ലിസ്ബൺ: റമസാനിലെ ഇഫ്താർ വിരുന്നുകൾക്കായി ഗാസ മുനമ്പിലെ ജനങ്ങൾക്ക് 1.5 ദശലക്ഷം ഡോളര്‍ (ഏകദേശം പത്തരക്കോടി രൂപ) സംഭാവനയായി നൽകി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാ‍ൾഡോ. പലസ്തീനോടുള്ള തന്റെ ആഭിമുഖ്യം പരസ്യമാക്കിയാണു യുവന്റസ് സൂപ്പർ താരം വൻതുക സംഭാവനയായി നൽകിയത്. ഇതാദ്യമായിട്ടല്ല റൊണാൾഡോ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നത്.

കുട്ടികളുടെ ഉന്നമനത്തെ മുന്‍നിറുത്തി നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഭാവിലോകത്തെ നിയന്ത്രിക്കേണ്ടത് കുട്ടികളാണെന്നും അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ലോകത്തെ സ്വാധീനിക്കുമെന്നും ഉറച്ചബോധ്യം അദ്ദേഹത്തിനുണ്ട്. കുട്ടികളുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ‘സേവ് ദി ചില്‍ഡ്രന്‍’ , ‘യൂണിസെഫ്’, ‘വേള്‍ഡ് വിഷന്‍’ എന്നീ സ്ഥാപനങ്ങളുടെ അംബാസിഡര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. ആങ്ങനെ ലോകവ്യാപകമായി കുട്ടികള്‍ക്കുവേണ്ടി സജീവമായ ഇടപെടല്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നു.

2011 ല്‍ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ അതു സ്വന്തമായി സൂക്ഷിക്കാതെ ലേലത്തിനു വയ്ക്കാന്‍ തയ്യാറായി 1.2 മില്യന്‍ പൗണ്ട് ആണ് ലേലത്തില്‍ ഗോള്‍ഡന്‍ ബൂട്ടിനു കിട്ടിയത്. ഒരു പൗണ്ട് ഏകദേശം 90 ഇന്ത്യന്‍ രൂപയാണ്. പാലസ്തീനിലെ ഗാസയില്‍ യുദ്ധം കൊണ്ട് തകര്‍ന്ന സ്കൂളുകളുടെ പുനരുദ്ധാരണത്തിനുവേണ്ടി പ്രസ്തുത തുക ക്രിസ്റ്റ്യാനോ നല്‍കി. 2013 ല്‍ അവാര്‍ഡായ ബാലണ്‍ ഡി ഓറോ ലേലത്തിനു വച്ചപ്പോള്‍ ലഭിച്ച അഞ്ചുലക്ഷത്തി മുപ്പതിനായിരം പൗണ്ട് അസുഖാധിതരായ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മാക്കേവിഷ് എന്ന സംഘടനയ്ക്ക് അദ്ദേഹം നല്‍കുകയുണ്ടായി.

2014 ല്‍ റയല്‍ മാഡ്രിഡിന്‍റെ 10-ാം ചാമ്പ്യന്‍ ലീഗ് ട്രോഫി കിട്ടിയപ്പോള്‍ പ്രതിഫലത്തിനു പുറമേ ബോണസ് കൂടി ലഭിച്ചു. നാലു ലക്ഷത്തി അമ്പതിനായിരം പൗണ്ടുണ്ടായിരുന്നു ബോണസ് തുക. ഇതു മുഴുവനും അദ്ദേഹം താന്‍ അംബാസിഡറായിരിക്കുന്ന മൂന്നു സംഘടനകള്‍ക്കായി വീതിച്ചു നല്‍കി.
2015-ൽ ഡു സംതിങ് ഏർപ്പെടുത്തിയ ഏറ്റവും കൂടുതൽ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന കായിക താരത്തിനുള്ള പുരസ്കാരത്തിനും റൊണാൾഡോ അർഹനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook