ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം നേടാൻ സമീകൃതാഹാരം, ചർമ്മസംരക്ഷണ ദിനചര്യ, മതിയായ ഉറക്കം, ജലാംശം എന്നിവയെല്ലാം ഒരുപോലെ ആവശ്യമാണ്. ഇതെല്ലാം ചെയ്തിട്ടും, നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ?. ചിലപ്പോൾ നിങ്ങളുടെ ഭക്ഷണശീലങ്ങളാവാം ഇതിനു കാരണം.
ചില വ്യക്തികളിൽ മുഖക്കുരുവിന് കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. ഡെർമറ്റോളജിസ്റ്റ് ഡോ.അലേഖ്യ റല്ലാപ്പള്ളി ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. എല്ലാവരുടെയും ചർമ്മം ഒരുപോലെയല്ല. ചില ഭക്ഷണങ്ങൾ ചില വ്യക്തികളിൽ മുഖക്കുരു ഉണ്ടാക്കുമെന്ന് അവർ പറഞ്ഞു.
- ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ
- നിലക്കടല
- ഷെൽഫിഷ്
- ഉപ്പ്
- പഞ്ചസാര
- മിഠായി
- ഗ്ലൂട്ടൻ (സാധാരണയായി ബ്രെഡിലോ പാസ്തയിലോ കാണപ്പെടുന്നു)
- മദ്യം
- സോഡ
- റെഡ്മീറ്റ്
ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണ സ്രോതസ്സുകളായ പഞ്ചസാര അല്ലെങ്കിൽ പഞ്ചസാര പാനീയങ്ങൾ, വൈറ്റ് ബ്രഡ്, വൈറ്റ് റൈസ് മുതലായവക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അവർ പ്രത്യേകം നിർദേശിച്ചു. പഴങ്ങളും പച്ചക്കറികളും പ്രോട്ടീൻ സ്രോതസ്സുകളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതാഹാരത്തിന് മുൻഗണന നൽകുക. വൈറ്റ് റൈസോ മൈദയോ അടങ്ങിയ ദൈനംദിന ഭക്ഷണത്തിൽ മൈദയ്ക്ക് പകരം ഓട്‌സ്, മട്ട അരി, ക്വിനോവ, ബജ്‌റ, റാഗി തുടങ്ങിയ ആരോഗ്യകരമായ ധാന്യങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാമെന്ന് അവർ പറഞ്ഞു.