Diwali 2020 (Deepavali 2020) Date in India: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് ദീപാവലി. വെളിച്ചത്തിന്റേയും ശുഭാപ്തിവിശ്വാസത്തിന്റേയും പര്യായമായി ദീപാവലി കരുതപ്പെടുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി. എല്ലാ വർഷവും ഉത്സവത്തിന്റെ തീയതികൾ വ്യത്യാസപ്പെടുന്നു. ഈ വർഷം നവംബർ 14ന് ശനിയാഴ്ചയാണ് ദീപാവലി വരുന്നത്.
ഹിന്ദു കലണ്ടർ പ്രകാരം കാർത്തിക കഴിഞ്ഞ് 15ാം നാൾ അമാവാസി ദിനത്തിൽ അതായത് കറുത്തവാവിനാണ് ദീപാവലി ആഘോഷിക്കുന്നത്. കൊയ്ത്തുകാലത്തിന്റെ അവസാനത്തോടെ ആഘോഷിക്കുന്നതിനാൽ അത് സമ്പത്തിന്റെയും സന്തോഷത്തിന്റെയും കൂടി ഉത്സവമായി കണക്കാക്കപ്പെടുന്നു. ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്.
ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
ദീപാവലിക്ക് മുന്നോടിയായി ആളുകൾ വീടുകളും തൊഴിൽ സ്ഥലങ്ങളും വൃത്തിയാക്കുകയും ചെയ്യുന്നു. പുതുവസ്ത്രങ്ങളണിഞ്ഞും വീടുകളിലും തെരുവുകളിലും ദീപാലങ്കാരങ്ങള്‍ തൂക്കിയും മധുര പലഹാരങ്ങള്‍ കൈമാറിയും ദീപാവലി കൊണ്ടാടുന്നു.
Diwali, Deepavali Rangoli Designs: ദീപാവലിക്ക് വീട്ടിൽ ഒരുക്കാൻ ചില കിടിലൻ രംഗോലി ഡിസൈനുകൾ
പുരാണമനുസരിച്ച്, ഏഴാം നൂറ്റാണ്ടിലെ നാഗാനന്ദ എന്ന സംസ്കൃത നാടകത്തിൽ ദീപാവലിയെ ദീപപ്രതിപാടുത്സവ എന്നാണ് വിളിച്ചിരുന്നത്. അന്നേദിവസം വിഷ്ണുവിന്റെയും ലക്ഷ്മിയുടെ ദേവിയുടെയും സ്മരണയ്ക്കായി നവദമ്പതികൾക്ക് സമ്മാനങ്ങളും വിളക്കുകളും മറ്റും നൽകുന്നു.
ഒൻപതാം നൂറ്റാണ്ടിലെ കവി രാജശേഖറിന്റെ കൃതിയിൽ ഇതിനെ ദീപമാളിക എന്ന് പരാമർശിക്കുന്നു, അവിടെ വീടുകൾ വൃത്തിയാക്കുകയും വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്ന പാരമ്പര്യങ്ങൾ പരാമർശിക്കപ്പെടുന്നു. പേർഷ്യൻ സഞ്ചാരിയും ചരിത്രകാരനുമായ അൽ-ബിരുണിയുടെ പതിനൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പിലും ഉത്സവത്തെക്കുറിച്ച് പരാമർശമുണ്ട്.
ശ്രീരാമനും സീതയും 14 വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ചിലർ ദീപാവലി ആഘോഷിക്കുന്നത്. മറ്റു ചിലർ 12 വർഷത്തെ വനവാസത്തിന് ശേഷം പഞ്ച പാണ്ഡവന്മാർ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചും ആഘോഷിക്കുന്നു.