വിവാഹത്തിനോ ബെർത്ത്ഡേ പാർട്ടിക്കോ പോകാനായി ഒരുങ്ങുന്നവർ മുഖത്തെ കരുവാളിപ്പ് മാറി തിളക്കം ലഭിക്കാനായി പെട്ടെന്ന് സ്വീകരിക്കുന്ന മാർഗ്ഗമാണ് ബ്ലീച്ചിങ്. അനാവശ്യമായ രോമങ്ങൾ നീക്കാനും തിളക്കം നേടാനും പലരും ഇപ്പോഴും മുഖം ബ്ലീച്ച് ചെയ്യാൻ ഇഷ്ടപ്പെടുന്നു. അവർ അതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അറിയേണ്ടതും പ്രധാനമാണ്.
സ്കിൻ ബ്ലീച്ചിങ് ചർമ്മത്തെ പ്രതികൂലമായി ബാധിക്കും. ഹൈപ്പർപിഗ്മെന്റേഷൻ, കറുത്ത പാടുകൾ അല്ലെങ്കിൽ ടാനിങ് എന്നിവയിൽനിന്ന് രക്ഷ നേടാൻ ഇവ സഹായിച്ചേക്കാം, എങ്കിലും ഇത് നിങ്ങളുടെ ചർമ്മത്തെ പല തരത്തിൽ നശിപ്പിക്കും. ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിത്തൽ ഗുപ്ത ബ്ലീച്ചിങ്ങിന്റെ ദോഷഫലങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
“ഫെയ്സ് ബ്ലീച്ചിങ് വളരെ പഴക്കമുള്ള ഒരു രീതിയാണ്. അനാവശ്യ രോമം നീക്കാൻ മാത്രമല്ല, മുഖത്തിന് പെട്ടെന്ന് തിളക്കം ലഭിക്കാനും നമ്മളിൽ പലരും അത് ചെയ്യുന്നു. അതിന്റെ ഫലങ്ങൾ താൽക്കാലികമാണ്, അവ 28 മുതൽ 30 ദിവസം വരെ മാത്രമേ നിലനിൽക്കൂ. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, ബ്ലീച്ചിങ് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു,” ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.
- ബ്ലീച്ചിങ് ചർമ്മത്തെ പ്രകോപിപ്പിക്കും. പ്രകോപിതമായ ചർമ്മമോ, മുഖക്കുരു സാധ്യതയുള്ള ചർമ്മമോ, വരണ്ട ചർമ്മമോ ഉണ്ടെങ്കിൽ ബ്ലീച്ചിങ് ഒഴിവാക്കണം.
- മുഖത്തെ അനാവശ്യ രോമങ്ങൾ ഇല്ലാതാക്കുന്നതിനോ തൽക്ഷണ തിളക്കം നേടുന്നതിനോ ഉള്ള ഒരു താൽക്കാലിക പരിഹാരമാണിതെന്ന് അറിയേണ്ടതും പ്രധാനമാണ്. ലേസർ ഹെയർ റിഡക്ഷൻ അല്ലെങ്കിൽ ഡെർമാപ്ലാനിംഗ് ഇതിന് മികച്ച പരിഹാരമാണെന്ന് ഡെർമറ്റോളജിസ്റ്റ് പറയുന്നു.
- ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനോ കറുത്ത പാടുകൾ നീക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ചർമ്മ വിദഗ്ദ്ധനെ കാണുകയും ശരിയായ ചികിത്സ നേടുകയും ചെയ്യണം.
- നിങ്ങൾ ഇപ്പോഴും വീട്ടിൽ ബ്ലീച്ചിങ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വൃത്തിയുള്ളതും നന്നായി ഈർപ്പമുള്ളതുമായ മുഖത്ത് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നിശ്ചിത സമയത്തേക്ക് മാത്രം ബ്ലീച്ച് പ്രയോഗിക്കുക, അമിതമായി പോകരുത്.
- ബ്ലീച്ചിൽ കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ നേർത്തതാക്കുകയും കെമിക്കൽ റിയാക്ഷന് കാരണമാവുകയും ചെയ്യും.
- ബ്ലീച്ചിലെ മെർക്കുറി യുഎസ് നിരോധിത രാസവസ്തുവാണ്. ഹൈഡ്രോക്വിനോൺ, കോർട്ടികോസ്റ്റീറോയിഡുകൾ, മെർക്കുറി, ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം ഹൈപ്പോക്ലോറൈറ്റ്, കാൽസ്യം ഹൈപ്പോക്ലോറൈറ്റ്, സോഡിയം പെർകാർബണേറ്റ് തുടങ്ങിയ മറ്റ് രാസവസ്തുക്കൾ ഗുരുതരമായ ചർമ്മപ്രശ്നങ്ങൾക്കും കാരണമാകും.
- സ്കിൻ ബ്ലീച്ച് ഉപയോഗിക്കുന്നതിന്റെ ഫലമായി കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (ചർമ്മ വീക്കം) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അവർ പറയുന്നു. ചുവപ്പ്, നീർവീക്കം, ചൊറിച്ചിൽ, പൊള്ളൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
Read More: മുഖം ബ്ലീച്ച് ചെയ്യുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ