Covid-19 and Monsoon Diseases: Precautions: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കാലവർഷം ശക്തമാവുകയും ചെയ്യുകയാണ്. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന മൺസൂൺ ഇപ്പോൾ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലമായതിനാല്‍ ഈ വർഷം മൺസൂൺ കാലത്ത് അതീവ ശ്രദ്ധയും കരുതലും ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധരും സർക്കാരും മുന്നറിയിപ്പ് നൽകിയിരുന്നു.

Read More: ചെറുക്കാം കോവിഡിനെ, ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിച്ചാല്‍

മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനികൾ, ജലദോഷം പോലത്തെ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്കു സമാനമാണ്. അതിനാൽ തന്നെ കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.

നിർദേശങ്ങൾ

 • നനഞ്ഞ മാസ്കുകള്‍ ഒരു കാരണവശാലും ധരിക്കാന്‍ പാടുള്ളതല്ല. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്കുകള്‍ മാറ്റിവക്കുന്നതും നന്നല്ല.
 • പുറത്തു പോകുമ്പോള്‍ അധികം മാസ്കുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്
 • ഉപയോഗിച്ച മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്
 • നനഞ്ഞ മാസ്കുകള്‍ ഒരു സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ചു വക്കുക.
 • തുണികൊണ്ടുള്ള മാസ്കുകള്‍ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കുക. തുടർന്ന് ഇസ്തിരിയിട്ടു ഉപയോഗിക്കാവുന്നതാണ്.
 • ഉപയോഗശൂന്യമായ മാസ്കുകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കത്തിച്ചു കളയേണ്ടതാണ്.

Read More: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ

 • നനഞ്ഞ റെയിൻ കോട്ടുകൾ പ്രത്യേകമായി ഉണങ്ങാനിടുക.
 • നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. അതില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
 • ശരീരത്തില്‍ ഇറുകികിടക്കുന്ന വസ്ത്രങ്ങളോ ആഭരണങ്ങള്‍ ഉൾപ്പെടെയുള്ള വസ്തുക്കളോ ധരിക്കുന്നത് ഒഴിവാക്കുക. ഇറുകി കിടക്കുന്ന വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിച്ചാല്‍ വൈറസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
 • മൊബൈല്‍ ഫോണുകള്‍ ഐഡി കാര്‍ഡുകള്‍ പേഴ്സുകള്‍ തുടങ്ങിയവ ഇടയ്ക്കിടെ സാനിടൈസര്‍ ഉപയോഗിച്ചു അണുവിമുക്തമാക്കുക.
 • കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുക. നോട്ടുകളുടെ ഉപയോഗം കുറയ്ക്കുക.

Read More: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

 • പനിയോ ജലദോഷമോ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളുണ്ടെങ്കിൽ ഇ സന്ജീവി ഓണ്‍ലൈന്‍ ടെലി മെഡിസിന്‍ പ്ലാറ്റ്ഫോമിനെ ആശ്രയിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ തുടരേണ്ടതാണ്. രോഗശമനമില്ലെങ്കില്‍ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കണം.
 • ചികിത്സക്കായി ആശുപത്രികളില്‍ പോകുമ്പോള്‍ കഴിവതും രോഗിമാത്രം പോകാന്‍ ശ്രദ്ധിക്കുക.
 • കണ്ടൈന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വ്യക്തികളില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ ഫോണിൽ വിവരമറിയിക്കാം. അല്ലെങ്കിൽ ദിശയിലോ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ഫോണില്‍ ബന്ധപ്പെടാം. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചികിത്സക്കായി ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കുക.
 • മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം പോലുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook