കാണാതായ വജ്രമോതിരം 12 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടി. കാനഡയിലെ കാംറോസിലാണ് അപൂര്‍വ്വമായ സംഭവം നടന്നത്. 2004ലാണ് 84കാരിയായ മേരി ഗ്രാംസിന് തന്റെ വിവാഹ നിശ്ചയ മോതിരം വീട്ടിനടുത്തുളള തോട്ടത്തില്‍ വെച്ച് നഷ്ടമായത്. തോട്ടം പരിചരിക്കുന്നതിനിടെയായിരുന്നു സംഭവം.

തോട്ടത്തില്‍ വളര്‍ന്ന കാട് വൃത്തിയാക്കുന്നതിനിടെയാണ് മോതിരം നഷ്ടമായത്. തുടര്‍ന്ന് ദിവസങ്ങളോളം സ്ഥലത്ത് തിരച്ചില്‍ നടത്തിയെന്നും കണ്ടെത്താനായില്ലെന്നും മേരി പറയുന്നു. 1951ല്‍ വിവാഹത്തിന് ഒരു മാസം മുമ്പാണ് ഭര്‍ത്താവായ നോര്‍മ്മന്‍ മോതിരം മേരിക്ക് സമ്മാനിച്ചത്. 2004 സെപ്റ്റംബറില്‍ മോതിരം കാണാതായതോടെ മറ്റൊരു മോതിരം വാങ്ങി വിരലിലിട്ടു. ഭര്‍ത്താവിനോട് മോതിരം നഷ്ടപ്പെട്ട വിവരവും മേരി പറഞ്ഞില്ല. അഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച്ച ഫാമില്‍ നിന്നും കാരറ്റുകള്‍ വിളവെടുപ്പ് നടത്തുന്നതിനിടെയാണ് മോതിരം തിരികെ കിട്ടിയത്. മേരിയുടെ മരുമകളാണ് വര്‍ഷങ്ങളായി മണ്ണിനടിയില്‍ മോതിരം കാത്തു സൂക്ഷിച്ച കാരറ്റ് പിഴുതെടുത്തത്. മോതിരം അണിഞ്ഞ വിരല് പോലെയായിരുന്നു കാരറ്റുണ്ടായിരുന്നത്. മോതിരം തിരികെ കൊണ്ടുവന്നപ്പോള്! തന്നെ കളിയാക്കുകയാണെന്നാണ് മേരി ആദ്യം കരുതിയത്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മോതിരമാണെന്ന് തിരിച്ചറിയുകയായിരുന്നു. മോതിരം ഇപ്പോഴും തനിക്ക് പാകമാണെന്ന് മേരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ