ദീപിക പദുക്കോണിന് 32 വയസ്!!! വിശ്വസിക്കാന്‍ പ്രയാസം. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ലെന്നൊക്കെ നിസ്സംശയം പറയാം ദീപികയെക്കുറിച്ച്. കിംഗ് ഫിഷറിന്റെ മോഡല്‍ എന്ന നിലയല്‍ നിന്ന് പത്മാവതിയിലെ നായികവരെയുള്ള ദീപികയുടെ യാത്ര ഏറെ കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. ഓംശാന്തി ഓം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദീപിക ബോളിവുഡില്‍ സ്വന്തമിടമുറപ്പിച്ചു. അഭിനയരംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി കീഴടക്കി കഴിഞ്ഞു ഈ താരറാണി. ഫിറ്റ്‌നസ്സിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരാള്‍ കൂടിയാണ് ദീപിക. ദീപികയുടെ ആരോഗ്യ വിശേഷങ്ങള്‍ ഇങ്ങനെയൊക്കെ.

Deepika

ഫിറ്റ്നസ് ട്രെയ്നര്‍ യാസ്മിന്‍ കറച്ചിവാലയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഡയറ്റാണ് ദീപിക പിന്തുടരുന്നത്. ജങ്ക് ഫുഡും സ്പൈസി ഫുഡും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പോഷകങ്ങളും കാര്‍ബോഹൈഡ്രേറ്റും കൃത്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരിയാഹാരം ഇഷ്ടമാണെങ്കിലും നിയന്ത്രണമുണ്ട്. രാത്രിയില്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ക്കോ അരിയാഹാരത്തിനോ ദീപികയുടെ ഡൈനിംഗ് ടേബിളില്‍ സ്ഥാനമില്ല.

ഏറ്റവും പ്രാധാന്യം നല്‍കുന്നത് പ്രഭാത ഭക്ഷണത്തിനു തന്നെയാണ്. അതൊഴിവാക്കി ഒരു പരിപാടിക്കും ദീപികയെ കിട്ടില്ല. പകല്‍ സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് പോഷകങ്ങള്‍ അടങ്ങിയ ലഘു ഭക്ഷണങ്ങള്‍ കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കും.

Deepika

ഉച്ചയ്ക്കും വൈകിട്ടും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഷൂട്ടുള്ളപ്പോള്‍ കൂടുതലും വീട്ടില്‍ നിന്നുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ചപ്പാത്തി, വെജിറ്റബിള്‍സ്, പരിപ്പ്, സാലഡ് ഇവയാണ് പ്രധാന ഭക്ഷണം.

ദീപിക പദുക്കോണിന്റെ ഡയറ്റ് ചാര്‍ട്ട്

ബ്രേക്ക് ഫാസ്റ്റ് : കൊഴുപ്പ് കുറഞ്ഞ പാല്‍, രണ്ട് മുട്ടയുടെ വെള്ള അല്ലെങ്കില്‍ ദോശ, ഉപ്പ്മാവ് ഇവയില്‍ ഏതെങ്കിലും.

ലഞ്ച് : രണ്ട് ചപ്പാത്തി, വെജിറ്റബിള്‍സ്, ഗ്രില്‍ഡ് ഫിഷ്.

സ്നാക്സ്: ഫില്‍റ്റര്‍ കോഫി, നട്സ്

ഡിന്നര്‍ : വെജിറ്റബിള്‍സ്, ചപ്പാത്തി, ഫ്രെഷ് ഗ്രീന്‍ സാലഡ്.

ജ്യൂസ്: മാങ്കോ ജ്യൂസ്, ഗ്രേപ്പ് ജ്യൂസ്, തേങ്ങാവെള്ളം, ശുദ്ധജലം

ഫിറ്റ്‌നെസ്സ്, വ്യായാമം

ഫിറ്റ്‌നസ്സിന്റെ ഭാഗമായുള്ള വ്യായാമമുറകളും കൃത്യമായി പാലിക്കാറുണ്ട്. മനസിന്റെയും ശരീരത്തിന്റെയും ഉന്മേഷത്തിനായി ഒരു ദിവസം ഒട്ടേറെ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടാറുണ്ട് താരം.

ദിവസവും, യോഗ പ്രാക്ടീസ് ചെയ്യും. ജിമ്മിലെ വര്‍ക്കൗട്ടുകള്‍ക്ക് സമയം കണ്ടെത്താറുണ്ട്. സട്രെച്ചിങ് ചെയ്യും. വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാത്രിയില്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. ഡാന്‍സ് സ്റ്റുഡിയോയില്‍ പോയി ഡാന്‍സ് ചെയ്യാറുണ്ട്.

ദീപിക ജിമ്മില്‍ പോകാറുണ്ടെങ്കിലും മൂഡ് അനുസരിച്ച് വര്‍ക്കൗട്ടുകളില്‍ മാറ്റം വരാറുണ്ട്. നല്ല ദിവസമായി തോന്നിയാല്‍ ചിലപ്പോള്‍ കൂടുതല്‍ സമയം ജിമ്മില്‍ ചെലവിടും.

Deepika

മനസില്‍ എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ വര്‍ക്കൗട്ടില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അത്തരം അവസരങ്ങളില്‍ ആയാസമുള്ള പരിശീലനങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. ചിലപ്പോള്‍ ജിമ്മില്‍ തന്നെ പോയെന്നു വരില്ല.

ശരീരഭാരം കുറയ്ക്കുന്നതിന്റെയും ആകാരഭംഗി നിലനിര്‍ത്തുന്നതിന്റെയും ഭാഗമായി കാര്‍ഡിയോ എക്സര്‍സൈസും വെയ്റ്റ് ലിഫ്റ്റിങ് ട്രെയിനിങും മുടങ്ങാതെ ചെയ്യാന്‍ ദീപിക ശ്രദ്ധിക്കാറുണ്ട്. പിന്നെ വര്‍ഷങ്ങളായി ചെയ്യുന്ന യോഗയും നടത്തവും. ജിമ്മില്‍ പോകാത്ത ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ഇതിനായി ദീപിക സമയം കണ്ടെത്താറുണ്ട്.

Deepika

ഡാന്‍സാണ് താരത്തിന്റെ മറ്റൊരു ഇഷ്ടവിനോദം. മോഡലിങ് ചെയ്തിരുന്ന സമയം മുതല്‍ ഭരതനാട്യം, കഥക്, ജാസ് ഇവയൊക്കെ പരിശീലിച്ചിട്ടുണ്ട്. സന്തോഷവും ഫിറ്റനസ്സും ലഭിക്കാന്‍ ഡാന്‍സ് ഉത്തമമാണെന്ന് ദീപിക. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ചിട്ട വേണമെന്ന് നിര്‍ബന്ധമുള്ള ആളാണ് ദീപിക. ഒരു ദിവസത്തെ മുഴുവന്‍ കാര്യങ്ങളും നിശ്ചയിക്കുന്നതുപോലെ ചെയ്തു തീര്‍ക്കാറുണ്ട്. കൃത്യസമയത്ത് ഉറങ്ങാറുണ്ട്. രാവിലെ നേരത്തെ ഉണരും. പക്ഷേ, യാത്രകള്‍ വളരെ കുറച്ച് മാത്രമേ പോകാറൂള്ളൂ. അതും ഷൂട്ടിന്റെ ഭാഗമായിട്ടായിരിക്കും. പിന്നെ ഇഷ്ടം വായനയാണ്.

ചിത്രങ്ങൾ ഇൻസ്റ്റഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ