കൊറോണ വൈറസ് ആഗോളത്തലത്തിൽ വ്യാപനമായതോടെ വീടിന്റെ സുരക്ഷയ്ക്കുള്ളിലേക്ക് ഒതുങ്ങാൻ നിർബന്ധിതരായിരിക്കുകയാണ് ലോകം. രോഗം മറ്റൊരാളിലേക്കോ രോഗബാധിതനായ ഒരാളിൽ നിന്ന് തിരിച്ചോ പകരേണ്ട എന്ന മുൻകരുതലിന്റെ ഭാഗം കൂടിയാണ് ഇത്. നല്ലൊരു ശതമാനം ആളുകളും വർക്ക് ഫ്രം ഹോം രീതിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എന്നാൽ മണിക്കൂറുകളോളം ഇരുന്നുള്ള ജോലി ശരീരചലനങ്ങളെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇരുന്ന് ജോലി ചെയ്യുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക- ഈ ദിനചര്യയിലേക്ക് ഒതുങ്ങുകയാണ് പലരുടെയും ദിവസങ്ങൾ.

ഈ ലോക്ഡൗണും വീട്ടിലിരിപ്പും ആളുകളിൽ സമ്മർദ്ദവും വിരസതയുമുണ്ടാക്കുന്ന ഒന്നാണ്. വളരെ തിരക്കേറിയ ജീവിതം നയിച്ചിരുന്ന ആളുകളെ സംബന്ധിച്ച് പലപ്പോഴും ഒന്നും ചെയ്യാനാവാതെ വീട്ടിലിരിക്കുന്ന അവസ്ഥ മാനസിക സമ്മർദ്ദങ്ങളിലേക്കും വഴിവെച്ചേക്കാം, ഒപ്പം ആരോഗ്യപ്രശ്നങ്ങളും. ഒന്നോ ആഴ്ചയോ ഈ അവസ്ഥ തുടർന്നാൽ ശരീരത്തിന് വേദനയും വഴക്കമില്ലായ്മയും മാനസിക പിരിമുറുക്കവുമായിരിക്കും ഫലം.

ചെറിയ ചെറിയ സ്ട്രെച്ചിംഗ് വ്യായാമങ്ങളിലൂടെ ശരീരം ഒരുപരിധി വരെ ആക്റ്റീവ് ആയി നിലനിർത്താൻ സാധിക്കും. ഓരോ തവണ സ്ട്രെച്ചിംഗ് ചെയ്യുമ്പോഴും ശരീരത്തിലെ രക്തയോട്ടം കുറയുകയും മസിലുകൾക്ക് ആയാസം ലഭിക്കുകയും ചെയ്യും. കുക്കിംഗിന് ഇടയിലോ ജോലിയ്ക്കിടയിലോ ഒക്കെ ഇവ ചെയ്യാവുന്നതേ ഉള്ളൂ. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ലളിതമായ ചില വ്യായാമങ്ങൾ നോക്കാം.

ഇരുന്ന് കൈനീട്ടി കാൽവിരലുകളിൽ തൊടുക

എല്ലാ തരം നടുവേദനയേയും ലഘൂകരിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ സ്ട്രെച്ചിംഗ് വ്യായാമങ്ങളിൽ ഒന്നാണിത്. ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക്, പെട്ടെന്ന് കുനിഞ്ഞ് ഒരു സാധനം എടുക്കുക എന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമായി വരാം. നിങ്ങൾ ചെയ്യേണ്ടത്, ഒരു ദിവസത്തെ ജോലികൾ പൂർത്തിയായി കഴിഞ്ഞാൽ നിലത്തിരുന്ന് നിങ്ങളുടെ ഒരു കാൽ നീട്ടി വെയ്ക്കുക. അടുത്ത കാൽ മടക്കി കാൽപാദങ്ങൾ നീട്ടിയ കാലിന്റെ തുടയിൽ സ്പർശിക്കുന്ന രീതിയിൽ വെയ്ക്കുക. ശേഷം, നിങ്ങളുടെ ശരീരത്തിന്റെ മുകൾഭാഗം താഴ്ത്തി കൈകൾ നീട്ടി നീട്ടിയ കാലിലെ വിരലുകളിൽ സ്പർശിക്കാൻ ശ്രമിക്കുക. വിരലുകളിൽ സ്പർശിക്കാനാവുന്നില്ലെങ്കിൽ പാദം സ്പർശിക്കാൻ ശ്രമിക്കുക. ശ്വാസം അകത്തേക്ക് എടുത്ത് 10 സെക്കന്റ് ഇങ്ങനെ തുടരുക. ശേഷം അടുത്തകാൽ നീട്ടിവെച്ച് ഇതുപോലെ തന്നെ ആവർത്തിക്കാം. ദിവസേന ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

stretching exercise

വാതിലിന്റെ സഹായത്തോടെ ഒരു സ്ട്രെച്ചിംഗ്

ഇതും വളരെ ലളിതമാണ്. ഒരു വാതിലിനു അഭിമുഖമായി വന്നു നിൽക്കുക, ശരീരം അയച്ചിടുക. കൈകൾ വാതിലിന്റെ ഫ്രെയിമിൽ വെയ്ക്കുക. കൈമുട്ട് 90 ഡിഗ്രിയിൽ പിടിക്കണം. കൈകൾ വെച്ചിടത്തു നിന്നും അനക്കാതെ ശരീരം മുന്നോട്ട് കൊണ്ടുവരിക. പിന്നെ അതുപോലെ തന്നെ പിറകിലോട്ടു കൊണ്ടുപോവുക. നെഞ്ചിനും കൈമുട്ടുകൾക്കും നല്ല ആയാസം ലഭിക്കുന്ന വ്യായാമമാണ് ഇത്.

stretching exercise door stretch

കഴുത്തിനും വേണം വ്യായാമം

മണിക്കൂറുകളോളം ലാപ്ടോപിന് മുന്നിൽ കുനിഞ്ഞിരിക്കുന്നത് കഴുത്തിന് വേദന നൽകും. ഈ വേദന താടിയെല്ലിലേക്കും തലയിലേക്കുമെല്ലാം പടരാം. ഇടയ്ക്കിടെ കഴുത്ത് ഉയർത്തി സീലിംഗിലേക്ക് നോക്കുന്നത് നല്ലതാണ്. അതുപോലെ കഴുത്തിനെ എല്ലാ ദിശകളിലേക്കും ഇടയ്ക്ക് തിരിക്കുന്നതും നല്ലൊരു സ്ട്രെച്ചിംഗ് വ്യായാമരീതിയാാണ്. ജോലി ചെയ്യുന്നതിനിടയിൽ തറയിലേക്കും വശങ്ങളിലേക്കുമെല്ലാം കഴുത്ത് തിരിച്ച് നോക്കാൻ ശ്രമിക്കുക.

stretching exercise

കഴുത്തിനൊപ്പം തന്നെ ഇടയ്ക്ക് ഷോൾഡറിനും വേണം വ്യായാമം. ഷോൾഡർ മുന്നോട്ടും പിന്നോട്ടും കറക്കുന്നത് തോളിലെ പേശികൾക്ക് ആയാസം നൽകും. അതുപോലെ വലതു കൈ ഉയർത്തി തലയ്ക്കു മുകളിലൂടെ ഇടതുചെവിയുടെ അടുത്തേക്ക് കൊണ്ടുവരുന്നതും ഇടതുകൈ ഉയർത്തി തലയ്ക്കു മുകളിലൂടെ വലതു ചെവിയുടെ അടുത്തേക്ക് കൊണ്ടുവരുന്നതും കൈകളിലെ പേശികൾക്കും നല്ലതാണ്. ഈ സ്ട്രെച്ചിംഗ് ഇടയ്ക്കിടെ ആവർത്തിക്കാം.

Read in English: Is your body feeling stiff? Try these simple stretches

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook