ശ്വാസകോശം, സ്പോഞ്ച്, തീവണ്ടി, ദ്രാവിഡ് പുകവലിക്കാർക്ക് പതിച്ച് നൽകിയിരിക്കുന്ന പേരുകളിൽ ചിലതാണ് ഇവ. ദ്രാവിഡിന് ദുരന്തം എന്നാണ് പര്യായമെങ്കിലും ലഹരിവസ്തുക്കൾക്ക് എതിരായ പരസ്യം തെല്ലൊന്നുമല്ല ദ്രാവിഡിനെ ഓർമ്മിപ്പിക്കുന്നത്. പുകവലി ലോകത്ത് കാൻസർ രോഗത്തിന് കാരണമാകുന്ന പ്രധാന ദുഃശ്ശീലമാണെന്നത് തെളിയിക്കപ്പെട്ടതാണ്.

സിഗരറ്റിലൂടെയല്ലാതെയുളള എല്ലാ പുകയും നല്ലതാണോയെന്ന് പലരും ചിന്തിച്ച് കാണും. വായു മലിനമായാൽ അത് നമ്മുടെ ഉച്ഛ്വാസ വായുവിലൂടെ ശരീരത്തിലെത്തുകയും അവിടെ വച്ച് മാരകരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ ഈ കൂട്ടത്തിൽ ഇതുവരെയും നമ്മളാരും ചന്ദനത്തിരികളെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ചൈനയിൽ നിന്നുളള ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഇത്തരം അഗർബത്തികൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നാണ്. സിഗരറ്റുകൾ പോലെ തന്നെ മാരകമായ കാൻസർ രോഗ വാഹകരാണ് ഇവയെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഇവ കത്തിക്കുമ്പോൾ ഉണ്ടാവുന്ന പുകയിലെ മൂന്ന് ഘടകങ്ങളാണ് വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മ്യുട്ടാജെനിക് എന്ന ഘടകം കോശങ്ങളെ നിർജീവമാക്കുന്നുവെന്നും ഇതുവഴി കാൻസർ ബാധിക്കാമെന്നാണ് കണ്ടെത്തൽ. ജെനെറ്റിക് മ്യൂട്ടേഷൻ ഡിഎൻഎയെ തന്നെ പ്രതികൂലമായി ബാധിക്കും.

ഉച്ഛ്വാസ വായുവിൽ പോകുന്ന ഈ പുകയിലയിലെ വിഷപദാർത്ഥങ്ങൾ ശ്വാസനാളത്തിൽ പല ഭാഗത്തായി തങ്ങിനിൽക്കുമെന്നും പഠനം പറയുന്നു. പുക കൂടുതൽ നേർത്തതായതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിന് പുറമെ, സുഗന്ധത്തിനായി ചേർക്കുന്ന രാസവസ്തുക്കൾ അപകടസാധ്യത വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

സൗത്ത് ചൈനയിലെ സാങ്കേതിക സർവ്വകലാശാലയിലെ പ്രൊഫ റോങ് സൂ ആണ് പഠനം നടത്തിയതിന് പിന്നിൽ. എൻവയോൺമെന്റൽ കെമിസ്ട്രി ഓഫ് ലെറ്റേർസിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook