/indian-express-malayalam/media/media_files/uploads/2018/07/travel-.jpg)
മനോഹരമായ സ്ഥലങ്ങളും രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വിദേശത്തേക്കൊരു സുഖവാസ യാത്ര എന്നത് ഏതൊരു സഞ്ചാര പ്രിയന്റെയും സ്വപ്നവുമാണ്. ലക്ഷങ്ങള്‍ ചെലവ് വരുന്ന യൂറോപ്യന്‍ യാത്രകളേക്കാള്‍ മനോഹരമായ, ഒരു ശരാശരി ഇന്ത്യക്കാരന് ബജറ്റില്‍ ഒതുങ്ങുന്ന തുകകൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന, ഇന്ത്യന്‍ രൂപയ്ക്ക് വളരെ മൂല്യമുള്ള അഞ്ച് മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു.
1. കംബോഡിയ: 1 രൂപ= 59.28 കംബോഡിയന്‍ റിയെല്‍
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ്’ നിലകൊള്ളുന്ന രാജ്യമാണ് കംബോഡിയ. നഗരത്തിരക്കുകള്‍ ഒട്ടുമില്ലാത്ത ഇവിടം ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്. മിക്കതിന്റെയും ചുമരുകളില്‍ ഇന്ത്യന്‍ പൗരാണിക കഥകളാണ് ചുമര്‍ശില്‍പങ്ങളായി സ്ഥാനം പിടിച്ചിട്ടുള്ളത്. അതില്‍ തന്നെ ബുദ്ധിസം കലര്‍ത്തിയ നിര്‍മാണങ്ങളുമുണ്ട്.
കോ കേര്‍ ക്ഷേത്രസമുച്ചയം, അങ്കോര്‍ വാറ്റിനോട് സാമ്യമുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ നിലയിലായ ബംഗ് മെലിയ, രാജാവിഹാര എന്ന താ പ്രോം, പൂര്‍ണ്ണമായും മണല്‍ക്കല്ലില്‍ മലയുടെ ആകൃതിയില്‍ നിര്‍മ്മിച്ച താ കെയോ എന്നിങ്ങനെ കാണാന്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ഒരുപാട് സ്ഥലങ്ങളുണ്ട് ഇവിടെ. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 59.28 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം.
നേപ്പാള്‍: 1 രൂപ= 1.60 നേപ്പാളി റുപ്പി
നമ്മുടെ അയല്‍ രാജ്യമായ നേപ്പാളിൽ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പറയാം. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് മൂല്യം. ഇന്ത്യക്കാര്‍ക്ക് വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങ്ങിന് താല്‍പര്യമുള്ള ആര്‍ക്കും ഇവിടേക്ക് വരാം.
അതു വെറുമൊരു ട്രക്കിങ് മാത്രമായിരിക്കില്ല. ആത്മാവിനെ തൊട്ടറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏകാകിയായി കടന്നുചെല്ലാവുന്ന സ്ഥലം കൂടിയാണ് നേപ്പാള്‍. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളിലുള്ളതെന്നതിനാല്‍ അവരുടെ കറന്‍സിയേക്കാള്‍ ഇന്ത്യന്‍ രൂപയെ ഇഷ്ടപ്പെടുന്നവരാണ് നേപ്പാളില്‍ കൂടുതലും. ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകളും നിഗൂഢതയില്‍ പൊതിഞ്ഞ യതിമനുഷ്യനുമൊക്കെ ആകര്‍ഷിക്കുന്ന നാടാണിത്.
ശ്രീലങ്ക: 1 രൂപ= 2.33 ശ്രീലങ്കന്‍ റുപ്പി
ഇന്ത്യയില്‍ നിന്ന് ഈ മരതകദ്വീപിന്റെ വശ്യത ആസ്വദിക്കാന്‍ പോകുന്ന സഞ്ചാരികളുടെ എണ്ണം കുറവല്ല. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഢതകളിലേക്ക് സ്വന്തമായി യാത്ര ചെയ്യാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ഒട്ടേറെയുണ്ട് സാഹസികരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. കരയിലെ ഏറ്റവും വലിയ മൃഗമായ ആനയോടും കടലിലെ രാജാക്കന്‍മാരായ തിമിംഗലത്തോടും സഞ്ചാരികള്‍ക്ക് ഇവിടെ കൂട്ടുകൂടാം. പാരമ്പര്യത്തെ കൂട്ടുപിടിച്ചുള്ള വികസനമാണ് ശ്രീലങ്ക പിന്തുടരുന്നത്. 2.33 ശ്രീലങ്കന്‍ റുപ്പിയാണ് ഒരു ഇന്ത്യന്‍ രൂപയ്ക്ക് ലഭിക്കുക.
ഹംങ്കറി: 1 രൂപ= 4.03 ഹംങ്കേറിയന്‍ ഫോറിന്റ്
മലനിരകളും മഞ്ഞുമലകളും തടാകങ്ങളും കൊണ്ട് സമ്പുഷ്ടമായ രാജ്യമാണ് ഹംങ്കറി. ബുഡാപെസ്റ്റിലെ ഗ്രേറ്റ് മാര്‍ക്കറ്റ് ഹാള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. മിസ്കോള്‍ച്ച് ടപോള്‍ക്കയെന്ന ഗുഹാ തടാകം ഏറെ പേരുകേട്ട ഇടമാണ്. ബലാട്ടണ്‍ തടാകവും ഹംങ്കറിയിലാണ്. 1 ഇന്ത്യന്‍ രൂപയ്ക്ക് 4.03 ഹംങ്കേറിയന്‍ ഫോറിന്റ് ആണ് മൂല്യം.
ഐസ്‍ലാന്‍ഡ്: 1 രൂപ= 1.53 ഐസ്ലാന്റിക് ക്രോണ
ചൂടുനീരുറവകള്‍, വെള്ളച്ചാട്ടങ്ങള്‍, ഗെയ്‌സര്‍ (ഉഷ്ണജലധാര അഥവാ മുകളിലേക്കു ചീറ്റിത്തെറിക്കുന്ന ചൂടു നീരുറവ) എന്നിവ കൊണ്ട് സമ്പന്നമാണ് ഐസ്‌ലന്‍ഡ്. ഇവിടുത്തെ ചൂടുനീരുറവകളില്‍ ആളുകള്‍ കുളിക്കാന്‍ എത്തുന്നു. ബ്ലൂ ലഗൂണ്‍, സീക്രെട്ട് ലഗൂണ്‍, ക്രോസ്സ്നെസ്ലോഗ് സ്പ്രിങ് പൂളുകളാണ് ഇവിടുത്തെ ആകര്‍ഷകമായ ഇടങ്ങള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.