ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാൽക്കെയ്ക്ക് ഗൂഗിൾ ഡൂഡിലിന്റെ ആദരം. ദാദാ സാഹിബ് ഫാൽക്കെയുടെ 148-ാം പിറന്നാൾദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രം നൽകിയാണ് ഗൂഗിൾ ഡൂഡിൽ ആദരിച്ചിരിക്കുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ കലകളോട് ഫാൽക്കെയ്ക്ക് വളരെ താൽപര്യമായിരുന്നു. ഫോട്ടോഗ്രാഫി, ലിത്തോഗ്രാഫി, ആർക്കിടെക്ചർ, എൻജിനീയറിങ്, മാജിക് തുടങ്ങിയവ അദ്ദേഹം പഠിച്ചു. പെയിന്റർർ, ഡ്രാഫ്റ്റ്സ്മാൻ, നാടകങ്ങളുടെ സെറ്റ് ഡിസൈനർ, ലിത്തോഗ്രാഫർ തുടങ്ങിയ ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. ആലിസ് ഗൈ സംവിധാനം ചെയ്ത “ലൈഫ് ഓഫ് ക്രൈസ്റ്റ്” (1910) എന്ന നിശബ്ദ ചിത്രമാണ് ഫാൽക്കെയുടെ ജീവിതത്തെ മാറ്റിമറിച്ചത്. വെള്ളിത്തിരയിൽ ഇന്ത്യൻ ജീവിതം എന്തുകൊണ്ട് കൊണ്ടുവന്നുകൂട എന്ന് ചിന്തിച്ച അദ്ദേഹം സെസിൽ ഹേപ് വർത്തിൽ നിന്നും ചലച്ചിത്രനിർമ്മാണം പഠിക്കുന്നതിനായി ലണ്ടനിലേക്ക് പോയി.

1913ൽ നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ ദാദാ സാഹിബ് ഫാൽക്കെ “രാജാ ഹരിശ്ചന്ദ്ര” എന്ന ആദ്യ നിശബ്ദചിത്രം ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്തു. മോഹിനി ഭാസ്മസൂർ, സത്യവാൻ സാവിത്രി, ലങ്ക ദഹൻ, ശ്രീകൃഷ്ണ ജന്മ, കാളിയ മർത്തൻ തുടങ്ങി 130 ചിത്രങ്ങളോളം തന്റെ 19 വർഷത്തെ കരിയറിനിടയിൽ ഫാൽക്കെ
സംഭാവന ചെയ്തു.

ബ്രിട്ടീഷുകാരുടെ അസംതൃപ്തിയിലും ലോക മഹായുദ്ധങ്ങൾക്കിടയിലും, സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ അക്കാലത്ത് ലഭ്യമായിരുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 130 ചിത്രങ്ങൾ അദ്ദേഹം പൂർത്തിയാക്കി മികച്ച വിജയം നേടി. അതുവഴി ഇന്ത്യൻ സിനിമാ രംഗത്ത് താൻ കണ്ട സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചുവെന്ന്, ഫാൽക്കെയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ബന്ധു ശരയു ഫാൽക്കെ എഴുതിയ “ദി സൈലന്റ് ഫിലിം” എന്ന ബുക്കിൽ പറയുന്നു.

1932 ൽ ദാദാസാഹിബ് ഫാൽക്കെയുടെ അവസാനത്തെ നിശബ്ദചിത്രമായ സെറ്റുബൻദൻ പുറത്തിറങ്ങി. 1944 ഫെബ്രുവരി 16 ന് അദ്ദേഹം അന്തരിച്ചു.

1969 ൽ ഭാരത സർക്കാർ സിനിമാ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തി. ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും വിലപ്പെട്ട പുരസ്കാരമായാണ് ഇതിനെ കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook