ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനായി നിങ്ങൾ ധാരാളം സമയവും പണവും ചെലവഴിക്കുന്നുണ്ടാകാം. എന്നാൽ കണ്ണുകളുടെ കാര്യത്തിലോ? അതിനായി സമയം നീക്കി വയ്ക്കാറുണ്ടോ? കണ്ണുകളുടെ ആരോഗ്യത്തെ അവഗണിക്കുന്നത് അവയ്ക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾക്ക് കാരണമാകുന്നു.
പക്ഷേ, വിലകൂടിയ ക്രീമുകൾ ഉപയോഗിക്കുന്നതിന് മുമ്പ്, എന്തുകൊണ്ടാണ് കറുത്ത വൃത്തങ്ങൾ ഉണ്ടാകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിദഗ്ധരുടെ അഭിപ്രായത്തിൽ, കറുത്ത വൃത്തങ്ങൾ സൗന്ദര്യ പ്രശ്‌നത്തേക്കാൾ പോഷകങ്ങളുടെ അഭാവത്തെ സൂചിപ്പിക്കാം.
“ചില പോഷകങ്ങളുടെ കുറവുകൾ കണ്ണിനു ചുറ്റും കറുത്ത വൃത്തങ്ങൾക്ക് കാരണമാകും. വിവിധ വിറ്റാമിനുകളുടെയും ഇരുമ്പിന്റെയും കുറവ് മൂലമാണ് ഇവ പ്രധാനമായും ഉണ്ടാകുന്നത്,” മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ഡെർമറ്റോളജി ഡോ. രാഹുൽ അറോറ പറഞ്ഞു.
ഇരുമ്പ്
ഇരുമ്പിന്റെ കുറവ് കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ രൂപപ്പെടാൻ ഇടയാക്കും. ഇരുമ്പിന്റെ കുറവ് വിളർച്ചയിലേക്ക് നയിക്കുന്നു ഒപ്പം കണ്ണുകൾക്ക് താഴെയുള്ള ചർമ്മം വിളറിയതായി കാണപ്പെടുന്നു,” വിദഗ്ധൻ പറഞ്ഞു. പച്ചക്കറികൾ, ചീര, പയർ, ബീൻസ്, പരിപ്പ്, വിത്തുകൾ, മട്ട അരി, ഗോതമ്പ്, ഡ്രൈഡ് പഴങ്ങൾ മുതലായവ ഇത് ഒഴിവാക്കാനായി കഴിക്കാം.
വിറ്റാമിൻ കെ
ഈ വൈറ്റമിൻ ചർമ്മസംരക്ഷണത്തിന്റെ പ്രധാന ഘടകമാണ്. പ്രത്യേകിച്ച് കറുത്ത വൃത്തങ്ങളെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. “വിറ്റാമിൻ കെയുടെ അഭാവം കണ്ണിന് ചുറ്റുമുള്ള നേർത്ത രക്തക്കുഴലുകളുടെ ദുർബലതയിലേക്ക് നയിക്കുന്നു. ഇലക്കറികൾ, ചീര, കോളിഫ്ലവർ, ബ്രൊക്കോളി, കാബേജ്, മത്സ്യം, മാംസം, മുട്ട എന്നിവ വിറ്റാമിൻ കെയുടെ നല്ല ഉറവിടങ്ങളാണ്.
വിറ്റാമിൻ ഇ
ഇത് നിങ്ങളുടെ ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കുന്നു. “നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ ഇ കുറവായിരിക്കുമ്പോൾ ചർമ്മത്തിന് മങ്ങലും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും ഉണ്ടാകാം. സൂര്യകാന്തി എണ്ണ, നിലക്കടല, ബദാം, സൂര്യകാന്തി വിത്തുകൾ, ചീര, ബ്രൊക്കോളി മുതലായവയിൽ നിന്ന് നിങ്ങൾക്ക് വിറ്റാമിൻ ഇ ലഭിക്കും.
വിറ്റാമിൻ സി
ചർമ്മത്തിന് തിളക്കം നൽകുന്ന പ്രകൃതിദത്ത പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി. “ഇത് കണ്ണിന് ചുറ്റുമുള്ള ഇലാസ്തികതയും കൊളാജനും നിലനിർത്തുകയും രക്തക്കുഴലുകൾക്ക് ശക്തി നൽകുകയും ചെയ്യുന്നു. ബ്രോക്കോളി, കോളിഫ്ലവർ, ചീര, തക്കാളി, ഉരുളക്കിഴങ്ങ്, നാരങ്ങ, സിട്രസ് പഴങ്ങൾ മുതലായവ വിറ്റാമിൻ സിയുടെ ഉറവിടങ്ങളാണ്.
വിറ്റാമിൻ എ
റെറ്റിനയുടെ ഉറവിടത്തിനാൽ വിറ്റാമിൻ എ ഒരു സ്റ്റാർ ആന്റി-ഏജിങ് പോഷകമാണ്. ഇത് ചുളിവുകൾക്കെതിരെ പോരാടാനും കൊളാജൻ ഉൽപാദനം വർധിപ്പിക്കാനും കണ്ണിന്റെ ഭാഗത്തെ ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താനും സഹായിക്കുന്നു. വൈറ്റമിൻ എ സ്വാഭാവികമായും കോഡ് ലിവർ ഓയിൽ, വെണ്ണ, പപ്പായ, തണ്ണിമത്തൻ, ആപ്രിക്കോട്ട്, മാങ്ങ മുതലായവയിൽ അടങ്ങിയിട്ടുണ്ട്.
“നിങ്ങളുടെ കണ്ണിന് ചുറ്റുമുള്ള ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും കറുത്ത വൃത്തങ്ങൾ തടയുന്നതിനും ഭക്ഷണത്തിലെ പോഷകങ്ങൾ വളരെ പ്രധാനമാണ്, ” ഡോ രാഹുൽ പറഞ്ഞു.