scorecardresearch
Latest News

കളിക്കാനും പഠിക്കാനും ഒരൊഴിവുകാലം

കുട്ടികൾ മുതിർന്നവരുടെ ലോകത്തു നിന്നും വളരെ ദൂരത്താണ്. ഭാവനയാണ് അവരുടെ ‘മെയിന്‍.’ അത് ദിനംപ്രതി വളർന്നു കൊണ്ടിരിക്കുകയുമാണ്‌

CoronaVirus: How to engage children during unexpected holiday for schools, Holiday Projects for kindergarten, Holiday Projects middle school students, Holiday Projects for high school students, Holiday Projects for toddlers, Holiday Projects for elementary stoduents, movies for children, books for children, aravind gupta, aravind gupta toys, aravind gupta experiments, aravind gupta videos, aravind gupta science experiments, aravind gupta science toys, കുട്ടികളുടെ പുസ്തകങ്ങള്‍, കുട്ടികള്‍ക്കുള്ള സിനിമകള്‍, അരവിന്ദ് ഗുപ്ത

CoronaVirus: How to engage children during unexpected holiday for schools: ലോകം മുഴുവൻ കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ കുട്ടികൾക്ക് എന്തു സംഭവിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. വുഹാനിലേയോ ഇറാനിലെയോ ഇറ്റലിയിലെയോ രോഗബാധിത പ്രദേശങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്ന ഈ അവസരങ്ങളിൽ അവിടെയുള്ള കുട്ടികളുടെ മാനസിക ആരോഗ്യം ഒരു വിഷയം തന്നെയാണ്. വീടിനുള്ളിൽ കഴിയേണ്ടി വരുന്നത് കുട്ടികളുടെ മാനസിക സമ്മർദ്ദം കൂട്ടാൻ ഇടയുണ്ട്. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിലും സ്‌കൂളുകൾ താൽക്കാലികമായി അടച്ചു പൂട്ടിയതോട് കൂടി ഒരാകസ്മിക അവധിക്കാലമാണ് നമ്മുടെ കുട്ടികള്‍ക്കും.

എല്ലാ താളവും തെറ്റിച്ചെത്തിയ ഈ അവധിക്കാലം പക്ഷേ ജാഗ്രതയുടെ കൂടിയായതിനാൽ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട് എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. നാലു മുതൽ പന്ത്രണ്ടു വയസ്സു വരെയെങ്കിലും പ്രായമുള്ള കുട്ടികളെ അതീവ പ്രാധാന്യത്തോടു കൂടി തന്നെ പരിഗണിക്കേണ്ടി വരും. കാലാവസ്ഥ മുതൽ കുട്ടികൾ ചിലവഴിക്കുന്ന സ്ഥലങ്ങളുടെ സാഹചര്യങ്ങൾ വരെ കണക്കിലെടുത്തു വേണം ഈ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ. കുട്ടികളുടെ ഒപ്പം അവരുടെ മനസ്സറിയുന്ന, ഏറെ സുരക്ഷിതത്വമുള്ള ഒരാളുടെ സാമീപ്യം വളരെ ആവശ്യമാണ്. അങ്ങനെയെങ്കിൽ ഈയൊരു കാലയളവ്‌ അവര്‍ ആസ്വാദ്യകരമാക്കാന്‍ പ്രയാസമുണ്ടാകാനിടയില്ല.

CoronaVirus: How to engage children during unexpected holiday for schools ? ചൂടും കൊറോണഭീതിയും

കേരളത്തിൽ മൊത്തത്തിൽ കാലാവസ്‌ഥ നല്ല ചൂടാണ്. മാത്രമല്ല കൊറോണ ഭീതി മൂലം പുറത്തേക്ക് പോകാനും കഴിയില്ല. അപ്പോൾ ഏറ്റവും ഉചിതമായ സ്ഥലം വീടിനുള്ളിൽ തന്നെയാണ്. വീടിനുള്ളിൽ കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള സൗകര്യം ഉണ്ടാകണം. കഴിയുന്നതും അവരുടെ ദിവസങ്ങള്‍ വിരസമാക്കാതെ കൊണ്ടു പോകാൻ കഴിയണം. അതിന് എന്തൊക്കെ ചെയ്യാൻ കഴിയും ?

ഉത്തരം പറയുന്നതിന് മുൻപ് ഓരോ കുട്ടിയും ഓരോ തരക്കാരാണ് എന്ന് മനസ്സിലാക്കിയിരിക്കണം, എല്ലാ കുട്ടികളും ഒരുപോലെ ചിന്തിച്ചു എന്നു വരില്ല. അതു കൊണ്ട് അവരെ നോക്കുന്നവർക്ക് മുഷിപ്പുണ്ടാകാനും സാധ്യതയുണ്ട്. ഈ അവധിക്കാലം കഴിയുന്നതും കുട്ടികൾക്കൊപ്പം തന്നെ ചിലവിടാൻ ശ്രമിക്കുക. അവർക്ക് നിങ്ങളോടൊപ്പം കിട്ടുന്ന ഓരോ നിമിഷവും പ്രിയപ്പെട്ടതാകും.

ആകസ്മികമായ ഒരു അവധിക്കാലം വന്നെത്തിയത്തിന്റെ സന്തോഷം കുട്ടികൾക്കുണ്ടെങ്കിലും അച്ഛനമ്മമാർ ജാഗരൂകരാണ്. ജോലിത്തിരക്കും മറ്റുമായി തുടരുന്ന അവര്‍ക്ക് അവർക്ക് ഒരു തരത്തില്‍ സമ്മര്‍ദ്ദം കൂടിയാണ് ഈ ആകസ്മിക അവധിക്കാലം. നേരത്തേ പ്ലാന്‍ ചെയ്തു വച്ചിരുന്നതെല്ലാം തെറ്റുമ്പോള്‍, അവര്‍ക്കും ടെന്‍ഷന്‍ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ ഇത് മാനേജ് ചെയ്തല്ലേ പറ്റൂ.

ഈ താത്കാലിക അവധിക്കാലത്തിനു വേണ്ടി വീടിനുള്ളിലെ കളിയും കാര്യവുമായി കൂടാനുള്ള ചെറിയ ചില പ്രവർത്തനങ്ങൾ ഇതാ. കുട്ടികളെ സന്തോഷിപ്പിക്കാനും രസിപ്പിക്കാനും ചിന്തിപ്പിക്കാനും പറ്റുന്ന ചില കാര്യങ്ങൾ. കൊറോണ കാലം ഒക്കെ കഴിയുമ്പോൾ കൂടുതൽ അവർക്ക് പുറത്തേക്ക് വളരാൻ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. അത് വരെ പരീക്ഷിക്കാന്‍…

ഭാവനയാണ് ‘മെയിന്‍’

കുട്ടികൾ മുതിർന്നവരുടെ ലോകത്തു നിന്നും വളരെ ദൂരത്താണ്. ഭാവനയാണ് അവരുടെ ‘മെയിന്‍.’ അത് ദിനംപ്രതി വളർന്നു കൊണ്ടിരിക്കുകയുമാണ്‌. അങ്ങനെയുള്ളപ്പോള്‍ അവരെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ അവർക്ക് എപ്പോഴും വേണ്ടി വരും. ജിജ്ഞാസ ഉണർത്തുന്ന കാര്യങ്ങൾ അവരെ പിടിച്ചിരുത്തും. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങള്‍ കണ്ടെത്തി അവരെ പരിചപ്പെടുത്തേണ്ട ചുമതലയുണ്ട് മുതിര്‍ന്നവര്‍ക്ക്.

അത് പോലെ തന്നെ ഒരു ചെറിയ വിഷയം എടുത്തു അതിന്‍റെ വിവിധ വശങ്ങള്‍ പരിചയപ്പെടുതലുമാകാം. ഉദാഹരണത്തിന് ഒരു ട്രക്കിനെയാണ് കുട്ടിക്ക് ഇഷ്ടമാകുന്നതെങ്കിൽ അതിനെ വെച്ച് കഥകളാകാം, അതിന്റെ സാങ്കേതികത പഠിപ്പിക്കാം, ട്രക്കുകൾ നിർമ്മിക്കാം, അതുമല്ലങ്കിൽ ട്രക്ക് ഓടിച്ചു കളിക്കാം. കുട്ടിക്ക് അതെല്ലാം ആവശ്യമാണ്.

മടുപ്പിക്കുന്നതൊന്നും അവര്‍ വെച്ചു പുറപ്പിക്കില്ല. അതു കൊണ്ട് ഓരോ പുതിയ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കണം.

അരവിന്ദ് ഗുപ്ത മോഡൽ

അരവിന്ദ് ഗുപ്ത ഒരു കളിപ്പാട്ട നിർമ്മാണ വിദഗ്ധനാണ്. ‘ടോട്ടോ ചാൻ’ എന്ന വിഖ്യാതമായ പുസ്തകം പ്രസിദ്ധീകരിക്കാൻ ശാസ്ത്ര സാഹിത്യ പരിഷത്തിനെ പ്രേരിപ്പിച്ചതും ഈ അരവിന്ദ് ഗുപ്തയാണ്. പാഴ് വസ്തുക്കളിൽ നിന്നും കൗതുകമുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന അദ്ദേഹം ശാസ്ത്രത്തെ അതിലളിതമായി തന്റെ കളിപ്പാട്ടങ്ങളിലൂടെ കുട്ടികളിൽ എത്തിക്കുന്നു.

തീർച്ചയായും ഈ അവധിക്കാലം യൂ ട്യൂബിൽ നിന്നും അരവിന്ദ് ഗുപ്‌തയുടെ കളിപ്പാട്ട നിർമ്മാണ പ്രവർത്തനങ്ങൾ കണ്ട് കുട്ടികൾക്ക് പഠിക്കാവുന്നതാണ്. അവരെ കൂടുതൽ ജിജ്ഞാസയുള്ളവരും കൗതുകക്കുട്ടികളും ആക്കി മാറ്റാൻ അതിനു സാധിക്കും.

വായനയുടെ വലിയ ലോകങ്ങൾ

ഒരുപക്ഷേ വായിച്ചു തുടങ്ങാൻ പറ്റിയ സമയം ഇതാണ്. കുട്ടികളുടെ പുസ്തകങ്ങൾ ധാരാളം പ്രസിദ്ധീകരിക്കപ്പെടുന്ന ഈ കാലത്ത് പുതുവായനകൾ അവരുടെ സ്വഭാവ രൂപീകരണത്തിന് കാരണമാകും. കുട്ടികളെ വായന പ്രോത്സാഹിപ്പിക്കുമ്പോൾ അവരുടെ ഇഷ്ടമേഖലകളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ആദ്യം കൊടുക്കുന്നതാണ് ഉചിതം.

പ്രദേശിക ഭാഷ, ദേശീയ കഥകൾ, രാജ്യാന്തര സാഹിത്യം എന്നിങ്ങനെ ഓരോ മേഖലയും അവരെ പരിചയപ്പെടുത്തണം. മലയാളത്തിലും ധാരാളം ബാലസാഹിത്യ കൃതികളുണ്ട്. അവ മിക്കതും പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചില പുസ്തകങ്ങൾ പരിശോധിക്കാം. ‘ഉണ്ണിക്കുട്ടന്‍റെ ലോകം’ എന്ന പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു

ചെടികളും തൊടികളും വേട്ടാളന്‍ കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ, ഉണ്ണിക്കുട്ടന്‍റെ ലോകം വളരുകയായി. അച്ഛനും അമ്മയും കുട്ടേട്ടനും അമ്മിണിയും, മുത്തച്ഛനും, മുത്തശ്ശിയും കുട്ടന്‍ നായരും സഹപാഠികളും അവന്‍റെ കിളിന്നു മനസ്സില്‍ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്‍റെ ലോകത്ത് ആയിരമായിരം വര്‍ണങ്ങള്‍ നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്‍റെ ഹൃദയത്തെ ഉമ്മ വെച്ചു. ഒരു കുരുന്നു ഹൃദയത്തിന്‍റെ ആഹ്ലാദത്തിന്റെ കുസൃതി തരിപ്പുകളുടെ, വിസ്മയങ്ങളുടെ കൊച്ചു കൊച്ചു ദുഖങ്ങളുടെ കഥയാണ് മനോഹരമായ ഈ നോവല്‍.

പുറം ചട്ടയിലെ ഈ വാക്കുകള്‍ സാര്‍ത്ഥകമാക്കുന്നതാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായവും. ഒരു കുട്ടി നോക്കിക്കാണുന്ന കാഴ്ചകളുടെ ഒരു വലിയ ലോകം നമുക്ക് മുന്നില്‍ വീണ്ടും വരികയാണ്. ‘ഒരു സ്വപ്നം കണ്ടു കൊണ്ടാണ് ഉണ്ണിക്കുട്ടന്‍ ഉണര്‍ന്നത്’ എന്നു തുടങ്ങി ‘അപ്പോള്‍ കാലം നീങ്ങുകയാണ് കാലത്തിനൊപ്പം ഉണ്ണിക്കുട്ടനും വളരുന്നു’ എന്ന വാചകത്തോടെ അവസാനിക്കുന്ന ഒരു ചെറിയ എന്നാല്‍ വലിയ ലോകം ഈ പുസ്തകത്തിലുണ്ട്.unnikuttante lokam, iemalayalam

ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കൊരു കുട്ടിയാകാന്‍ സാധ്യത നല്‍കുകയാണ് ‘നന്തനാര്‍.’ ഇതു പോലെ ‘ശിശിരത്തിലെ ഓക്ക് മരവും,’ ‘അമ്മപ്പശു’വിന്റെ കഥകളും ‘ഹാരി പോട്ടറും’ ഒക്കെ കുട്ടികളെ പെട്ടന്ന് സ്വാധീനിക്കും. ആദ്യം കഥ പറഞ്ഞും അഭിനയിച്ചും കുട്ടികളെ സ്വാധീനിക്കുക. അതിനു ശേഷം അവരെ വായിക്കാൻ പ്രേരിപ്പിക്കുക.

കഥകള്‍ വായിക്കാം ഐഇ മലയാളത്തില്‍

കഴിഞ്ഞ വേനലവധിക്കാലത്തും ക്രിസ്മസ് അവധിക്കാലത്തുമായി ഐഇ മലയാളം പ്രസിദ്ധീകരിച്ച അനേകം കുട്ടിക്കഥകളുണ്ട്. പ്രിയ എ എസ് എഴുതിയ കഥകളുടെ കൂടെ കഥ പറച്ചിലുമുണ്ട്.  അവയെല്ലാം വായിക്കാന്‍ താഴെ കാണുന്ന, കുട്ടികളുടെ പംക്തിയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

Click Here to check out ieMalayalam Children Section Here

കഥയെഴുത്തും കഥ പറച്ചിലും

കഥകള്‍ വായിക്കുന്നവര്‍ക്കാണ് നല്ല കഥാകാരാവാന്‍ സാധിക്കുക. എത്രയും വായിക്കുന്നോ, അത്ര തന്നെ നല്ല കഥകള്‍ എഴുതാന്‍ കഴിയും. കുട്ടികളോട് ചെറിയ കഥകള്‍ എഴുതാന്‍ ആവശ്യപ്പെടാം. മുതിര്‍ന്നവര്‍ക്കും അതില്‍ പങ്കാളികളാകാം. കഥ ഒരാള്‍ എഴുതി തുടങ്ങി, മറ്റൊരാള്‍ക്ക് അവസാനിപ്പിക്കാം. അല്ലെങ്കില്‍ ഒരേ ആശയത്തില്‍ രണ്ടു പേര്‍ കഥകള്‍ എഴുതട്ടെ. അതെങ്ങനെയുണ്ടാകും എന്ന് നോക്കാം.

കഥകള്‍ മാത്രമല്ല, എഴുത്തുകള്‍ എഴുതാം. ദൂരെയുള്ള ബന്ധുക്കള്‍ക്ക്, കൂട്ടുകാര്‍ക്ക് എന്നിങ്ങനെ ആര്‍ക്കും കത്തെഴുതാം. ഇമെയിലിന്റെ കാലത്ത് കത്തുകളുടെ വിലയും കുട്ടികള്‍ മനസ്സിലാക്കട്ടെ.

കുട്ടിപ്പാചകം

കുട്ടികളെ അടുക്കളയിലേക്കും ക്ഷണിക്കാം. അവർ പാചകവും പഠിക്കട്ടെ. ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരുപോലെ അടുക്കളകാര്യങ്ങള്‍ പഠിപ്പിക്കാം. കുട്ടികൾക്ക് അതു തീർച്ചയായും ഇഷ്ടപ്പെടും

കുട്ടിയുടെ പ്രായം അനുസരിച്ച്, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ കൊടുക്കുന്നതാവും ഉചിതം. വിവിധ തരം ജൂസുകള്‍, എളുപ്പത്തില്‍ ഉണ്ടാകാവുന്ന സ്നാക്കുകള്‍, ബ്രെഡ്‌ കൊണ്ടുള്ള സാന്‍ഡ്‌വിച്ച്, തുടങ്ങി എന്തുമാവാം. പുതിയ പരീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കാം. മുതിര്‍ന്നവരുടെ മേല്‍നോട്ടം വേണം എല്ലാറ്റിനും. കത്തി, തീ, വൈദ്യുതി തുടങ്ങിയവയുമായി കുട്ടികള്‍ ഇടപേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.

സിനിമ

ടി വിയിലെ കാര്‍ട്ടൂണ്‍ മാത്രം കാണാതെ, വീട്ടില്‍ ഇരുന്നു സിനിമ കാണാമല്ലോ. കുട്ടികളുടെ ക്ലാസിക് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ധാരാളം ലഭ്യമാണ്. അച്ഛന്റെയോ അമ്മയുടെയോ സഹായത്തില്‍ അവ ഡൌണ്‍ലോഡ് ചെയ്തു കാണാം. അല്ലെങ്കില്‍ അവരുടെ സാന്നിദ്ധ്യത്തില്‍ ഏതെങ്കിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോം വഴിയും കാണാം.

കണ്ട സിനിമകളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാം. അല്ലെങ്കില്‍ കാണാത്ത കൂട്ടുകാര്‍ക്ക് വേണ്ടി ഒരു കഥ പറച്ചില്‍ സെഷന്‍ ആവാം.

സ്ഥലപരിചയം

പുറത്തേക്ക് ഇറങ്ങാനുള്ള സാഹചര്യം ഇല്ലെങ്കിലും, പിന്നീട് നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളെ പറ്റിയൊക്കെ കുട്ടികളോട് സംസാരിക്കുക. അവർ ഈ ആകാംഷ വലിയ ഭാവനകളാക്കി മാറ്റും.

സ്ഥലത്തിന്‍റെ ചരിത്രം, സവിഷേതകള്‍, അവിടുത്തെ സംസ്കാരം, തുടങ്ങി എല്ലാം പരിചയപ്പെടുത്താം. അല്പം മുതിരന്ന കുട്ടികളോട് ഒരു ട്രാവല്‍ പ്ലാന്‍ ഉണ്ടാക്കാനും പറയാം.

വളര്‍ത്തുമൃഗങ്ങള്‍

ഒരു നായ്ക്കുട്ടിയുണ്ടാവാൻ ഏതൊരു കുട്ടിയാണ് ആഗ്രഹിക്കാത്തത്. എന്നാൽ എത്ര മുതിർന്നവർക്കാണ് അതൊക്കെ ഇഷ്ടമാകുക. നിങ്ങൾ കുട്ടിയായിരുന്നപ്പോൾ ഒരു നായ്ക്കുട്ടിയോടു കളിക്കാൻ ആഗ്രഹം തോന്നിയ കഥ മറന്നു പോയോ ? മുതിർന്നവരോട് കുട്ടികൾ അങ്ങനെ ചോദിച്ചാൽ അവർകൈമലർത്തും. അവർക്കിപ്പോൾ നായ്ക്കുട്ടികളെ ഇഷ്ടമല്ല. അവർ എപ്പോഴും കൂട്ടിയും കിഴിച്ചും ഇരിക്കുകയാണ്.

‘ഓയ് മഴ പെയ്യുന്നൂ ….ഓടി വാ,’ അങ്ങനെ മഴ പെയ്യുമ്പോൾ ഓടി വരുന്ന തൊട്ടുരുമ്മുന്ന ഒരു നായ്ക്കുട്ടി വേണം. അനുസരണയോടെ നടന്നു പോകുന്ന അല്പം ഗമയൊക്കെയുള്ള ഒരു നായ്ക്കുട്ടി. കുട്ടിയായിരുന്നപ്പോൾ ഒരു നായ്ക്കുട്ടി എപ്പോഴും അത്ഭുതമായിരുന്നു. ചിലപ്പോൾ അതിനെ സ്വന്തമാക്കാൻ വേണ്ടിയാണോ ജനിച്ചതെന്നു തോന്നിപ്പോകുമായിരുന്നു.

‘പെറ്റു’കള്‍ കുട്ടികള്‍ക്ക് ഉത്തരവാദിത്വം കൂട്ടും. അതേ സമയം തന്നെ അവയുടെ ശുചിത്വം, പ്രതിരോധകുത്തിവയ്പ്പ് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മുതിര്‍ന്നവര്‍ തന്നെ ചെയ്യണം. വളര്‍ത്തുമൃഗങ്ങളിലൂടെ പകരുന്ന അസുഖങ്ങളെക്കുറിച്ച് നല്ല ബോധ്യവും വേണം.

ഇങ്ങനെ ചെറിയ കാര്യങ്ങളിലൂടെ ഈ അവധിക്കാലം കുട്ടികൾക്ക് പരമാവധി പ്രയോജനം ചെയ്യട്ടെ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Coronavirus how to engage children during unexpected holiday for schools