സ്വന്തമായൊരു ബിസിനസ് എന്ന ആഗ്രഹമാണ് എൻജിനീയറിങ് മേഖലയിലെ ജോലി ഉപേക്ഷിച്ച് ചായ കച്ചവടം തുടങ്ങാൻ നാഗ്‌പൂരിലെ ദമ്പതികളെ പ്രേരിപ്പിച്ചത്. പുണെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറുകളായ നിതിൻ ബനിയാനിയും പൂജയും ഒരു മാസം 15 ലക്ഷത്തോളം രൂപയാണ് സമ്പാദിച്ചിരുന്നത്. പക്ഷേ ചായ കച്ചവടം തുടങ്ങാൻ തീരുമാനിച്ചതോടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ജോലി ഇരുവരും വേണ്ടെന്നു വച്ചു. നാഗ്‌പൂരിൽ സ്വന്തമായി ഒരു ചായക്കട തുടങ്ങി.

5 മാസങ്ങൾക്കു മുൻപാണ് നാഗ്‌പൂരിലെ സിഎ റോഡിൽ ഇരുവരും ചേർന്ന് ചായ് വില്ല എന്ന പേരിൽ ചായക്കട തുറന്നത്. പ്രതീക്ഷിച്ചതിനെക്കാൾ പെട്ടെന്നായിരുന്നു ബിസിനസ് വളർന്നത്. ഇവിടെ നിന്നും വ്യത്യസ്ത ചായകൾ കുടിക്കാനായി ഇപ്പോൾ പലരും ഈ കടയെ തേടിയെത്തുന്നുണ്ട്.

”15 തരം വ്യത്യസ്ത ചായകളും കോഫികളും ഇവിടെ വിൽക്കുന്നുണ്ട്. ഇതിനുപുറമേ വ്യത്യസ്ത തരത്തിലുളള സ്നാക്സുകളും ഇവിടെയുണ്ട്. വാട്സ്ആപ് പോലുളള സോഷ്യൽ മീഡിയ വഴി ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഓഫിസുകൾ, ബാങ്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ഓർഡറുകൾ അനുസരിച്ച് ചായ എത്തിക്കുന്നുണ്ട്” നിതിൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

”ഐബിഎം, കോഗ്നിസന്ത് പോലുളള കമ്പനികൾ 10 വർഷത്തോളം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഭാര്യയാണ് പറഞ്ഞത്. അങ്ങനെയാണ് ചായക്കട തുടങ്ങിയത്. ഇപ്പോൾ മാസം 5 ലക്ഷത്തോളം രൂപ സമ്പാദിക്കുന്നുണ്ട്”, നിതിൻ പറഞ്ഞു.

‘വ്യത്യസ്തമായ ചായകൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്. അതിനാൽതന്നെ ഈ കട എനിക്ക് വളരെ ഇഷ്ടമാണ്’, നിതിന്റെ ചായക്കടയിലെ ഉപഭോക്താവ് ഹൃതേഷ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ