Managing blood sugar levels during Ramadan: വിശുദ്ധ റംസാൻ നോമ്പുകാലത്ത് പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ് പ്രമേഹ രോഗികള്‍ക്ക് നോമ്പ് പിടിക്കാമോ? ഈ ചോദ്യം എത്രയോ കാലങ്ങളായി ചോദിക്കുന്നു. ചരിത്രത്തിലാദ്യമായ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ഡയബറ്റിസ് ആൻഡ് റമസാന്‍ ഇന്റര്‍നാഷണല്‍ അലയന്‍സും(ഡിഎആര്‍) കൂടി ചേര്‍ന്ന് ഒരു പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശം കഴിഞ്ഞ വർഷം പുറത്തിറക്കി. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമുണ്ടൊരു സവിശേഷത, ഇത് ഡോക്ടർമാർ മാത്രം പുറത്തിറക്കിയിരിക്കുന്ന ഒന്നല്ല.
ഈ പ്രായോഗികമാര്‍ഗ്ഗനിര്‍ദ്ദേശം ഉന്നത മതനേതാക്കള്‍കൂടി ചേര്‍ന്ന് രൂപീകരിച്ചിട്ടുളളതാണ്. നോമ്പ് പിടിക്കാമോ എന്നു ചോദിച്ചാല്‍ മതചാരപ്രകാരം വിശുദ്ധ ഖുറാന്‍ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കരുത് എന്നാണ്. പ്രമേഹ രോഗികള്‍ വ്രതമെടുക്കാന്‍ പാടില്ല എങ്കില്‍ കൂടിയും ബഹുഭൂരിപക്ഷം രോഗികളും അത് എതു മത വിശ്വാസികളുമായിക്കൊളളട്ടെ അവര്‍ ആചാരങ്ങളുടെ ഭാഗമായി വ്രതമെടുക്കാറുണ്ട്. വിശുദ്ധ ഖുറാനിലെ രണ്ടാം അധ്യായമായ അല്‍ബക്കറ 183, 185 സൂക്തങ്ങൾപ്രകാരം ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കുന്നതിനു പകരം നന്മനിറഞ്ഞ കാര്യങ്ങൾ ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ അത് ഏത് അവസ്ഥയിലാണെങ്കില്‍പോലും ഈ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരുപാടൊരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
Read Here: Diabetes: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍
വളരെ ലഘുവായി അക്കാര്യങ്ങള്‍ ഇവിടെ പ്രതിപാദിക്കാം .
IDF-DAR International Alliance Practical Guidlines have been endorsed by Shawki Ibrahim Allam, the Mufti of the Arab Republic of Egypt. ഒരു പക്ഷെ ആഗോളതലത്തില്‍ ഏവരും ഒരുപാടാരാധിക്കുന്ന, ബഹുമാനിക്കുന്ന മതാചാര്യന്‍കൂടി ഈ പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശരിയാണ് എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ഏറ്റവും പ്രധാനം ആരോഗ്യ വിദ്യഭ്യാസമാണ്. റമസാൻ നോമ്പ് വേളയിൽ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. രോഗികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഔഷധങ്ങള്‍, അവയുടെ ഡോസ്, അവയുടെ സമയം, അതെങ്ങനെ പുനര്‍ക്രമീകരിക്കണം എന്നിവ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. ഈ മാർഗനിർദേശങ്ങൾ ഫലവത്താവകണമെങ്കിൽ ഇതിനുളള വിദ്യാഭ്യാസം രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, സമൂഹത്തിനു മൊത്തമായിട്ടും നല്‍കണം.
പ്രമേഹമില്ലാത്തൊരാള്‍ വ്രതമെടുക്കുമ്പോള്‍ ശരീരഭാരം കുറയാം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് ഇവയെല്ലാം അനുവദനീയമായ അളവുകളിലേക്കുവരാം. അങ്ങനെ ഗുണകരമായ പലതും സംഭവിക്കാം, പക്ഷെ പ്രമേഹ രോഗികള്‍ക്ക് അത് വളരെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രമേഹമാണെങ്കിലും, പ്രമേഹത്തിന്റെ പ്രാരംഭവസ്ഥയിലാണെങ്കിലും, പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും, ഇഫ്താര്‍ വേളയിലും, രാത്രികാലങ്ങളിലും, ഭക്ഷണം കൂടുതല്‍ കഴിക്കുമ്പോഴും, അത് വേഗത്തില്‍, സമയങ്ങളിൽ കഴിക്കുമ്പോഴും, ശരീരത്തില്‍ പല വ്യതിയാനങ്ങളും സംഭവിക്കുന്നു. അത് പ്രമേഹ രോഗചികിത്സയിലും, ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്കു കാരണമാകുന്നു. International Diabetes Federation Diabetes & Ramadan Practical Guidelines പ്രകാരം രോഗികളെ മൂന്നു കാറ്റഗറിയായി തരംതിരിക്കാം.
1. വെരി ഹൈ റിസ്‌ക് – വെരി ഹൈ റിസ്‌ക് എന്നു പറയുമ്പോള്‍ കഴിയുന്നതും നോമ്പ് എടുക്കാനേ പാടില്ല
2. ഹൈ റിസ്‌ക് – ഹൈ റിസ്‌ക് നോമ്പ് എടുക്കാന്‍ പാടില്ല
3. മോഡറേറ്റ് അല്ലെങ്കില്‍ ലോ റിസ്‌ക് – ഇവിടെ നോമ്പ് എടുക്കാം, പക്ഷെ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നമുക്കിനി ഈ മൂന്ന് തരക്കാര്‍ എതൊക്കെയാണ് ശ്രദ്ധിക്കാം.
കാറ്റഗറി 1
ഏറ്റവുംകൂടുതല്‍ അപകടമുളള സാഹചര്യങ്ങള്‍ – ഈ രോഗികള്‍ വ്രതമെടുക്കുവാന്‍ പാടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറഞ്ഞുപോയിട്ടുളളവര്‍, കൂടിപ്പോയിട്ടുളളവര്‍, പ്രമേഹം കാരണമുളള വൃക്കരോഗമുളളവര്‍, പഞ്ചസാര കുറഞ്ഞുപോയാല്‍ അതു തിരിച്ചറിയുവാന്‍ കഴിയാത്തവര്‍, ചികിത്സ പരാജയപ്പെട്ടിട്ടുളള ടൈപ്പ് 1 പ്രമേഹരോഗികള്‍, പ്രായമായ പ്രമേഹരോഗികള്‍, ഒപ്പം, മറ്റ് പ്രമേഹസംബന്ധമായ രോഗങ്ങളും ഉളളവര്‍.
കാറ്റഗറി 2
ഹൈ റിസ്‌ക് ആണ്. വ്രതമെടുക്കാന്‍ പാടില്ല. ഇതില്‍ ഉള്‍പ്പെടുന്ന രോഗികള്‍ ഇവരൊക്കെയാണ്: ടൈപ്പ് 2 പ്രമേഹം, പക്ഷെ അനിയന്ത്രിതം, എപ്പോഴും പഞ്ചസാര കൂടിനില്‍ക്കുന്നു. പ്രമേഹത്തോടൊപ്പം മറ്റ് അനുബന്ധരോഗമുളള ആള്‍ക്കാര്‍, പ്രമേഹരോഗത്തോടൊപ്പം ഒരുപാട് ജോലി ചെയ്യേണ്ട ആള്‍ക്കാര്‍ , അതോടൊപ്പം ചില ഔഷധങ്ങള്‍ പ്രമേഹത്തിനുവേണ്ടി ഉപയോഗിക്കുന്നവരും ഈ കാറ്റഗറിയില്‍പ്പെടും. എന്നാൽ, ടൈപ്പ് 1 പ്രമേഹം വളരെ നിയന്ത്രണ വിധേയമാണെങ്കില്‍പ്പോലും വ്രതമെടുക്കുന്നത് വളരെ അപകടമായിമാറും.
കാറ്റഗറി 3
ലോ ടു മോഡറേറ്റ് റിസ്‌ക് ആണ്. ഈ കാറ്റഗറിയില്‍പ്പെടുന്നത് പ്രമേഹം നന്നായി ചികിത്സിക്കുന്ന രോഗികള്‍, ഉദാഹരത്തിന് ഔഷധങ്ങള്‍ ഒന്നും ഉപയോഗിക്കാതെ, ഭക്ഷണ നിയന്ത്രണത്തിലൂടെ, വ്യായമത്തിലൂടെ പ്രമേഹം നിയന്ത്രിച്ച് നില നിര്‍ത്തികൊണ്ടുപോകുന്നവര്‍, മറ്റുചില പ്രത്യേക ഔഷധങ്ങള്‍ ഉപയോഗിക്കുന്നവര്‍, പഞ്ചസാര തീരെ കുറഞ്ഞുപോകുവാന്‍ സാധ്യതയില്ലാത്ത ഔഷധങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവർ ഈ കാറ്റഗറിയിൽ പെടുന്നു. ഒരു കാറ്റഗറിയിലും നമുക്ക് നോ റിസ്‌ക് ഇല്ല. അതായത് പ്രമേഹത്തിന്റെ പ്രാരംഭവസ്ഥയിലാണെങ്കിലും, പ്രമേഹം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വ്രതമെടുക്കുമ്പോള്‍ റിസ്ക് തീരെയില്ലാത്ത അവസ്ഥ വരുന്നില്ല, തലങ്ങളായി തരം തിരിക്കാന്‍ കഴിയും എന്നു മാത്രമേയുളളു.

പുണ്യമാസക്കാലത്ത് വ്രതമെടുക്കുന്ന പ്രമേഹ രോഗികള്‍ക്ക് വ്യായമം ആകാമോ?
കഠിനമായ വ്യായാമം പാടില്ല, ലഘുവായ വ്യായാമങ്ങള്‍ പ്രശ്‌നമില്ല. വ്യായാമവേളകളില്‍ രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുവാനുളള സാധ്യത കൂടുതലാണ് അത് ഓർമവേണം. കൂടാതെ പ്രാര്‍ത്ഥാനവേളകള്‍, നിസ്‌കാരങ്ങള്‍ ഇവയെല്ലാം ലഘുവ്യായാമങ്ങളായി കൂടി പരിഗണിക്കാവുന്നതാണ്. വിശുദ്ധ ഖുറാന്‍ നിര്‍ദ്ദേശപ്രകാരം പ്രമേഹം പോലെയുളള രോഗമുളളവര്‍ക്ക് വ്രതമെടുക്കേണ്ടതില്ല എന്ന ഇളവ് അനുവദിച്ചിട്ടുണ്ട്. അഥവാ നോമ്പ് സ്വീകരിക്കുവാന്‍ തയാറാവുകയാണെങ്കില്‍ വിദഗ്‌ദ്ധ നിര്‍ദ്ദേശം തേടുക, അതിന് വിദ്യാഭ്യാസം സ്വീകരിക്കുക. ചില മരുന്നുകള്‍, ഉദാഹരണത്തിന് പുത്തന്‍ തലമുറയിലെ ചില ഗുളികളും ഇന്‍ജക്ഷനുകളും രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞുപോകാതെയും, കൂടിപോകാതെയും സംരക്ഷിക്കുന്നവയാണ്. ഏറ്റവും നല്ലത് ഒരുപക്ഷ ഇന്‍സുലിന്‍ പമ്പ് ചികിത്സയാണ്. രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകാതെ അത് എപ്പോഴും നമ്മെ സംരക്ഷിച്ചുകൊണ്ടിരിക്കും.