സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാൻ ശ്രീനിവാസന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. സിനിമ പ്രമോഷനു മുന്നോടിയായി ധ്യാൻ നൽകുന്ന അഭിമുഖങ്ങളെല്ലാം യൂട്യൂബിൽ ഹിറ്റായി മാറാറുണ്ട്. പോയവർഷം, ഏറ്റവും കൂടുതൽ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റർടെയിനർ അവാർഡ് ഉണ്ടെങ്കിൽ അത് ധ്യാനിനു കൊടുക്കാം. കാരണം, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.
ധ്യാനിന്റെ തിരുവനന്തപുരത്തെ ലക്ഷ്വറി ഫ്ളാറ്റിന്റെ ഇന്റീരിയർ കാഴ്ചകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സ് ആണ് ധ്യാനിന്റെ ഫ്ളാറ്റിന്റെ ഇന്റീരിയർ കാഴ്ചകൾ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നത്. വീട് അവതാരകയ്ക്കും ചാനൽ ക്രൂവിനുമായി തുറന്നുകൊടുത്ത് പുറത്തുപോവുന്ന ധ്യാനിനെയും വീഡിയോയിൽ കാണാം.
അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീതിന്റെയും വഴിയേ സിനിമയിലേക്ക് എത്തിയ ധ്യാൻ ഇന്ന് മലയാളത്തിലെ തിരക്കേറിയ ഒരു നടനാണ്. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാനിന്റെ സിനിമാപ്രവേശനം. കുഞ്ഞിരാമായണം, അടികപ്യാരെ കൂട്ടമണി, ഗൂഢാലോചന, കുട്ടിമാമ, സത്യം മാത്രമേ ബോധിപ്പിക്കൂ, സായാഹ്ന വാർത്തകൾ, വീകം, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങൾ ധ്യാനിന്റേതായി തിയേറ്ററുകളിൽ എത്തി. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായും ധ്യാൻ തുടക്കം കുറിച്ചു. നിർമ്മാണരംഗത്തും സജീവമാണ് ധ്യാൻ.
ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ആപ്പ് കൈസേ ഹോ എന്നിവയാണ് ധ്യാനിന്റെ പുതിയ ചിത്രങ്ങൾ. ആപ്പ് കൈസേ ഹോയിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ധ്യാനാണ്. “32 സിനിമകൾ ഇപ്പോൾ കമ്മിറ്റ് ചെയ്‌തിട്ടുണ്ട്. അടുത്ത നാലു വർഷത്തേക്ക് ഫുൾ ബുക്ക്ഡ് ആണ്. ഇതിനിടയിൽ അച്ഛൻ ചോദിച്ചാൽ പോലും സോറി ഡേറ്റില്ല എന്ന് പറയേണ്ടി വരും,” എന്നാണ് തന്റെ ഭാവി പ്രൊജക്റ്റുകളെ കുറിച്ച് ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കൈനിറയെ ചിത്രങ്ങളുമായി തിരക്കാണ് ഈ താരം ഇപ്പോൾ.