വിവാഹദിനത്തിൽ ഏറ്റവും ഭംഗിയോടെ പ്രത്യക്ഷപ്പെടാനാണ് ഏവരും ആഗ്രഹിക്കുക. വിവാഹത്തിനായി തയ്യാറെടുക്കുന്ന മിക്ക പെൺകുട്ടികളും അവരുടെ സൗന്ദര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചർമ്മസംരക്ഷണത്തിന് കൂടുതൽ ഊന്നൽ കൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം.
വിവാഹദിനം അടുക്കുന്തോറും പല പെൺകുട്ടികളും ഉത്കണ്ഠാകുലരാകുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ എളുപ്പത്തിൽ ഇവ കൈകാര്യം ചെയ്യാൻ കഴിയും. “ശരീരം ശരിയായ രീതിയിൽ പോഷിപ്പിക്കപ്പെടുകയും മതിയായ വ്യായാമം ലഭിക്കുകയും ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് സുന്ദരിയായി തിളങ്ങാൻ കഴിയില്ല,” പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറഞ്ഞു.
ചില സ്ത്രീകൾക്ക്, വിവാഹത്തിന് മുൻപുള്ള മാസങ്ങൾ ഏറ്റവും സമ്മർദ്ദകരമായിരിക്കും. കഠിനമായ വ്യായാമമുറകളിലേക്ക് പലരും പോകാറുണ്ട്. ഈ സമ്മർദ്ദത്താൽ വിവാഹിതരാകാൻ പോകുന്ന പല പെൺകുട്ടികളും അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ക്രാഷ് ഡയറ്റുകൾ പിന്തുടരുകയോ ചെയ്യുന്നു.
വിവാഹത്തിനൊരുങ്ങുന്ന പെൺകുട്ടികൾക്കു വേണ്ടി ചില ലളിതമായ ഡയറ്റ് ടിപ്സുകളും അഞ്ജലി പങ്കുവച്ചു.
- മൂന്നു നേരമായി ഭക്ഷണം കഴിക്കാതെ, കുറഞ്ഞ അളവിൽ അഞ്ചോ ആറോ തവണയായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നത് വഴി സമ്മർദ്ദം മൂലമുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയും. കൂടാതെ, നിങ്ങളുടെ ഭാരം നിയന്ത്രിക്കാനുള്ള നല്ലൊരു തന്ത്രമാണിത്. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.
- പച്ചക്കറി ജ്യൂസ് കഴിക്കുക: തക്കാളി, ചീര, ചുരക്ക, പുതിനയില, മല്ലിയില എന്നിവ ജ്യൂസ് അടിച്ചു കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശവും ദുർഗന്ധവും ഇല്ലാതാക്കാൻ സഹായിക്കുന്നു.
- പ്രോട്ടീൻ ഉൾപ്പെടുത്തുക: ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് പ്രോട്ടീൻ. കുറഞ്ഞത് 40 മുതൽ 45 ഗ്രാം വരെ പ്രോട്ടീൻ ഉൾപ്പെടുത്തണം. മത്സ്യം, മുട്ടയുടെ വെള്ള, പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.
- ഓറഞ്ച് ജ്യൂസ്: ഓറഞ്ച് ജ്യൂസ് നിങ്ങളുടെ ചർമ്മത്തിനും മുടിക്കും തിളക്കം സമ്മാനിക്കും. മാത്രമല്ല, ശരീരത്തിന് എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന ഘനീഭവിച്ച പോഷകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. “നിങ്ങൾക്ക് അമിതഭാരമില്ലാത്തപ്പോൾ മാത്രം ഇത് കുടിക്കുക,” അഞ്ജലി കൂട്ടിച്ചേർത്തു.
- ശുദ്ധീകരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക: മൈദയോ ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന റുമാലി റൊട്ടി, നാൻ, നൂഡിൽസ് മുതലായ ഭക്ഷണങ്ങൾ ഒഴിവാക്കുക. കാരണം അവ ശരീരത്തിൽ ജലാംശം നിലനിർത്തുകയും വയർ വീർത്തിരിക്കുന്നതായി തോന്നുകയും ചെയ്യും.
- നിങ്ങൾക്ക് മുഖക്കുരു ഉണ്ടെങ്കിൽ, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ പ്രതിദിനം 4-5 ടീസ്പൂണിൽ കുറവ് എണ്ണ മാത്രം ഉൾപ്പെടുന്ന രീതിയിൽ ഭക്ഷണത്തെ ക്രമീകരിക്കുക.
- കരിക്കിൻവെള്ളം ആഴ്ചയിൽ രണ്ടുതവണയെങ്കിലും കുടിക്കുക, ഇത് നിങ്ങളുടെ ചർമ്മത്തിനും ദഹനവ്യവസ്ഥയ്ക്കും നല്ലതാണ്. മാത്രമല്ല, നിങ്ങളുടെ മുടിയിലും ഇവ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും.
- ഒരു ദിവസം 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുക.
- ഭക്ഷണത്തിൽ ആവശ്യത്തിന് കാൽസ്യം ഉണ്ടെന്ന് ഉറപ്പാക്കുക.