ജോണി വാക്കർ എന്നാലെന്തെന്ന് ആർക്കും അധികം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ആ പേര് കേൾക്കുമ്പോൾ തന്നെ മനസിൽ തെളിയുന്ന ചിത്രമില്ലേ… അതൊരു സ്ത്രീയായാൽ എങ്ങിനെയിരിക്കും? അത്തരത്തിലൊരു മാറ്റമാണ് ജോണി വാക്കർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കോച്ചായ ജോണി വാക്കർ ലിംഗ സമത്വത്തിലേക്ക് ചുവടുവയ്ക്കുകയാണ് എന്നാണ് അവരുടെ വാദം. എന്നാൽ ഇത് മാത്രമല്ല, ജെയ്ൻ വാക്കർ എന്ന് പേരിട്ടിരിക്കുന്ന പുതിയ ലോഗോ അവതരണത്തിന് പിന്നിലെ രഹസ്യം.

അമേരിക്കയിൽ പുറത്തിറങ്ങുന്ന ലിമിറ്റഡ് എഡിഷൻ വിസ്‌കിയിലാണ് ജെയ്ൻ വാക്കർ ലോഗോ കയറിക്കൂടിയിരിക്കുന്നത്. കാൽനീട്ടിനടക്കുന്ന നീളൻ കോട്ടിട്ട, കൈയ്യിൽ ഊന്നുവടിയും തലയിൽ തൊപ്പിയും വച്ച സ്ത്രീ ആയിരിക്കും ഈ ലോഗോ. സ്ത്രീകളുടെ ആഘോഷങ്ങൾക്ക് ഈ ബ്രാന്റിലൂടെ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയാണ് ബ്രാന്റ് ഉടമയായ ഡിയാജിയോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുളളതെന്ന് ജോണി വാക്കർ വൈസ് പ്രസിഡന്റ് സ്റ്റെഫാനി ജേക്കബി പറഞ്ഞു.

ഒരു സെഗ്‌മെന്റ് എന്ന നിലയിൽ സ്കോച്ച് ഉപയോഗിക്കാൻ സ്ത്രീകൾ എന്നും ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് സ്കോച്ച് ഉപയോഗിക്കാൻ ഇതൊരു അസുലഭ അവസരമാണെന്ന് കമ്പനി അവകാശപ്പെടുന്നത്. സ്ത്രീകളെ സ്കോച്ചിലേക്ക് ആകർഷിക്കാനാണ് ഈ ലോഗോ മാറ്റം.

മാർച്ചിൽ ജെയ്ൻ വാക്കർ എന്ന് പേരിട്ടിരിക്കുന്ന ബ്രാന്റിൽ 250000 ബോട്ടിലുകൾ അമേരിക്കയിലെങ്ങും വിൽപ്പനയ്ക്ക് എത്തും. ഒരു ബോട്ടിലിന് ഒരു ഡോളർ എന്ന കണക്കിൽ രണ്ടര ലക്ഷം ഡോളർ ഡിയാജിയോ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് സംഭാവനയായി നൽകും.

“ജെയ്ൻ വാക്കർ ജോണി വാക്കറുടെ ആദ്യത്തെ പെൺരൂപത്തിലുളള ആവർത്തനമാണ്. കാൽനീട്ടി നടക്കുന്ന ജോണിയും ജെയ്‌നും ഒരുമിച്ച് കൂടുതൽ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്,” സ്റ്റെഫാനി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook