ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികൾ കൗതുകത്തോടെ ഉറ്റുനോക്കുന്ന ഫാഷൻ ഉത്സവമാണ് മെറ്റ് ഗാല. ഇത്തവണത്തെ മെറ്റ് ഗാലയിൽ തിളങ്ങിയ ബോളിവുഡ് താരങ്ങൾ പ്രിയങ്കയും ദീപികയുമായിരുന്നു. പ്രിയങ്കയുടെ ഫാഷൻ ലുക്കിന് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ദീപികയുടെ ബാർബി ഡോൾ ഗൗണിനെയും ലുക്കിനെയും പ്രശംസിക്കുകയാണ് ഫാഷൻ ലോകം.
ഡിസൈനർ സാക് പോസൺ ഡിസൈൻ ചെയ്ത ഇളം പിങ്ക് നിറത്തിലുള്ള ഗൗൺ ആയിരുന്നു ദീപികയുടെ വേഷം. മെറ്റ് ഗാലയ്ക്ക് വേണ്ടി ഒരുങ്ങുന്ന ദീപികയുടെ മേക്കപ്പ് സെക്ഷൻ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മെറ്റ് ഗാലയ്ക്ക് തലേദിവസം മാത്രമാണ് ദീപിക കാണുന്നത്. “ഇതൊരു ഡ്രസ്സല്ല, ആർട്ടാണ്,” എന്നായിരുന്നു ആദ്യമായി തന്റെ കോസ്റ്റ്യൂം കണ്ട ദീപികയുടെ പ്രതികരണം.
ഈ മെറ്റാലിക് പിങ്ക് നിറമുള്ള ലുറെക്സ് ജക്വാർഡ് ഗൗൺ പല ലെയറുകളായാണ് ഒരുക്കിയത്. സീ അർച്ചിൻ എന്ന കടൽജീവിയുടെ രൂപത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് നിർമ്മിച്ച മോട്ടിഫുകൾ ഗൗണിൽ ഉടനീളം തുന്നിപിടിപ്പിച്ചിരുന്നു. 480 ഓളം സീ അർച്ചിൻ രൂപങ്ങളാണ് ഗൗണിൽ ഉടനീളം തുന്നിപ്പിടിപ്പിച്ചത്. കൈ കൊണ്ട് തുന്നിയെടുത്ത ഈ രൂപങ്ങൾ പൂർത്തിയാക്കാൻ 160 മണിക്കൂറുകളോളമാണ് എടുത്തത്.
മേക്കപ്പ് ആർട്ടിസ്റ്റ് ആയ സന്ധ്യ ശേഖറാണ് ദീപികയുടെ ലുക്ക് ഒരുക്കിയത്. കോൺട്രാസ്റ്റ് ലുക്കിലുള്ള മെറ്റാലിക് പർപ്പിൾ കളറിലാണ് ഐ മേക്കപ്പ് നൽകിയത്. ഹെയർ സ്റ്റൈലിസ്റ്റായ ഗബ്രിയേൽ ജോർജിയോ ആണ് ദീപികയുടെ ഹെയർ ഡിസൈൻ ചെയ്തത്. അൽപ്പം ഉയർത്തി കെട്ടിയ പോണിടെയിൽ ഡിസൈൻ കൂടി ആയപ്പോൾ ഒരു ബാർബി ഡോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ദീപികയുടെ ലുക്ക്. “ഞാനിതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും അഡ്വഞ്ചറസ് ലുക്കാണിത്. എപ്പോഴും പരീക്ഷണങ്ങൾ ഞാനിഷ്ടപ്പെടുന്നു. കുറച്ച് റിസ്ക് ഇല്ലാതെ എന്തു ജീവിതം?’ എന്നായിരുന്നു മേക്കപ്പ് പൂർത്തിയായി കഴിഞ്ഞപ്പോൾ ദീപികയുടെ പ്രതികരണം.