/indian-express-malayalam/media/media_files/uploads/2017/11/doctor.jpg)
ഇന്ത്യയിൽ ഒരു രോഗിക്ക് വേണ്ടി ഡോക്ടർ ചിലവഴിക്കുന്നത് രണ്ട് മിനിറ്റിൽ താഴെ മാത്രം സമയമാണെന്ന് പഠനം. ആഗോള തലത്തിൽ നടത്തിയ പഠനത്തിൽ ആകെ രോഗികളിൽ പകുതി പേരെയും പരിശോധിക്കാൻ അഞ്ച് മിനിറ്റിൽ താഴെ മാത്രം സമയമേ ഒരു ഡോക്ടർ എടുക്കുന്നുള്ളൂവെന്നാണ് കണ്ടെത്തൽ. പട്ടികയിൽ ഏറ്റവും താഴെയുള്ള ബംഗ്ലാദേശിൽ 48 സെക്കന്റ് മാത്രമാണ് രോഗിയും ഡോക്ടറും തമ്മിലുള്ള കൂടിക്കാഴ്ച. അതേസമയം, യൂറോപ്യൻ രാജ്യമായ സ്വീഡനിൽ 22.5 മിനിറ്റ് സമയം രോഗിക്ക് ലഭിക്കുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഇന്ത്യയിൽ രണ്ട് മിനിറ്റിൽ താഴെ സമയം ചിലവഴിക്കപ്പെടുമ്പോൾ പാക്കിസ്ഥാനിൽ ഇത് 1.3 മിനിറ്റാണ്. ബ്രിട്ടീഷ് മെഡിക്കൽ ജേണലാണ് ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. "കുറഞ്ഞ പരിശോധനാ സമയം പരിതാപകരമായ ഫലമാണ് ഉണ്ടാക്കുന്നത്. ഡോക്ടർമാരെ സംബന്ധിച്ച് ഇത് ഏറെ അപകടസാധ്യതയുളവാക്കുന്നതുമാണ്", ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ആവശ്യകത ലോകത്താകമാനം വർധിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, പരിശോധന സമയത്തിലെ കണക്കുകൾ ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. 2.9 കോടി പരിശോധന സമയങ്ങൾ പഠന വിഷയമാക്കിയ 67 രാജ്യങ്ങളിലെ 178 പഠന റിപ്പോർട്ടുകളെ അധികരിച്ചുള്ള ഗവേഷണ പ്രബന്ധമാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ചത്. 1946 നും 2016 നും ഇടയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടുകളാണ് ഗവേഷണത്തിന് വിധേയമാക്കിയത്. ഇംഗ്ലീഷ്, ചൈനീസ്, ജാപ്പനീസ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ 178 പഠന റിപ്പോർട്ടുകളും.
"സർക്കാർ ആശുപത്രികളെ അധികരിച്ചുള്ള പഠന റിപ്പോർട്ടുകളാവും ഇവ"യെന്ന് ന്യൂഡൽഹിയിലെ ആകാശ് ഹെൽത്ത് കെയറിലെ എല്ലുരോഗ വിദഗ്‌ധനും ആശുപത്രിയുടെ മാനേജിങ് ഡയറക്ടറുമായ ഡോ. ആകാശ് ചൗധരി പറഞ്ഞു. "സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ആനുപാതികമായ ഡോക്ടർമാരുടെ എണ്ണമില്ല. വളരെ കുറച്ച് സമയമേ അപ്പോൾ ഒരു രോഗിക്ക് വേണ്ടി ചിലവഴിക്കാനാവൂ", അദ്ദേഹം പറഞ്ഞു.
ലോകത്തെ പാതിയോളം ജനസംഖ്യയുള്ള 15 ഓളം രാജ്യങ്ങളിൽ അഞ്ച് മിനിറ്റിൽ താഴെയാണ് പരിശോധന സമയം. വികസിത രാജ്യങ്ങളിൽ പരിശോധനാ സമയം ഓരോ വർഷവും ക്രമമായി വർധിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 12 സെക്കന്റ് മുതൽ 20 സെക്കന്റ് വരെയാണ് ഓരോ വർഷവും രോഗിക്ക് ഡോക്ടർമാരുടെ പക്കൽ അധികമായി ലഭിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us