മലിനീകരണം, അന്തരീക്ഷ താപനില, കെമിക്കൽ ചികിത്സകൾ മുതൽ ശ്രദ്ധക്കുറവ് വരെ- തുടങ്ങി പല കാരണങ്ങളാൽ മുടി കേടായതും പൊട്ടുന്നതും ആകാം. കേടായതും പൊട്ടുന്നതുമായ മുടിയെ എങ്ങനെ സംരക്ഷിക്കുമെന്നോർത്ത് ഇനി വിഷമിക്കേണ്ടതില്ല. മുടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അവകാശപ്പെടുന്ന വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ, കേടായ മുടി സംരക്ഷിക്കുന്നതിനുള്ള ചില ലളിതമായ ടിപ്സുകൾ പങ്കുവച്ചിരിക്കുകയാണു ഡെർമറ്റോളജിസ്റ്റ് ഡോ.ആഞ്ചൽ പന്ത്.
കണ്ടീഷണറുകൾ, ഹെയർ സെറം എന്നിവ ഉപയോഗിച്ച് നേരിയ കേടുപാടുകൾ അല്ലെങ്കിൽ വരൾച്ച പരിഹരിക്കാൻ കഴിയും. മുടിയുടെ അറ്റം പിളർന്നിട്ടുണ്ടെങ്കിൽ, മുടി വളരുന്തോറും ട്രിം ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു.
ആറ് ആഴ്ച കൂടുമ്പോൾ മുടി ട്രിം ചെയ്യുക
മുടിയുടെ അറ്റം പിളരുന്നതും കേടായതുമായ മുടിയിൽ നിന്ന് മുക്തി നേടുന്നതിന് പതിവായി മുടി ട്രിം ചെയ്യാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇടയ്ക്കിടെ മുടി ട്രിം ചെയ്യുന്നത് അറ്റം പിളരുന്ന പ്രശ്നം ഒഴിവാക്കാൻ സഹായിക്കും. ഓരോ ആറാഴ്ച കൂടുമ്പോഴും മുടി ട്രിം ചെയ്യണം.
മുടി കഴുകിയശേഷം കണ്ടീഷണർ ഉപയോഗിക്കുക
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിനുശേഷം കണ്ടീഷണർ പ്രയോഗിച്ച് രണ്ട് മിനിറ്റ് വിടുക. അതിനുശേഷം നന്നായി കഴുകി കളയുക. “കണ്ടീഷണറുകളും ഹെയർ സെറവും ഉപയോഗിച്ച് നേരിയ കേടുപാടുകൾ അല്ലെങ്കിൽ വരൾച്ച പരിഹരിക്കാൻ കഴിയും,” ഡോ.പന്ത് പറഞ്ഞു.
ആഴ്ചയിലൊരിക്കൽ ഹെയർ മാസ്ക്
മുടി സംരക്ഷണ ദിനചര്യയിൽ ഹെയർ മാസ്ക് ഉൾപ്പെടുത്തുക. മുടി വൃത്തിയാക്കുന്നത് മുതൽ ആവശ്യമായ പോഷകങ്ങൾ നൽകുന്നത് വരെ – കേടായ മുടിയെ പരിപാലിക്കാൻ ഹെയർ മാസ്കുകൾ നല്ലതാണ്.
നനഞ്ഞ മുടിയിൽ ഹെയർ സെറം
ഡെർമറ്റോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, ഹെയർ സെറം മുടിയുടെ മിതമായ കേടുപാടുകളും വരൾച്ചയും നേരിടാൻ സഹായിക്കും. സെറത്തിന്റെ ഏതാനും തുള്ളി എടുത്ത് നനഞ്ഞിരിക്കുമ്പോൾ മുടിയിൽ പുരട്ടുക.