കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ എന്തെല്ലാം കൊടുക്കണം എങ്ങനെ പരിപാലിക്കണം എന്നെല്ലാം പലർക്കും സംശയമാണ്. വ്യക്തമായ അറിവോടും ശ്രദ്ധയോടും കൂടെ വേണം കുഞ്ഞുങ്ങളെ പരിപാലിക്കാൻ. നന്നായി നോക്കുന്നതു മാത്രമല്ല, നല്ല പോഷകാഹാരങ്ങളും നവജാത ശിശുക്കൾക്ക് അത്യാവശ്യമാണ്. കുഞ്ഞ് ജനിച്ച് ആദ്യ 1000 ദിവസങ്ങളിൽ അതായത്, ഏകദേശം മൂന്ന് വയസ്സു വരെ മുതിർന്നവരെ അപേക്ഷിച്ച് അഞ്ചിരട്ടി പോഷകാഹാരം ഇവർക്ക് വേണമെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്.

ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് പോഷകം ലഭിച്ചില്ലെങ്കിൽ അവരുടെ വളർച്ചയേയും ബുദ്ധി വികാസത്തേയും ഇത് സാരമായി ബാധിക്കും. കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച് ഈ കാലയളവിൽ ആവശ്യത്തിന് പോഷകങ്ങളടങ്ങിയ ഭക്ഷണം നൽകണം. ഇത് കുട്ടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും പഠിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുളള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനായി ഇരുമ്പിന്റെ അംശം അത്യാവശ്യമാണ്. ഇത് കുഞ്ഞുങ്ങൾക്ക് ബുദ്ധി വളർച്ചയ്‌ക്ക് വളരെ ആവശ്യവുമാണ്. മുലപ്പാൽ കൂടാതെ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഈ പ്രായത്തിൽ വളരെയധികം ശ്രദ്ധിക്കണം. പോഷകാഹാരം ലഭിക്കാത്ത കുട്ടികൾക്ക് അണുബാധയ്‌ക്ക് സാധ്യത കൂടുതലാണ്.

ജീവിതകാലം മുഴുവൻ ആവശ്യത്തിനുളള പ്രതിരോധ ശക്തിയും ആരോഗ്യവും ഈ പ്രായത്തിലാണ് കുട്ടികൾ സമ്പാദിക്കുന്നത്. സാധാരണ കഴിക്കുന്ന ആഹാരത്തിനുപരി വൈറ്റമിനുകളും ധാതുക്കളും കുട്ടികൾക്ക് നൽകണമെന്നാണ് ഡോക്‌ടർമാർ ഉപദേശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ