scorecardresearch
Latest News

മഴ നനഞ്ഞ് കാട്ടുവഴികളിലൂടെ; ധോണിയിലേക്കൊരു യാത്ര

സാഹസികരായ സഞ്ചാരികൾക്ക് പറുദ്ദീസക്കാഴ്ചകൾ സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ധോണി

മഴ നനഞ്ഞ് കാട്ടുവഴികളിലൂടെ; ധോണിയിലേക്കൊരു യാത്ര

കാടിന്റെ വന്യത ആസ്വദിച്ച് അടുത്തടുത്തു വരുന്ന വെള്ളച്ചാട്ടത്തിന്റെ ഉന്മാദ ആരവങ്ങൾക്ക് കാതോർത്ത്, മഴയത്ത് കാടിന്റെ പച്ചപ്പിലൂടെ നടക്കാൻ മോഹമുണ്ടോ, കാട്ടുവഴികളിലൂടെ ട്രെക്കിങ് നടത്താൻ? എങ്കിൽ പാലക്കാട് ജില്ലയിലെ ധോണിയിലേക്കാവാം യാത്ര. സാഹസികരായ സഞ്ചാരികൾക്ക് പറുദ്ദീസക്കാഴ്ചകൾ സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ധോണി.

പാലക്കാട് വനമേഖലയിലെ ഒലവക്കോട് റേഞ്ചിന് കീഴിലുളള സംരക്ഷിത വനമേഖലയാണ് ധോണി. ‘ധ്വനി’ എന്ന വാക്കിൽനിന്നാണ് ധോണി എന്ന പേരുണ്ടായത് എന്നാണ് പറയപ്പെടുന്നത്. കുറച്ചുനാൾ മുൻപു വരെ കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ അത്ര പ്രശസ്തി നേടിയിട്ടില്ലാത്ത ഒരിടമായിരുന്നു ധോണി. കാടും മേടും താണ്ടി ഇവിടെയെത്തിയ സഞ്ചാരികളിൽ നിന്നും കേട്ടറിഞ്ഞ് കൂടുതൽ സഞ്ചാരികൾ ഇപ്പോൾ ധോണിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്.

ഫോട്ടോ: വി.ജെ.രഞ്ജു

പാലക്കാട് നഗരത്തിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശമാണ് ധോണി. വനത്തിലൂടെയുളള ട്രക്കിങ്ങും വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ധോണി മലനിരകളിൽ നിന്നും പുറപ്പെടുന്ന വെള്ളച്ചാട്ടം ചെന്നവസാനിക്കുന്നത് മലമ്പുഴ ഡാമിലാണ്.

ഫോട്ടോ: വി.ജെ.രഞ്ജു

കല്ലുപതിച്ച നടപ്പാതകളിലൂടെ നടക്കുമ്പോൾ കണ്ണിനും മനസ്സിനും സാസ്ഥ്യം പകരുന്ന മനോഹരമായ കാഴ്ചകളാണ് ചുറ്റും. നടന്നു തളരുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനായി വഴിയരികിൽ ഇടയ്ക്ക് മുളങ്കസേരകളും നൽകിയിട്ടുണ്ട്.

മലയും കാടും താണ്ടി നാലു മണിക്കൂറോളം നീളുന്ന ട്രക്കിംഗ് ചെന്നവസാനിക്കുക മനോഹരമായ ധോണി വെള്ളച്ചാട്ടത്തിലാണ്. വെളളച്ചാട്ടത്തിന്റെ വശ്യതയാർന്ന സൗന്ദര്യം അതുവരെയുള്ള ക്ഷീണമെല്ലാം ഇല്ലാതാക്കും. വെളളച്ചാട്ടത്തിന് സമീപത്തായും മുളങ്കസേരകൾ നൽകിയിട്ടുണ്ട്. അവിടെയിരുന്നും വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വെളളച്ചാട്ടത്തിലെ വലിയ ഗർത്തങ്ങളിൽപ്പെട്ട് നിരവധിപേർ അപകടത്തിൽപ്പെട്ടിട്ടുള്ളതിനാൽ വെളളത്തിലേക്ക് ഇറങ്ങാൻ സന്ദർശകർക്ക് അനുവാദമില്ല. മഴക്കാലത്ത് ധോണി കുറച്ചു കൂടി രൗദ്രരൂപിണിയാവും.

ഫോട്ടോ: വി.ജെ.രഞ്ജു

”രാവിലെ 10.30 നും ഉച്ചയ്ക്ക് 1.30 നുമാണ് ട്രക്കിങ് തുടങ്ങുക. നാലര മണിക്കൂറാണ് ട്രക്കിങ്ങിന്റെ ദൈർഘ്യം. 10.30 നു പോകുന്ന സംഘം ഉച്ചയ്ക്ക് 1 ന് തിരിച്ചെത്തും. ഒന്നോ രണ്ടോ ഫോറസ്റ്റ് അംഗങ്ങൾ ഓരോ സംഘത്തിനും ഒപ്പമുണ്ടാകും. തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസങ്ങളിലും ട്രക്കിങ്ങിന് പോകാം. കാട്ടുത്തീ സമയത്ത് മാത്രമാണ് പ്രവേശകർക്ക് നിയന്ത്രണം ഏർപ്പെടുത്താറുളളത്. വേനൽക്കാലത്ത് തീ ഉണ്ടാകാനുളള സാധ്യത കൂടുതലായതിനാലാണ് ഇത്തരമൊരു നിയന്ത്രണം. ധോണി വെളളച്ചാട്ടം കാണാനെത്തുന്നവരെ വെളളത്തിൽ ഇറങ്ങാനോ കുളിക്കാനോ അനുവദിക്കില്ല. സമീപത്ത് നിന്ന് കാണാനേ അനുവദിക്കുകയുളളൂ. ധോണി വനമേഖല സംരക്ഷിത വനമാണ്. ആന, മാൻ, കടുവ തുടങ്ങി നിരവധി മൃഗങ്ങൾ ഈ വനമേഖലകളിലുണ്ട്. പക്ഷേ വളരെ അപൂർവമായി മാത്രമേ ട്രക്കിങ്ങിനിടയിൽ ഇവയെ കാണാൻ കഴിയാറുളളൂ,” ഒലവക്കോട് റേഞ്ച് ഓഫിസർ ഷെരീഫ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ഫോട്ടോ: വി.ജെ.രഞ്ജു

പാലക്കാട് ടൗണിൽനിന്നും ഏതാണ്ട് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധോണിയിലേക്ക് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ബസ് സർവീസ് ഉണ്ട്. ആഴ്ചയിൽ എല്ലാ ദിവസവും ട്രക്കിങ് സൗകര്യം ഇവിടെയുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 3 മണിവരെയാണ് പ്രവേശനം. ഒരാൾക്ക് 100 രൂപയാണ് പ്രവേശന ഫീസ്.

ഫോട്ടോ: വി.ജെ.രഞ്ജു

ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ധോണി മല. ട്രെക്കിങ്ങിനിടയിൽ അപൂർവയിനം സസ്യജന്തുജാലങ്ങളെ കാണാം. ചിലപ്പോഴൊക്കെ പുളളിപ്പുലി മുതൽ കാട്ടാനകൾവരെ ക്രോസിങ് ചെയ്യാറുണ്ടെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.

ഫോട്ടോ: പി.ഡി.ദിലീപ്
ഫോട്ടോ: പി.ഡി.ദിലീപ്
ഫോട്ടോ: പി.ഡി.ദിലീപ്
ഫോട്ടോ: പി.ഡി.ദിലീപ്
ഫോട്ടോ: ശശികിരൺ വൽസ്
ഫോട്ടോ: ശശികിരൺ വൽസ്
ഫോട്ടോ: ഹരിഹരൻ സുബ്രഹ്മണ്യൻ
ഫോട്ടോ: കെ.മുരളികൃഷ്ണൻ

മലമ്പുഴ വെള്ളച്ചാട്ടത്തിൽ നിന്നും മീൻവള്ളം വെള്ളച്ചാട്ടത്തിൽ നിന്നും നിബിഢവനത്തിലൂടെ ട്രക്കിങ് നടത്തിയും ധോണിയിലെത്തി ചേരാം. എന്നാൽ ഇതിനു ജില്ലാ ഫോറസ്റ്റ് ഓഫീസറിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങണം. പരിചയസമ്പന്നനായൊരു ഗൈഡും ട്രെക്കിങ് സംഘത്തിൽ ഉണ്ടാവേണ്ടതുണ്ട്.

Read more: പേളിയുടെയും ശ്രീനിഷിന്റെയും ഹിമാലയൻ ഹണിമൂൺ യാത്ര; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Dhoni hills in palakkad famous picnic spot