18 വർഷത്തെ നീണ്ട ദാമ്പത്യത്തിനൊടുവിൽ വിവാഹമോചിതരാകാൻ തയ്യാറെടുക്കുകയാണ് ധനുഷും ഐശ്വര്യ രജനീകാന്തും. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും വേർപിരിയുന്നതായി അറിയിച്ചത്.
“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം വളർച്ചയുടെയും, മനസ്സിലാക്കലിന്റെയും, പൊരുത്തപ്പെടുത്തലിന്റെയും, ഒത്തുപോകലിന്റെയും ആയിരുന്നു ആ യാത്ര. ഇന്ന് ഞങ്ങൾ നിൽക്കുന്നത് നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരിടത്താണ്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയിൽ നിന്ന് വേർപിരിയാനും വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കാനും തീരുമാനിച്ചു,” ധനുഷ് കുറിച്ചു.
താരദമ്പതിമാരുടെ വേർപിരിയൽ ആരാധകർക്ക് എപ്പോഴും വേദനാജനകമാണ്. പക്ഷേ, ധനുഷും ഐശ്വര്യയും വേർപിരിയുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്, പ്രത്യേകിച്ച് തെന്നിന്ത്യൻ സിനിമാലോകത്ത്. ഇരുവരുടെയും വിവാഹ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം.
2000 ലാണ് ധനുഷും ഐശ്വര്യയും പരിചയത്തിലാവുന്നത്. ആ സമയത്ത് ധനുഷ് തമിഴ് സിനിമയിൽ ഹിറ്റായി തുടങ്ങുന്ന കാലമാണ്. ധനുഷിന്റെ ‘കാതൽ കൊണ്ടേൻ’ സിനിമ കണ്ട ഐശ്വര്യയ്ക്ക് നടന്റെ അഭിനയം ഏറെ ഇഷ്ടമാവുകയായിരുന്നു. ധനുഷിന് അഭിനന്ദനം അറിയിച്ച് ഐശ്വര്യ പൂക്കൾ അയച്ചതായും, നന്ദി അറിയിക്കാൻ ഐശ്വര്യയെ ധനുഷ് ഫോൺ വിളിച്ചതായുമാണ് റിപ്പോർട്ടുകൾ.
അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാവുകയും 2004 ൽ വിവാഹിതരാവുകയും ചെയ്തു. ആറുമാസത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു.
വളരെ വിരളമായി മാത്രമേ ധനുഷും ഐശ്വര്യയും പൊതുപരിപാടികൾ ഒന്നിച്ച് പങ്കെടുക്കാറുണ്ടായിരുന്നുള്ളൂ. ഇവർക്ക് യത്ര, ലിംഗ എന്നീ രണ്ടു ആൺ മക്കളുണ്ട്.
Read More: ഐശ്വര്യയെ ചേർത്ത് പിടിച്ച് ധനുഷിന്റെ നൃത്തം, വീഡിയോ