ചർമ്മത്തിലും മുടി സംരക്ഷണത്തിലും ശ്രദ്ധിക്കുമ്പോൾ, നഖങ്ങൾക്കും ശ്രദ്ധ ആവശ്യമാണെന്ന് നമ്മളിൽ പലരും പലപ്പോഴും മറക്കുന്നു. നഖങ്ങൾ പൊട്ടുന്നത് തടയാനും ദുർബലവുമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
നഖങ്ങൾ പതിവായി സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പോഷകസമൃദ്ധമായ ഭക്ഷണക്രമവും നീളവും ബലമുള്ളതുമായ നഖങ്ങൾക്ക് ഒരുപോലെ പ്രധാനമാണ്. നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നത് എന്തുകൊണ്ടാണെന്ന് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത്.
പോഷകാഹാരക്കുറവ് നഖങ്ങൾ പൊട്ടുന്നതിന് കാരണമാകും, എന്നാൽ നഖം പൊട്ടുന്നതിന് കാരണമാകുന്ന മറ്റ് നിരവധി കാരണങ്ങളുണ്ടെന്ന് അവർ പറഞ്ഞു.
- വാർധക്യവും വരണ്ട ചർമ്മവും നഖങ്ങൾ പൊട്ടുന്നതിന് കാരണമാകാം.
- എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾ നഖങ്ങൾ പൊട്ടുന്നതിനും ദുർബലമാകുന്നതിനും ഇടയാക്കും.
- ലൈക്കൺ പ്ലാനസ്, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നഖങ്ങൾ പൊട്ടുന്നതിന് കാരണമാകും.
- ഇരുമ്പിന്റെ കുറവ്, ഫംഗസ് അണുബാധ, തിടുക്കത്തിൽ ചെയ്യുന്ന മാനിക്യൂർ എന്നിവയും നഖങ്ങൾ ദുർബലമാകാൻ ഇടയാക്കും.
- കയ്യുറകൾ ധരിക്കാതെ പാത്രങ്ങൾ കഴുകുക, വസ്ത്രങ്ങൾ കഴുകുക തുടങ്ങിയ ജോലികൾ നഖങ്ങൾ ദുർബലമാകാൻ ഇടയാക്കും.
നഖങ്ങൾ പൊട്ടുന്നതിന്റെ കാരണം കണ്ടെത്തി വേണം അവയ്ക്ക് ചികിത്സ തേടേണ്ടതെന്ന് ഡോ.പന്ത് പറയുന്നു. ഇതിനായ് ഒരു യോഗ്യതയുള്ള ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കണമെന്നും അവർ നിർദേശിച്ചു.
Read More: അകാലനര തടയാൻ 7 ടിപ്സ്