ബാല്യകാല ഓർമകൾ തങ്ങിനിൽക്കുന്ന എന്തെങ്കിലും ഒന്ന് നമ്മുടെയൊക്കെ കൈവശമുണ്ടാകും. തിരക്കേറിയ ജീവിതത്തിനിടയിൽ ബാല്യകാല ഓർമകൾ പൊടിതട്ടിയെടുക്കാൻ ചില സമയങ്ങളിൽ അവ കാരണമാകാറുമുണ്ട്. ഇവിടെയിതാ ഹോങ്കോങ്ങിൽ തന്റെ ബാല്യകാല ഓർമകൾ നിറഞ്ഞ പഴയൊരു ബോട്ടിന് പുതുജീവൻ നൽകിയിരിക്കുകയാണ് ഒരാൾ.

ഗോൾഡൻ സ്റ്റാർ എന്നു വിളിച്ചിരുന്ന 762 സീറ്റുകളുളള ബോട്ട് 1988 ൽ ഓടി തുടങ്ങിയെങ്കിലും 2011 ൽ പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് ലേലത്തിൽ വിറ്റു. പക്ഷേ അജ്ഞാതനായ ഹോങ്കോങ്ങിലെ വ്യക്തിക്ക് ഈ ബോട്ടുമായി ആത്മബന്ധം ഉണ്ടായിരുന്നു. തന്റെ ബാല്യകാല ഓർമകൾ ഈ ബോട്ടുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയായിരുന്നു. അതിനാൽ തന്നെ അദ്ദേഹം ഈ ബോട്ട് വാങ്ങിക്കുകയും ഗ്ലാമറസ് വാരാന്ത്യ ഭവനമാക്കി പുതുക്കാനും തീരുമാനിച്ചുവെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

18 മാസത്തെ ജോലിക്കുശേഷം ആഡംബര ഹോട്ടലിനെ വെല്ലുന്ന തരത്തിൽ ബോട്ടിൽ രൂപമാറ്റങ്ങൾ വരുത്തി. ഡിഒടി എന്നറിയപ്പെടുന്ന ആഡംബര ബോട്ടിൽ 6,000 സ്ക്വയർ ഫീറ്റിലുളള ലിവിങ് സ്പെയ്സ് ഉണ്ട്. 8 അതിഥികളെ ഉൾക്കൊള്ളാവുന്ന തരത്തിൽ നാലു മുറികളുണ്ട്. രണ്ടു ഓഫീസ് മുറികൾ, ഒരു ഗ്യാലറി, വലിയ സലൂൺ, കിച്ചൺ, ഡൈനിങ് റൂം, തിയേറ്റർ എന്നിവയും ബോട്ടിലുളളതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.



തന്റെ മൂന്നു മക്കൾക്ക് വേണ്ടിയാണ് ബോട്ടിൽ രൂപമാറ്റങ്ങൾ വരുത്തിയതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബോട്ടിന്റെ ഉടമ പറഞ്ഞു. ഏകദേശം 19.7 കോടി രൂപയാണ് ആഡംബര ബോട്ടിനായ് ചെലവായതെന്നാണ് റിപ്പോർട്ട്.