്ഥാനപരമായി പ്ലാസ്റ്റിക്കാണ്, ഇതിന് മൈക്രോപ്ലാസ്റ്റിക്കായി വിഘടിക്കാൻ കഴിയും. അവയിൽനിന്നു പുറത്തുവരുന്ന രാസവസ്തുക്കളെ വൃഷണസഞ്ചിയിലെ ചർമ്മത്തിൽനിന്നു ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനാൽ, നിങ്ങൾ എന്താണ് തിരഞ്ഞെടുക്കേണ്ടത്?

ഇതുവരെ നടത്തിയ പഠനങ്ങൾക്ക് പരിമിതികളുണ്ടെന്നും മനുഷ്യന്റെ ആരോഗ്യത്തിൽ പോളിസ്റ്റർ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. “ഇതിനിടയിൽ, പോളിയെസ്റ്റർ ധരിക്കുന്നത് പ്രത്യുൽപാദനശേഷിയെയും ആരോഗ്യത്തെക്കുറിച്ചും ആശങ്കയുള്ള വ്യക്തികൾക്ക് പ്രകൃതിദത്ത വസ്തുക്കളിൽ നിന്നുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് പരിഗണിക്കാം,” ഡോ. ഭണ്ഡാരി പറഞ്ഞു. ഓർഗാനിക് കോട്ടൺ, സിൽക്ക് തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഡോ. ബജാജ് പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Does polyester underwear cause impotence