വെയിലേറ്റ് ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകളിൽനിന്നും രക്ഷ നേടാൻ സൺസ്ക്രീൻ പുരട്ടുന്നത് ഒരുപരിധിവരെ സഹായിക്കും. സൺസ്ക്രീനിന്റെ ഉപയോഗം ഡെർമറ്റോളജിസ്റ്റുകളും നിർദേശിക്കാറുണ്ട്. എന്നാൽ, നമ്മളിൽ പലരും തെറ്റായ രീതിയിലാണ് സൺസ്ക്രീൻ ഉപയോഗിക്കുന്നത്.
മുഖത്ത് മാത്രമാണ് പലരും സൺസ്ക്രീൻ പുരട്ടാറുള്ളത്. എന്നാൽ, സൺസ്ക്രീൻ പുരട്ടുമ്പോൾ ഒഴിവാക്കാൻ പാടില്ലാത്ത ചില ശരീര ഭാഗങ്ങളുണ്ട്. ഡെർമറ്റോളജിസ്റ്റ് ഡോ.ജയ്ശ്രീ ശാരദയുടെ അഭിപ്രായത്തിൽ ഈ ഭാഗങ്ങളൊന്നും ഒരിക്കലും ഒഴിവാക്കാൻ പാടില്ല.
മുഖത്തും, ചെവിയുടെ ഇരുവശത്തും, കഴുത്തിലും സൺസ്ക്രീൻ പുരട്ടണമെന്ന് ഡോ.ജയശ്രീ പറയുന്നു. കഴുത്തിന്റെ വശങ്ങളിലും സൺസ്ക്രീൻ പുരട്ടണമെന്നും അവർ നിർദേശിച്ചു. മുഖത്ത് പുരട്ടുമ്പോൾ നെറ്റിയുടെ വശങ്ങൾ വിട്ടുപോകരുത്. വെയിലേറ്റ് കൂടുതൽ കരുവാളിക്കുന്ന ഭാഗങ്ങളാണിവ.
സൺസ്ക്രീൻ എത്ര അളവാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചും ഡോ.ജയശ്രീ മുൻപ് പറഞ്ഞിരുന്നു. ഒന്നുകിൽ ടു ഫിംഗേഴ്സ് സൺസ്ക്രീൻ റൂൾ അല്ലെങ്കിൽ മുഖത്തും കഴുത്തിലും ഒരു ടീസ്പൂൺ പകുതി വീതം ഉപയോഗിക്കുക. പുറത്തേക്ക് പോകുന്നതിനു 15 മിനിറ്റ് മുൻപായി സൺസ്ക്രീൻ പുരട്ടണമെന്നും അവർ നിർദേശിച്ചു.