വാള്‍നട്ട് കഴിക്കുന്നത് സ്തനാര്‍ബുദത്തെ ചെറുക്കാന്‍ സഹായകമാകുമെന്ന് പഠനം. ന്യൂട്രീഷന്‍ റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസേന രണ്ട് വാള്‍നട്ട് വച്ച് രണ്ടാഴ്ച തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ സ്തനാര്‍ബുദത്തിന് കാരണമാകുന്ന ജീനുകളുടെ വളര്‍ച്ചയെ ഇത് ചെറുക്കും.

‘വാള്‍നട്ട് ഉപയോഗിക്കുക വഴി സ്തനാര്‍ബുദത്തിന് കാരണമാകുന്ന ജീനുകളുടെ വളര്‍ച്ചയുടെ വേഗതയും ചുണ്ടെലികളിലെ സ്തനാര്‍ബുദത്തിന്റെ സാധ്യതയും കുറച്ചു,’ യുഎസിലെ മാര്‍ഷന്‍ യൂണിവേഴ്‌സിറ്റിയിലെ ഡബ്ല്യൂ എലെയ്ന്‍ ഹാര്‍ഡ്മാന്‍ പറയുന്നു. ‘പഠനം പുരോഗമിക്കവെ, രോഗനിര്‍ണയം നടത്തിയവരില്‍ പോലും വാള്‍നട്ടിന്റെ ഉപയോഗത്താല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കാനാകുമെന്ന് ഞങ്ങളുടെ സംഘം കണ്ടെത്തി,’ അദ്ദേഹം പറഞ്ഞു.

സ്തനങ്ങളില്‍ മുഴകളുള്ള സ്ത്രീകളില്‍ ബയോപ്‌സി നടത്തുകയും അവരില്‍ പലര്‍ക്കും രണ്ടാഴ്ച തുടര്‍ച്ചയായി രണ്ട് ഔണ്‍സ് വാള്‍നട്ട് ദിവസേന നല്‍കുകയും ചെയ്തുകൊണ്ടാണ് പരീക്ഷണം നടത്തിയത്. ഇതില്‍ പലര്‍ക്കും പിന്നീടും ബയോപ്‌സി നടത്തുകയുണ്ടായി.

ഈ പരീക്ഷണങ്ങളില്‍ നിന്നാണ് വാള്‍നട്ട് സ്തനാര്‍ബുദത്തിന് ഔഷധമാണെന്ന നിരീക്ഷണത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook