മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകൾ, മുഖക്കുരു തുടങ്ങി ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം വീട്ടുവൈദ്യമാണ് പലരും സ്വീകരിക്കാറുള്ളത്. കറ്റാർ വാഴ, കടല മാവ്, മഞ്ഞൾ, തൈര്, അസംസ്കൃത പാൽ, കുക്കുമ്പർ, തേൻ തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകൾ ചർമ്മത്തിൽ പരീക്ഷിക്കാറുണ്ട്.
പക്ഷേ, എല്ലാ ചേരുവകളും എല്ലാതരം ചർമ്മക്കാർക്കും അനുയോജ്യമാണോ?. ചർമ്മത്തിൽ ഇത്തരം ചില ചേരുവകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് വോക്കാർഡ് ഹോസ്പിറ്റൽസിലെ ഡോ.ശ്രദ്ധ ദേശ്പാണ്ഡെ പറയുന്നത് ഇതാണ്.
“വീട്ടിൽ തയ്യാറാക്കുന്ന വിവിധ ഫെയ്സ് പാക്കുകളിൽ സാധാരണയായി കടല മാവ് ഉപയോഗിക്കുന്നു, ഇത് മെക്കാനിക്കൽ എക്സ്ഫോളിയേഷന് സഹായിക്കും. മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്നു,” ഡോ. ദേശ്പാണ്ഡെ പറഞ്ഞു. വരണ്ടതും സെൻസിറ്റീവുമായ ചർമ്മമുള്ളവർ ഇത് ഉപയോഗിക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകി. കാരണം ഇത് ചർമ്മത്തിലെ ഈർപ്പം കുറയ്ക്കുകയും ചൊറിച്ചിലിനും തിണർപ്പിനും കാരണമാകും.
“മുഖക്കുരു സാധ്യതയുള്ള ചർമ്മമുള്ളവർ ജാഗ്രതയോടെ ഇത് ഉപയോഗിക്കണം. കാരണം, ഇത് സുഷിരങ്ങളെ അടച്ച് മുഖക്കുരുവിന് കാരണമാകാം,” അവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഫെയ്സ് പാക്കുകളിൽ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു ഘടകം നാരങ്ങയാണ്. “ഇതിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ പതിവായി നേരിട്ട് ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ, പൊള്ളൽ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവയ്ക്ക് കാരണമാകും. അതിനാൽ ഇത് ഒഴിവാക്കുകയോ മിതമായി ഉപയോഗിക്കുകയോ ചെയ്യണം,” അവർ പറഞ്ഞു.
”മഞ്ഞൾ ഉൾപ്പെടെ ഫെയ്സ് പാക്കുകളിലെ ഏതു ചേരുവകളും ചർമ്മത്തിന് അലർജിയുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ മുഖത്ത് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്,” അവർ പറഞ്ഞു.