ചർമ്മസംരക്ഷണ ദിനചര്യകളുടെ ഭാഗമായി,പല പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം കണ്ടെത്താൻ പലരും മുഖത്ത് ഐസ് ക്യൂബുകൾ വയ്ക്കാറുണ്ട്. എന്നാൽ കോൾഡ് തെറാപ്പി എന്നറിയപ്പെടുന്ന ഈ ഐസ് ഫേഷ്യൽ വിശ്വസിക്കുന്നത്ര ഫലപ്രദമാണോ?
“സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെ അത്ഭുതകരമല്ലെങ്കിലും, ഫെയ്സ് ഐസിങ്ങിന് അതിന്റെതായ ഗുണങ്ങളുണ്ട്,” ഡെർമറ്റോളജിസ്റ്റായ ഡോ. ഗുർവീൻ വാരിച്ച് ഇൻസ്റ്റാഗ്രാമിൽ പറയുന്നു. ഐസ് ക്യൂബുകൾ മുഖത്ത് നേരിട്ട് ഉപയോഗിക്കുമ്പോൾ ചെയ്യാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങളും ഡോ. ഗുർവീൻ പറയുന്നു.
ആനുകൂല്യങ്ങൾ ഇവ
നീർക്കെട്ട് കുറയ്ക്കുന്നു: മുഖത്തെ ലിംഫറ്റിക് ഡ്രെയിനേജിൽ ഫെയ്സ് ഐസിംഗ് സഹായിക്കുന്നു. പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
സുഷിരങ്ങളുടെ വലിപ്പം കുറയുന്നു ( താത്കാലികം): “ഐസിങ് വാസ്കൺസ്ട്രിക്ഷന് (രക്തക്കുഴലുകളുടെ സങ്കോചം) കാരണമാകുന്നതിനാൽ, ഐസിങ് കഴിഞ്ഞയുടനെ നിങ്ങളുടെ സുഷിരങ്ങൾ ചെറുതാകുന്നതായി കാണപ്പെടുന്നു,” വിദഗ്ദധ പറയുന്നു. എന്നിരുന്നാലും, പ്രഭാവം താൽക്കാലികമാണ്. മേക്കപ്പ് ഉപയോഗിക്കുന്നതിനു മുൻപ് ഇത് ചെയ്യാവുന്നതാണെന്ന് ഡോ.ഗുർവീൻ പറയുന്നു.
വീക്കം കുറയ്ക്കുന്നു: ഈ ചെലവുകുറഞ്ഞ മാർഗത്തിലൂടെ വീക്കം കുറയ്ക്കാനും സാധിക്കും.
ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ:
- ഐസ് ക്യൂബുകൾ മുഖത്ത് നേരിട്ട് വയ്ക്കരുത്. മസ്ലിൻ തുണിയിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞു ഉപയോഗിക്കുക.
- ക്യൂബ് ഒരു സ്ഥലത്ത് തന്നെ സ്ഥിരമായി വയ്ക്കരുത്. മാറ്റി മാറ്റി വയ്ക്കുക.
- ഒരു ഫെയ്സ് ഐസിംഗ് ബൗൾ ഉപയോഗിക്കുമ്പോൾ, ഓരോ വട്ടവും അഞ്ച് സെക്കൻഡിൽ കൂടുതൽ മുഖം അതിൽ മുക്കരുത്. “രാവിലെയാണ് ഐസിംഗ് ചെയ്യാൻ പറ്റിയ സമയം. പരമാവധി 8-10 സൈക്കിളുകൾ ചെയ്യാം,” ഡോ.ഗുർവീൻ നിർദ്ദേശിച്ചു.
മൈഗ്രേൻ ഉള്ളവരാണെങ്കിൽ ഇത് ചെയ്യാതിരിക്കുക, കാരണം ഐസിങ് മൈഗ്രേൻ ട്രിഗർ ചെയ്യാം. ഐസിംഗ് ചർമ്മത്തിൽ നിർജ്ജലീകരണം ചെയ്യുന്നു. അതിനാൽ എപ്പോഴും അതിനുശേഷം മോയ്സ്ചറൈസർ ഉപയോഗിക്കുക.