പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ജനിതകം, ക്രമരഹിതമായ ജീവിതശൈലി ശീലങ്ങൾ, പോഷകാഹാരക്കുറവ്, അടിസ്ഥാനപരമായ രോഗാവസ്ഥകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുടിക്ക് കരുത്തു പകരാൻ കഴിയുന്ന ഹെയർ മാസ്‌കുകൾ, മസാജ്, നസ്യ എന്നിവ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഹെയർകെയർ സംവിധാനത്തിലൂടെ മുടികൊഴിച്ചിൽ തടയാൻ ആയുർവേദ വിദഗ്ധയായ ഡോ നിതിക കോഹ്‌ലി, നിർദ്ദേശിക്കുന്നു. “സ്ത്രീകൾ അവരുടെ മുടിയുടെ ശരിയായ സംരക്ഷണത്തിനായി ആയുർവേദത്തിലെ വിവിധ ചിട്ടകൾ പതിവായി പാലിക്കണം,” ഡോ.നിതിക ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
ഹെഡ് മസാജ്
എള്ളോ വെളിച്ചെണ്ണയോ കൊണ്ട് ആഴ്ചയിൽ രണ്ടുതവണയെങ്കിലും തലയോട്ടിക്ക് പോഷണം നൽകണം. എണ്ണമയമുള്ള തലയോട്ടി ഉള്ളവർ, കുളിക്കുന്നതിന് 30-60 മിനിറ്റ് മുമ്പ് എണ്ണ പുരട്ടുന്നത് നല്ലതാണ് വിദഗ്ധ പറയുന്നു.
ഹെർബൽ മാസ്കുകൾ
ഹെർബൽ മാസ്കിംഗ് ആയുർവേദ പ്രകാരം പ്രയോജനകരമാണ്. കാരണം ഹെർബൽ പേസ്റ്റ് മുടിക്കും തലയോട്ടിക്കും ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു. നിങ്ങളുടെ മുടി സംരക്ഷണ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ കഴിയുന്ന കുറച്ച് ഹെർബൽ മാസ്കുകൾ ഡോ നിതിക പങ്കുവെയ്ക്കുന്നു.
ഉലുവ ഹെയർ മാസ്ക്: ഏതാനും ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് നല്ല പേസ്റ്റാക്കി പൊടിച്ചുകൊണ്ട് ഈ മാസ്ക് തയ്യാറാക്കാം. മാസ്ക് നേരിട്ട് മുടിയിലോ തലയോട്ടിയിലോ പുരട്ടാം അല്ലെങ്കിൽ തൈരിൽ കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കിയശേഷം മുടിയിൽ പുരട്ടാം. “10-15 മിനിറ്റിനുശേഷം, സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് കഴുകുക. താരൻ കുറയ്ക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും, ”ഡോ.നിതിക പറഞ്ഞു.
നെല്ലിക്ക ഹെയർ മാസ്ക്: തൈരിനൊപ്പം 3:2:1 എന്ന അനുപാതത്തിൽ നെല്ലിക്ക, ശിക്കാക്കൈ, റീത്ത പൊടി എന്നിവ കലർത്തി ഇത് തയ്യാറാക്കാം. “മാസ്ക് തലയോട്ടിയിൽ പുരട്ടി 10-20 മിനിറ്റിനുശേഷം, സാധാരണ വെള്ളത്തിൽ കഴുകുക. ഇത് മുടി സ്വാഭാവികമായി വളരാൻ സഹായിക്കും, ”ഡോ നിതിക പറയുന്നു.
നസ്യം
ഇത് ഒരു പരമ്പരാഗത ആയുർവേദ രീതിയാണ്. അതിൽ ബദാം, തേങ്ങ എന്നിവയുടെ രണ്ട് തുള്ളി തൈലം / എണ്ണ ദിവസവും രണ്ട് നാസാരന്ധ്രങ്ങളിലും ഒഴിക്കുന്നു. “ഇത് മുടിയുടെ വേരുകളെ പോഷിപ്പിക്കുന്നതിനും തലയോട്ടിയിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനും മുടി വളർച്ചയെ പ്രാപ്തമാക്കുന്നതിനും സഹായിക്കുന്നു,” വിദഗ്ധ പറഞ്ഞു.
മുടി കൊഴിച്ചിൽ പല കാരണങ്ങളാൽ ഉണ്ടാകുന്നതാണെന്ന്, ഡോ നിതിക ചൂണ്ടിക്കാണിച്ചു. അതിനാൽ,പരിഹാരം എല്ലാവർക്കും അനുയോജ്യമായിരിക്കില്ല. “അതിനാൽ, വ്യക്തിഗതമാക്കിയ ഭക്ഷണ രീതികൾക്കും, വേഗതയേറിയതും സുസ്ഥിരവുമായ ഫലങ്ങൾ ലഭിക്കാനും ആരോഗ്യ വിദഗ്ധനെ സമീപിക്കണം,” ഡോ.നിതിക പറഞ്ഞു.